അണ്ണാ ഡി.എം.കെ ലയനം: ശശികലയുടെ ഭാവി പ്രതിസന്ധിയില്‍
ചെന്നൈ: അണ്ണാ ഡി.എം.കെയിലെ പളനിസ്വാമി-പനീര്‍ശെല്‍വം വിഭാഗങ്ങള്‍ ലയിച്ചതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ശശികലയുടെ ഭാവിയെന്തെന്ന ചോദ്യം ശക്തമാകുന്നു. ജയലളിതയുടെ നിഴലായി ജീവിച്ച ശശികല, അവരുടെ മരണ ശേഷം പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഉദിച്ചുയര്‍ന്നെങ്കിലും അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബംഗളൂരു ജയിലിലായതോടെ കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്.
അതിനിടയില്‍ തന്റെ അഭാവത്തില്‍ പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാനായി മരുമകന്‍ ടി.ടി.വി ദിനകരനെ നിയോഗിച്ചെങ്കിലും ഒന്നിനുമീതെ ഒന്നായി കേസുകളില്‍ അകപ്പെട്ടതോടെ അദ്ദേഹത്തിനും പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയായി. അതിനിടയിലാണ് ബി.ജെ.പിയുടെ ആശിര്‍വാദത്തോടെ പാര്‍ട്ടിയിലെ ഇരുപക്ഷവും ലയിച്ച് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ നീക്കം നടന്നത്. തമിഴ്‌നാട് രാഷ്ട്രീയത്തിലും ജനങ്ങള്‍ക്കിടയിലും ജനപ്രീതിയില്ലാത്ത നേതാവാണ് ശശികലയെന്ന് പനീര്‍ശെല്‍വം ക്യാംപ് പ്രചാരണവും നടത്തി.
സംസ്ഥാന സര്‍ക്കാരിനെ നിലനിര്‍ത്താനും പനീര്‍ശെല്‍വം പക്ഷത്തേക്ക് എം.എല്‍.എമാരുടെ കൂറുമാറ്റം തടയുന്നതിനും മന്നാര്‍ഗുഡി സംഘം ഇവരെ റിസോര്‍ട്ടില്‍ താമസിപ്പിച്ചത് വലിയ കോലാഹലത്തിനാണ് ഇടയാക്കിയിരുന്നത്.
ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമുതല്‍ ശശികല സ്വീകരിച്ച നിലാടുകള്‍ക്കെതിരേ പാര്‍ട്ടിയില്‍ വലിയൊരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ജയയുടെ വസതിയായ വേദനിലയത്തില്‍ ശശികലയുടെ താമസവും എതിര്‍പ്പിനിടയാക്കി. തമിഴ് സിനിമാ രംഗത്തുള്ളപ്പോഴാണ് ജയലളിത വേദനിലയം വാങ്ങിയിരുന്നത്. ജയയെ പലപ്പോഴും നിയന്ത്രിച്ചിരുന്നത് നിഴല്‍പോലെ നടന്ന ശശികലയായിരുന്നു.
ജയ ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോള്‍ ശശികലയും സംഘവും അന്ന് മുഖ്യമന്ത്രിയായിരുന്ന പനീര്‍ശെല്‍വത്തെപോലും ആശുപത്രിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല.
ജയയുടെ അതേ രീതി പിന്തുടര്‍ന്ന് പാര്‍ട്ടിയെ കൈപ്പിടിയിലാക്കാനായിരുന്നു ശശികലയും ശ്രമിച്ചിരുന്നത്. എന്നാല്‍ ഇതെല്ലാം വളരെ പെട്ടെന്ന് നഷ്ടമാവുകയും അവര്‍ ജയിലിലാവുകയും ചെയ്തു.
ഇതോടെ ശശികലയുടെ രാഷ്ട്രീയ ഭാവിയിലും കരിനിഴല്‍ വീഴ്ത്തി. ഇതിനിടയിലാണ് ഇരുപക്ഷത്തേയും യോജിപ്പിച്ച് ബി.ജെ.പി തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പിടിമുറുക്കാനുള്ള കരുക്കള്‍ നീക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."