എം.പി ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേടെന്ന് ആക്ഷേപം
മുക്കം: എം.പി ഫണ്ടുപയോഗിച്ചുള്ള റോഡിന്റെ സംരക്ഷണഭിത്തി നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായും സ്വകാര്യവ്യക്തികളുടെ ഭൂമി കൈയേറി മതില്‍ നിര്‍മിച്ചതായും പരാതി. ഇതുസംബന്ധിച്ച് പൊയിലില്‍ ചെമ്പ്രാട്ട് കല്യാണി അമ്മ ജില്ലാ കലക്ടര്‍, ലോക്‌സഭാ സ്പീക്കര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. മുക്കം നഗരസഭയിലെ 25-ാം ഡിവിഷനിലെ മണാശേരി വാഴക്കുഴി റോഡാണ് എം.പി ഫണ്ട് ഉപയോഗിച്ച് ഇരുവശവും സംരക്ഷണഭിത്തി കെട്ടുന്നത്.
സ്വകാര്യവ്യക്തികളുടെ ഭൂമിയുടെ മധ്യത്തിലൂടെയാണ് റോഡ് കടന്നുപോകുന്നത്. എന്നാല്‍ ഇവരറിയാതെ സ്ഥലം കൈയേറി റോഡിനു സുരക്ഷാഭിത്തി കെട്ടിയെന്നാണ് പരാതി. അതേസമയം നിവവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തിയിലും ക്രമക്കേട് നടന്നതായി പരാതിയില്‍ പറയുന്നു. അടിത്തറ ബലപ്പെടുത്താതെയാണ് സുരക്ഷാഭിത്തി കെട്ടുന്നത്.
വയലില്‍കൂടി കടന്നുപോകുന്ന റോഡിന്റെ മുകള്‍ഭാഗത്തുനിന്നു വന്‍തോതില്‍ വെള്ളത്തിന്റെ കുത്തൊഴുക്കുണ്ടായാല്‍ താഴെ ഭാഗങ്ങളിലുള്ള നെല്ലുള്‍പ്പെടെയുള്ള കാര്‍ഷികവിളകള്‍ക്ക് നാശം സംഭവിക്കുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഭൂമി കൈയേറി നിര്‍മിച്ച കരിങ്കല്‍കെട്ട് പൊളിച്ചുമാറ്റണമെന്നും നിര്‍മാണ പ്രവൃത്തിയിലെ ക്രമക്കേടുകള്‍ കുറ്റമറ്റതാക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."