ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന് ലോകായുക്തയുടെ അറസ്റ്റ് വാറണ്ട്
തൃശൂര്‍: ആമ്പല്ലൂര്‍ കല്ലൂര്‍ ആലിക്കല്‍ കണ്ണംകുറ്റി ക്ഷേത്രത്തില്‍ നിന്നും മൂന്നര കോടിയുടെ കളിമണ്ണ് കടത്തിയ സംഭവത്തില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെതിരായ ഹരജിയില്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന് ലോകായുക്തയുടെ അറസ്റ്റ് വാറണ്ട്. ജസ്റ്റിസ് പയസ് സി കുര്യാക്കോസ്, ജസ്റ്റിസ് എ കെ ബഷീര്‍ എന്നിവരടങ്ങുന്ന ലോകായുക്ത ഡിവിഷന്‍ ബഞ്ചിന്റെതാണ് ഉത്തരവ്. സിറ്റി പോലീസ് കമ്മീഷണറോടാണ് അറസ്റ്റിന് നിര്‍ദേശിച്ചിരിക്കുന്നത്. ക്ഷേത്രം ഭരണസമിതി പ്രസി. സുനില്‍കുമാറിനെ അറസ്റ്റ് ചെയ്യാന്‍ പുതുക്കാട് എസ് ഐക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇരുവര്‍ക്കും ജാമ്യമനുവദിക്കാവുന്ന അറസ്റ്റ് വാറണ്ടാണ് പുറപ്പെടുവിച്ചിട്ടുള്ളത്. പൊതു പ്രവര്‍ത്തകന്‍ പി എന്‍ മുകുന്ദന്റെ ഹരജിയിലാണ് നടപടി. 201415 കാലഘട്ടത്തിലും നെല്‍കൃഷി ചെയ്തിരുന്നതും സബ്‌സിഡി ആനുകൂല്യം നേടിയിരുന്നതുമായ പാടശേഖരത്തില്‍ കുളം നിര്‍മാണത്തിന്റെ മറവില്‍ അനുമതിയില്ലാതെ കളിമണ്ണ് കടത്തിയെന്ന് ആരോപിച്ചാണ് പരാതി.
മൂന്നര കോടിയോളം രൂപയുടെ വ്യവഹാരം നടന്നതായി ഹരജിക്കാരന്‍ ആരോപിക്കുന്നു. നിലം കുഴിക്കുന്നതിനോ മണ്ണ് കടത്തുന്നതിനോ യാതൊരു അനുമതിയും ഇല്ലാതിരിക്കെ അനധികൃതമായാണ് നടപടിയെടുത്തതെന്ന് വ്യക്തമാക്കി ഹരജിക്കാരന്‍ നിരവധി തവണ പരാതി നല്‍കിയിരുന്നു.
വിചാരണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ പരാതിയില്‍ 18 മാസമായിട്ടും നടപടിയെടുക്കാതെ കാലതാമസം വരുത്തുകയും ചുമതലാ നിര്‍വഹണത്തില്‍ കലക്ടര്‍ വീഴ്ച വരുത്തിയെന്നും ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്. നോട്ടീസയച്ചിട്ടും നേരില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചിട്ടും പാലിക്കാത്ത സാഹചര്യത്തിലാണ് കലക്ടര്‍ക്കെതിരെ അറസ്റ്റ് ഉത്തരവ് പുറപ്പെടുവിച്ചത്. സെപ്തം: ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും. അതേസമയം, നേരിട്ടു ഹാജാരാകാനുളള ലോകായുക്ത നോട്ടീസ് കലക്ടറേറ്റില്‍ ലഭിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്‍ അറിയിച്ചു. നേരിട്ട് ഹാജരാകാനോ കാര്യവിവര പത്രിക സമര്‍പ്പിക്കാനോ കഴിയാതെ വന്നത് അതുകൊണ്ടാണ്. ലോകായുക്ത മുമ്പാകെ ഹാജരാകാത്തതിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തില്‍ വാറണ്ട് പിന്‍വലിക്കാന്‍ കോടതിയോട് അപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുകുന്ദപുരം താലൂക്ക് കല്ലൂര്‍ വില്ലേജ് സര്‍വേയിലെ പാടത്തും തൊട്ടടുത്തെ നിലം തരത്തിലുമുള്ള ഭൂമിയില്‍ കുളം നിര്‍മിച്ചത് നിയമവിധേയമല്ലെന്നും അവിടെ കളിമണ്ണ് ഖനനം നടത്തുകയാണെന്നും സൂചിപ്പിച്ച് ടി എന്‍ മുകുന്ദന്‍ പരാതി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് സ്ഥലപരിശോധന നടത്തി നടപടി സ്വീകരിച്ചു വരികയായിരുന്നുവെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."