പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്
മുക്കം: കൂടരഞ്ഞി, ചാലിയാര്‍ പഞ്ചായത്തുകളിലായി പ്രവര്‍ത്തിക്കുന്ന പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നിലമ്പൂര്‍ റോഡില്‍ നിന്നാരംഭിച്ച മാര്‍ച്ച് പോലിസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനു കാരണമായത്.
പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് അനധികൃതമായാണെന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് വയനാട് പാര്‍ലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ടിയര്‍ഗ്യാസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി വന്‍ പൊലിസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. താമരശേരി ഡിവൈ.എസ്.പി കെ. അഷ്റഫിന്റെ നേതൃത്വത്തിലാണ് പൊലിസ് പാര്ക്കിന് സുരക്ഷയൊരുക്കിയത്.
മാര്‍ച്ച് മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് ഉദ്ഘാടനം ചെയ്തു. വയനാട് പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ജിതേഷ് അധ്യക്ഷനായി. കെ.ടി അജ്മല്‍, ഹാരിസ് ചാലിയാര്‍, എം.ടി അഷ്റഫ്, സജീഷ് മുത്തേരി, നിഷാബ് മുല്ലോളി, ജുനൈദ് പാണ്ടികശാല സംസാരിച്ചു.
അതിനിടെ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ശേഷം വി.വി പ്രകാശ് മടങ്ങിയതോടെ പാര്‍ക്കിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് വീണ്ടും സംഘര്‍ഷത്തിന് കാരണമായി. ഇവരെ പോലിസ് ലാത്തിവീശി ഓടിച്ചു. രാവിലെ കൂടരഞ്ഞി ഭാഗത്തുനിന്നും നിലമ്പൂര്‍ ഭാഗത്തു നിന്നുമായി രണ്ട് മാര്‍ച്ചുകളാണ് ആസൂത്രണം ചെയ്തിരുന്നതെങ്കിലും നെറ്റ്വര്‍ക്ക് പ്രശ്നം കാരണം പരസ്പരം ബന്ധപ്പെടാന്‍ കഴിയാതായതോടെ മാര്‍ച്ച് ഒരു കേന്ദ്രത്തില്നിന്നാക്കുകയായിരുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."