അഞ്ചു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ ആരോഗ്യ-കായിക പുസ്തകങ്ങള്‍ ലഭിച്ചില്ല: പരീക്ഷയെഴുത്ത് പാഠപുസ്തകം കാണാതെ
മാവൂര്‍: ഓണപ്പരീക്ഷ തുടങ്ങിയപ്പോള്‍ വിദ്യാര്‍ഥികള്‍ ആരോഗ്യ-കായിക പരീക്ഷയെഴുതിയത് പാഠപുസ്തകം കാണാതെ. ആധ്യയന വര്‍ഷത്തെ ആദ്യപാദം പിന്നിട്ടിട്ടും ആരോഗ്യ-കായിക വിദ്യാഭ്യാസ പുസ്തകങ്ങള്‍ ലഭ്യമാക്കാത്തത് അധികൃതരുടെ അലംഭാവമാണെന്ന ആക്ഷേപം ശക്തമാണ്. അഞ്ചു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് ലഭിക്കാത്തത്. ജൂണില്‍ സ്കൂള്‍ തുറക്കുന്നതിനു മുന്‍പുതന്നെ പാഠപുസ്തകങ്ങളെല്ലാം ലഭ്യമാക്കിയെന്ന അധികൃതരുടെ അവകാശവാദം ഇതോടെ പൊളിയുകയാണ്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് അഞ്ചു മുതല്‍ എട്ടുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യ-കായിക വിദ്യാഭ്യാസത്തിന്റെ പാഠപുസ്തകവും പരീക്ഷയും ഏര്‍പ്പെടുത്തിയത്. തുടക്കത്തില്‍ അഞ്ചു മുതല്‍ എട്ടുവരെയാണെങ്കിലും പിന്നീട് 9, 10 ക്ലാസുകളിലേക്കുകൂടി വ്യാപിപ്പിച്ചു. വിദ്യാര്‍ഥികള്‍ വിലകൊടുത്തു വാങ്ങുന്ന പുസ്തകമായതിനാല്‍ ഒന്‍പത്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങള്‍ ഇത്തവണ വിതരണം ചെയ്തിട്ടുണ്ട്. ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായാണ് എല്ലാ പാഠപുസ്തകങ്ങളും വിതരണം ചെയ്യുന്നത്.
ആരോഗ്യ-കായിക വിദ്യാഭ്യാസ വിഷയങ്ങളെക്കുറിച്ച് അധ്യാപകര്‍ക്ക് പരിശീലനവും നടന്നിരുന്നു. പാഠപുസ്തകം ആസ്പദമാക്കിയായിരുന്നു ഇതുവരെ ആരോഗ്യ-കായിക വിഷയങ്ങള്‍ക്ക് പരീക്ഷ നടന്നിരുന്നത്. പാഠപുസ്തകം ലഭ്യമാകാത്തതിനാല്‍ എന്തു പഠിക്കണമെന്ന് അറിയാതെ വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. അഞ്ചാം ക്ലാസിലെ കുട്ടികള്‍ക്ക് ഇന്നലെ ആയിരുന്നു പരീക്ഷ. പ്രാക്ടിക്കല്‍, തിയറി പരീക്ഷയായതിനാല്‍ വിദ്യാര്‍ഥികളും കൂടെ അധ്യാപകരും അക്ഷരാര്‍ഥത്തില്‍ വെള്ളംകുടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."