നെഹ്‌റു ശിശുക്കളെ സ്‌നേഹിച്ചെങ്കില്‍ മോഡി സ്‌നേഹിക്കുന്നത് പശുക്കളെയെന്ന്
ഗുരുവായൂര്‍ : രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി ശിശുക്കളെ സ്‌നേഹിച്ചിരുന്നയാളാണെങ്കില്‍ ഇപ്പോഴത്തെ പ്രധാനമന്ത്രി പശുക്കളെ സ്‌നേഹിക്കുന്നയാളാണെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍. മുന്നൊരുക്കങ്ങളൊന്നും കൂടാതെ മോദി നോട്ട് അസാധുവാക്കുകയും ജി.എസ്.ടി നടപ്പിലാക്കുകയും ചെയ്ത പോലെയാണ് ഉമ്മന്‍ ചാണ്ടിയും സുധീരനും മദ്യ നിരോധനം നടപ്പിലാക്കിയതെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
സമരപ്രഖ്യാപന ജാഥക്ക് ഗുരുവായൂരില്‍ നടന്ന സ്വീകരണ ചടങ്ങിന് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ്. പശുക്കളെ കുറിച്ച് വാചാലനാകുന്ന പ്രധാനമന്ത്രിക്ക് താന്‍ നിയോഗിച്ച മുഖ്യമന്ത്രിയുടെ നാട്ടിലെ ശിശുക്കളുടെ കൂട്ടമരണത്തില്‍ പ്രതികരിക്കാന്‍ ഏഴ് ദിവസം വേണ്ടി വന്നുവെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. ലോകം അംഗീകരിച്ച മദര്‍ തെരേസയുടെ കാരുണ്യ സ്ഥാപനങ്ങള്‍ക്കുള്ള അനുമതിയും ഇപ്പോള്‍ നിഷേധിച്ചിരിക്കുകയാണ്. ഭാരതീയത പറഞ്ഞ് അധികാരത്തിലെത്തിയവര്‍ ഇപ്പോള്‍ രാജ്യത്തെ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് തീറെഴുതുകയാണെന്നും ആരോപിച്ചു. തൊഴില്‍ സുരക്ഷ നല്‍കുന്ന നിയമങ്ങളെല്ലാം ഇല്ലാതാക്കുകയാണ്. ബി.ജെ.പിയെ നേരിടാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കമെന്നും ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ദുര്‍ബലമായപ്പോള്‍ ആ സ്ഥാനത്തേക്ക് എത്തിയത് ബി.ജെ.പിയാണെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഓര്‍ക്കണം. മുന്നൊരുക്കങ്ങളില്ലാതെ മദ്യ നിരോധനം നടപ്പാക്കിയത് മയക്കുമരുന്ന് മാഫിയയെ സൃഷ്ടിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെ.പി.സി.സി അധ്യക്ഷന്‍ സുധീരനും ഇക്കാര്യത്തില്‍ വീഴ്ച പറ്റി. മദ്യനിരോധനം അപ്രായോഗികമാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. അതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കുന്നത് രാജ്യത്തിന്റെ വികസനം തടസപ്പെടണമെന്ന് ആഗ്രഹിക്കുന്ന വിദേശ ശക്തികളാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. കെ.പി.സി.സി എക്‌സിക്യുട്ടീവ് അംഗം പി.കെ അബൂബക്കര്‍ ഹാജി, ഡി.സി.സി ജനറല്‍ സെക്രട്ടറി പി.കെ രാജന്‍, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി, എം.എസ് ശിവദാസ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."