അതിര്‍ത്തിയിലെ റോഡ് നിര്‍മാണം വേഗം പൂര്‍ത്തിയാക്കാന്‍ കേന്ദ്ര നിര്‍ദേശം
ന്യൂഡല്‍ഹി: സിക്കിം അതിര്‍ത്തിയില്‍ ദോക്‌ലാം മേഖലയെചൊല്ലി ഇന്ത്യാ-ചൈനാ സൈന്യം മുഖാമുഖം നില്‍ക്കുന്നതിനിടയില്‍ അതിര്‍ത്തിയില്‍ തുടരുന്ന റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കാന്‍ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
റോഡ് നിര്‍മാണം നീളുന്നതില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച പ്രതിരോധ മന്ത്രാലയം നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന് കൂടുതല്‍ അധികാരം നല്‍കി. ഭരണപരമായും സാമ്പത്തികമായുമുള്ള പ്രത്യേക അധികാരങ്ങളാണ് കഴിഞ്ഞ ദിവസം നല്‍കിയത്.
ഇന്ത്യാ ചൈനാ അതിര്‍ത്തിയിലെ റോഡ് നിര്‍മാണം വൈകുന്നതില്‍ കംപ്‌ട്രോളര്‍ ആര്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിമര്‍ശനം നടത്തി ഒരു മാസത്തിന് ശേഷമാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം. ബി.ആര്‍.ഡിയുടെ നേതൃത്വത്തില്‍ 3,409 കി.മീ ദൂരത്തിലുള്ള 61 റോഡുകളാണ് നിര്‍മിക്കുന്നത്.
ബി.ആര്‍.ഡിക്ക് റോഡ് നിര്‍മാണത്തിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നത് പദ്ധതിയുടെ പൂര്‍ത്തീകരണം എളുപ്പത്തില്‍ നടത്താനാവുമെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ബി.ആര്‍.ഡി ഡയരക്ടര്‍ ജനറലിന് 100 കോടി രൂപയുടെ അധിക സഹായമാണ് ഇപ്പോള്‍ കേന്ദ്രം നല്‍കിയിരിക്കുന്നത്. തദ്ദേശീയ ഉപകരണങ്ങള്‍ക്കായി 7.5 കോടിയും വിദേശ ഇറക്കുമതിക്കായി മൂന്ന് കോടിയുമാണ് കഴിഞ്ഞ പ്രാവശ്യം ഡയരക്ടര്‍ ജനറലിന് അനുവദിച്ചത്. ഇതര കമ്പനികളുമായി നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള ഭരണപരമായ അധികാരവും കേന്ദ്രം കൈമാറിയിട്ടുണ്ട്.
അതിര്‍ത്തിയിലെ റോഡ് നിര്‍മാണം 2012ല്‍ പൂര്‍ത്തീകരിക്കണമെന്നാണ് ബി.ആര്‍.ഡിക്ക് ആദ്യം നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദേശം വൈകിക്കുന്നതില്‍ സൈനികര്‍ അതൃപ്തിയിലാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."