യു.എസ് യുദ്ധക്കപ്പല്‍ വീണ്ടും അപകടത്തില്‍പ്പെട്ടു
സിംഗപ്പൂര്‍: യു.എസ് നാവിക കപ്പല്‍ എണ്ണടാങ്കറുമായി ഇടിച്ചുണ്ടായ അപകടത്തില്‍ 10 നാവികരെ കാണാതായി. അഞ്ചു പേര്‍ക്ക് പരുക്കേറ്റു. യു.എസ്.എസ് ജോണ്‍ എസ് മക്‌ചെയ്ന്‍ ആണ് അപകടത്തില്‍പ്പെട്ടത്.
കിഴക്കന്‍ സിംഗപ്പൂര്‍ കടലിലാണ് അപകടം. അമേരിക്കയുടെ മിസൈല്‍ പ്രതിരോധ യുദ്ധക്കപ്പലാണ് യു.എസ്.എസ് ജോണ്‍ എസ് മക്‌ചെയ്ന്‍. ലൈബീരിയന്‍ പാതാകയുള്ള അല്‍നിക് എം.സി എന്ന എണ്ണടാങ്കറാണ് കപ്പലില്‍ ഇടിച്ചത്. കാണാതയ അമേരിക്കന്‍ നാവികര്‍ക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കി. പരുക്കേറ്റവരെ സിംഗപ്പൂര്‍ വ്യോമസേന ആശുപത്രിയിലെത്തിച്ചു.
ഏതാനും മാസത്തിനിടെ അപകടത്തില്‍പ്പെടുന്ന അമേരിക്കയുടെ രണ്ടാമത്തെ യുദ്ധക്കപ്പലാണിത്. ഇന്നലെ പ്രാദേശിക സമയം പുലര്‍ച്ചെ 5.24 നാണ് അപകടം. അപകടം നടക്കുമ്പോള്‍ കിഴക്കന്‍ സിംഗപ്പൂര്‍ കടലിടുക്കിലായിരുന്നു കപ്പല്‍. യു.എസ് കപ്പലിന്റെ ഇടതുഭാഗമാണ് തകര്‍ന്നത്. എണ്ണടാങ്കറിന്റെ മുന്‍വശത്തെ ടാങ്കിനോട് ചേര്‍ന്ന് ജലനിരപ്പില്‍ നിന്ന് ഏഴ് മീറ്റര്‍ മുകളിലാണ് ഇടിയേറ്റത്. എണ്ണക്കപ്പലിലെ ആര്‍ക്കും പരുക്കില്ല. എണ്ണചോര്‍ച്ചയും സംഭവിച്ചിട്ടില്ല.
കാണാതായ നാവികര്‍ക്ക് വേണ്ടി യു.എസ് , സിംഗപ്പൂര്‍ സൈനിക ഹെലികോപ്റ്ററുകള്‍ തെരച്ചില്‍ നടത്തുന്നുണ്ട്. കോസ്റ്റ്ഗാര്‍ഡും തെരച്ചിലിനായി മുന്‍പന്തിയിലുണ്ട്.
തെരച്ചില്‍ നടത്താന്‍ ജോഹോര്‍, പഹാങ് മേഖലകളിലുള്ള മത്സ്യത്തൊഴിലാളികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മലേഷ്യന്‍ നാവിക മേധാവി അഡ്മിറല്‍ കമറുല്‍സമാന്‍ പറഞ്ഞു. പരുക്കേറ്റ നാവികരുടെ നില ഗുരുതരമല്ലെന്ന് യു.എസ് നാവിക സേന അറിയിച്ചു. ഇവരെ സിംഗപ്പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട കപ്പല്‍ ചാങ്കിയിലെ നാവിക താവളത്തിലെത്തിച്ചു.
12,000 ടണ്‍ എണ്ണയാണ് അപകടത്തില്‍പ്പെട്ട കപ്പലിലുണ്ടായിരുന്നത്. തായ്‌വാനില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോകുകയായിരുന്നു കപ്പല്‍. യു.എസ് നേവിയുടെ 7ാമത് ഫഌറ്റിന്റെ ഭാഗമാണ് അപകടത്തില്‍പ്പെട്ട യുദ്ധക്കപ്പല്‍. കഴിഞ്ഞ ജൂണിലും 7ാമത് ഫഌറ്റിന്റെ യുദ്ധക്കപ്പലില്‍ മറ്റൊരു കപ്പലിടിച്ച് അപകടമുണ്ടായിരുന്നു.
ഈ അപകടത്തില്‍ ഏഴു പേരാണ് കൊല്ലപ്പെട്ടത്. ഈ അപകടത്തിനു കാരണക്കാരായ നിരവധി സൈനിക ഓഫിസര്‍മാരെ കഴിഞ്ഞ ആഴ്ച അച്ചടക്ക നടപടിക്ക് വിധേയരാക്കിയിരുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇതാദ്യമാണ് യു.എസ് പടക്കപ്പലുകള്‍ അപകടത്തില്‍പ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."