സീതക്കും മക്കള്‍ക്കും തലചായ്ക്കാനൊരിടം വേണം അധികൃതര്‍ അറിയുന്നുണ്ടോ..?
മലയിന്‍കീഴ്: സുരക്ഷിതമായി തലചായ്ക്കാന്‍ ഇടമില്ലാതെ വിഷമത്തിലാണ് സീതയും മക്കളും.
കണ്ടല കാവിന്‍പുംറം റോഡരികത്തു വീട്ടില്‍ സീത(39), മക്കളായ കിരണ്‍കുമാര്‍ (18), ചാന്ദിനി (17), അഖില്‍ (15) എന്നിവരാണ് ജീവിത പ്രതിസന്ധിക്കു മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുന്നത്. ചിതലരിച്ചു തുടങ്ങിയ ഓലക്കീറുകള്‍ക്ക് കീഴില്‍ ഇടിഞ്ഞു വീഴാന്‍ തുടങ്ങിയ മണ്‍ചുമരുകള്‍ക്കു ഉള്ളിലാണ് ഇവരുടെ വാസം. യാതൊരു അടച്ചുറപ്പുമില്ലാതെ ഈ മണ്‍കുടിലില്‍ കുട്ടികള്‍ക്ക് എങ്ങനെ സുരക്ഷയൊരുക്കണമെന്ന് സീതക്കറിയില്ല. മിക്കപ്പോഴും ഉണര്‍ന്നിരുന്ന് നേരം വെളുപ്പിക്കലാണ് പതിവ്.
ഇവരുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുന്‍പേ ഉപേക്ഷിച്ചു പോയി. ഇപ്പോഴുളള ഈ കുടില്‍ അയാളുടെ പേരിലുള്ളതാണ്. ഇവിടെ നിന്നും എത്രയും പെട്ടെന്ന് മാറിക്കൊടുക്കണമെന്നാണ് ഭര്‍ത്താ വിന്റെ ബന്ധുക്കളുടെ ഇപ്പോഴത്തെ ആവശ്യം. മറ്റാശ്രയം ഒന്നുമില്ലാത്ത ഇവര്‍ എന്ത് ചെയ്യണമെന്നും എങ്ങോട്ടു പോകണമെന്നും അറിയാതെ വിലപിക്കുകയാണ്. മൂത്തമകനായ കിരണ്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ തുശ്ചമായ ശമ്പളത്തില്‍ ജോലിക്കു പോകുന്നതാണ് ആകെയുള്ള വരുമാനം. പ്ലസ് വണ്ണിന് പഠിക്കുന്ന ചാന്ദിനിയുടെയും ഒന്‍പതാം ക്ലാസ്സുകാരനായ അഖിലിന്റെയും പഠന ചിലവും വീട്ടുചിലവും കൂട്ടിമുട്ടിക്കാന്‍ പലപ്പോഴും കിരണിനു കഴിയാറില്ല.
ഒരു തുണ്ടു ഭൂമി പോലും സ്വന്തമായില്ലാത്ത ഇവരെ മണ്ണും വീടും പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പഞ്ചായത്തും തയാറായിട്ടില്ല. കൂട്ട ആത്മഹത്യയെന്ന ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടം സ്വപ്നം കാണുകയാണിവര്‍. ഭൂരഹിതരില്ലാത്ത കേരളം വാഗ്ദാനം ചെയ്യുന്നവര്‍ ഇവരുടെ കണ്ണീരൊപ്പാന്‍ കൂടി തയാറായെങ്കില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."