മോദിയുടെ 'ഫോട്ടോ ഷോപ്പ്' വികസനം വീണ്ടും: കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തത് റഷ്യന്‍ നഗരത്തിന്റെ ചിത്രം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ വിദേശ രാജ്യങ്ങളിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച് വീണ്ടും കേന്ദ്ര മന്ത്രി കുരുക്കിലായി. കഴിഞ്ഞ ദിവസം കേന്ദ്ര ഊര്‍ജ്ജ മന്ത്രി പിയൂഷ് ഗോയലാണ് വൈദ്യുത പ്രഭയില്‍ ജ്വലിച്ചുനില്ക്കുന്ന റഷ്യന്‍ തെരുവിന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് അപഹാസ്യനായത്. മോദി സര്‍ക്കാരിന്റെ വികസന നേട്ടമെന്ന അവകാശവാദവുമായാണ് ഗോയല്‍ റഷ്യന്‍ തെരുവിന്റെ ചിത്രം ട്വിറ്ററിലൂടെ പ്രചരിപ്പിച്ചത്.
ഇന്ത്യയില്‍ 50,000 കി.മീറ്റര്‍ റോഡിലെ തെരുവ് വിളക്കുകള്‍ പരിഷ്കരിച്ചുവെന്ന അവകാശവാദത്തിനായാണ് റഷ്യയിലെ ചിത്രം പോസ്റ്റ് ചെയ്തത്. മോദി സര്‍ക്കാര്‍ 30 ലക്ഷം എല്‍.ഇ.ഡി വിളക്കുകള്‍ സ്ഥാപിച്ചുവെന്നും മന്ത്രി അവകാശപ്പെടുന്നുണ്ട്. ഇതിനായി മന്ത്രി ഉപയോഗിച്ചതാവട്ടെ റഷ്യന്‍ തെരുവിന്റെ ചിത്രവും.
മന്ത്രിയുടെ തട്ടിപ്പ് ഉടന്‍ തന്നെ സോഷ്യല്‍ മീഡിയ പൊളിച്ചടക്കുകയും ചെയ്തു. ഇതോടെ, സോഷ്യല്‍ മീഡിയ കൈയോടെ പിടികൂടി ട്രോളാന്‍ തുടങ്ങിയതോടെ ഉടന്‍ തന്നെ മന്ത്രി സംഭവം അബദ്ധമാണെന്ന തരത്തില്‍ നിര്‍വചിച്ച് തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദിയും പറഞ്ഞ് തടിയൂരി.
നേരത്തെ, കാനഡയിലെ ചിത്രം ഉപയോഗിച്ച് ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ മനോജ് തിവാരി, മോദി സര്‍ക്കാരിന്റെ വികസനമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."