ഫ്രാന്‍സില്‍ ബസ്‌സ്റ്റോപ്പിലേക്ക് കാറിടിച്ചുകയറ്റി ഒരു മരണം
പാരിസ്: ഫ്രാന്‍സില്‍ രണ്ടു ബസ് സ്റ്റോപ്പുകളിലേക്ക് കാറിടിച്ചുകയറ്റിയുണ്ടായ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. കിഴക്കന്‍ ഫ്രാന്‍സിലെ തുറമുഖ നഗരമായ മാഴ്‌സല്ലിയിലാണ് അപകടം. മറ്റൊരാള്‍ക്ക് പരുക്കേറ്റു. 35കാരനായ ഡ്രൈവറെ പൊലിസ് അറസ്റ്റ് ചെയ്തു. എന്നാല്‍ സംഭവത്തില്‍ തീവ്രവാദബന്ധമില്ലെന്നാണ് പ്രാഥമിക വിവരം. അതേസമയം ഇയാള്‍ക്ക് മാനസിക പ്രശ്‌നമുള്ളതായി പൊലിസ് പറയുന്നു. മനോവൈകല്യത്തിനുള്ള മരുന്നുകള്‍ ഇയാള്‍ കഴിക്കുന്നുണ്ട്.
ഇന്നലെ രാവിലെ 8.15 നാണ് ആദ്യ സംഭവം നടക്കുന്നത്. ഡ്രൈവര്‍ ബസ് സ്റ്റോപ്പിലേക്ക് വാഹനമിടിച്ചു കയറ്റിയതിനെ തുടര്‍ന്ന് യുവാവിന് പരുക്കേറ്റിരുന്നു. തുടര്‍ന്ന് 45 മിനുട്ടുകള്‍ക്കകമാണ് അടുത്ത അപകടം.
ഈവാഹനം ഇതേ നഗരത്തിലെ അഞ്ച് കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറ്റുകയും 42 കാരിയായ സ്ത്രീ കൊല്ലപ്പെടുകയുമായിരുന്നു. സ്‌റ്റോപ്പില്‍ ബസ് കാത്തുനിന്ന സ്ത്രീയെയാണ് വാഹമനിടിച്ചത്. റെനോയുടെ മാസ്റ്റര്‍ വാന്‍ ആണ് അപകടത്തിനിടയാക്കിയ വാഹനം.
അപകടത്തിനു പിന്നില്‍ തീവ്രവാദബന്ധം കണ്ടെത്താനായില്ലെങ്കിലും പ്രദേശവാസികളോടും വിനോദസഞ്ചാരികളോടും സംഭവസ്ഥലത്തു നിന്നും മാറണമെന്ന് പൊലിസ് നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച പാരിസ് നഗരത്തില്‍ പിസ വില്‍ക്കുന്ന റെസ്റ്റോറന്റിന്റെ ടെറസിലേക്ക് ഒരാള്‍ കാറിടിച്ചുകയറ്റി 13 കാരി കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്നത്തെ 22 കാരനായ അക്രമിക്കായി പൊലിസ് ഇപ്പോഴും അന്വേഷണത്തിലാണ്. കഴിഞ്ഞ ദിവസം ബാഴ്‌സലോണയിലും റിസോര്‍ട്ട് നഗരമായ കാംബ്രില്‍സിലും സമാന രീതിയിലുണ്ടായ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."