വീട്ടു ജോലിക്കാരനെ കൊന്ന് കിണറ്റില്‍ തള്ളിയതിനു പിന്നില്‍ സംശയവും വാക്കേറ്റവും വീട്ടുടമസ്ഥന്റെ അറസ്റ്റ് രേഖപ്പെടുത്തി
കിളിമാനൂര്‍ : വീട്ടു വേലക്കാരനെ കൊന്ന് കഷ്ണങ്ങളാക്കി കിണറ്റില്‍ തള്ളിയത് മനസില്‍ കൊണ്ടുനടന്ന സംശയവും പെട്ടെന്നുണ്ടായ വാക്കുതര്‍ക്കവും മൂലമെന്ന് പൊലിസ്. സംഭവത്തില്‍ വീട്ടുടമസ്ഥന്‍ കിളിമാനൂര്‍ പുളിമ്പള്ളിക്കോണം ഉഴുന്നുവിള വീട്ടില്‍ മണികണ്ഠന്‍ എന്നറിയപ്പെടുന്ന യതി രാജി(65) ന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു.
പുളിമ്പള്ളിക്കോണം പാലക്കുന്ന് കോളനിയില്‍ രവി (55) ആണ് കൊല്ലപ്പെട്ടത്. മണികണ്ഠനൊപ്പം ഉഴുന്നുവിള വീട്ടില്‍ ആയിരുന്നു കൊല്ലപ്പെട്ട രവി താമസിച്ചു വന്നത് .കഴിഞ്ഞ 12 വര്‍ഷമായി രവി ഇവിടെ ജോലിക്കാരനായിരുന്നു. സ്വന്തം വീട് തൊട്ടടുത്ത് തന്നെയാണെങ്കിലും കഴിഞ്ഞ അഞ്ചുവര്‍ഷമായി രവി അവിടെ പോകാറില്ലായിരുന്നു. മണികണ്ഠന്റെ വീട്ടിലെ ജോലികള്‍ ചെയ്യുന്നതിനൊപ്പം മറ്റു കൂലി പണികള്‍ക്കും പോകും.
ഒരു മുറി പൂട്ടിയതിനെ ചൊല്ലിയും താക്കോല്‍ നല്‍കാത്തതിനെ ചൊല്ലിയും തിങ്കളാഴ്ച്ച മണികണ്ഠനും രവിയും തമ്മില്‍ വഴക്കു നടന്നുവെന്ന് പൊലിസ് പറയുന്നു. വീട്ടില്‍ നിന്നും ഇറങ്ങി പോകാനും മണികണ്ഠന്‍ രവിയോട് പറഞ്ഞുവത്രെ .രവിയേയും മണികണ്ഠന്റെ ഭാര്യയെയും ചേര്‍ത്ത് നാട്ടുകാര്‍ അപവാദം പറഞ്ഞു പരത്തിയിരുന്നു .ഇതുമായി ബന്ധപെട്ട് ഏതാനും വര്‍ഷം മുമ്പ് മണികണ്ഠന്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കുകയും തുടര്‍ന്ന് ഭാര്യ പൊലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നുവത്രേ. കഴിഞ്ഞ ദിവസം വഴക്കും ഈ പകയും കൊലപാതകത്തിനു കാരണമായെന്നാണ് പൊലിസ് നിഗമനം. വഴക്കു നടന്ന തിങ്കളാഴ്ച്ച രാത്രിയാണ് കൊലപാതകം നടത്തിയത്. ഉറങ്ങി കിടന്ന രവിയെ കോടാലി കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു.കൊലപ്പെടുത്തിയ ശേഷം മുറിക്കകത്തിട്ടു കത്തിക്കുന്നതിനു ശ്രമം നടത്തി .കത്തിച്ചാല്‍ പുകയും മറ്റും വന്ന് നാട്ടുകാര്‍ അറിയും എന്ന് മനസിലാക്കി അതുപേക്ഷിച്ചു. മൃതദേഹം ഒറ്റക്കെടുത്ത് ഉയര്‍ത്താന്‍ കഴിയാത്തതിനാല്‍ കോടാലി ഉപയോഗിച്ച് പല കഷ്ണങ്ങളാക്കി. ശേഷം വീടിനോടു ചേര്‍ന്ന് ഉപയോഗിക്കാതെ കിടക്കുന്ന കിണറ്റില്‍ തള്ളുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
ഈ സമയം മണികണ്ഠന്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. ഭാര്യ മകളോടൊപ്പം തിരുവനന്തപുരത്തും മകന്‍ ജോലിസ്ഥലത്തും ആയിരുന്നു .ചൊവ്വാഴ്ച പകല്‍ അയല്‍പക്കത്തുള്ള സ്ത്രീ കറിവേപ്പില പറിക്കുന്നതിന് എത്തിയപ്പോള്‍ രക്തത്തിന്റെ രൂക്ഷ ഗന്ധം അനുഭവപെട്ടു. തുടര്‍ന്ന് വീട്ടുപരിസരത്തു നടന്നു നോക്കിയപ്പോള്‍ രക്തവും കിണറ്റില്‍ എന്തോ പൊങ്ങി കിടക്കുന്നതു കാണുകയും ചെയ്തു.വിവരം നാട്ടുകാരെയും പഞ്ചായത്ത് മെമ്പറെയും പൊലിസിനെയും അറിയിക്കുകയുമായിരുന്നു .പൊലിസ് എത്തുമ്പോള്‍
മണികണ്ഠന്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. ആറ്റിങ്ങല്‍ ഡി .വൈ .എസ്. പി അജിത്ത് കുമാര്‍, കിളിമാനൂര്‍ സി .ഐ സുരേഷ് എന്നിവരടങ്ങിയ സംഘം അപ്പോള്‍ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണം വേണമെന്നു കണ്ടാല്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ ചുമതലയുള്ള കിളിമാനൂര്‍ സി .ഐ സുരേഷ് പറഞ്ഞു . രവിയുടെ മൃതദേഹം പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."