പതിമൂന്നുകാരനെ പീഡിപ്പിക്കാന്‍ ശ്രമം: മനഃശാസ്ത്ര വിദഗ്ധനെതിരേ പോക്‌സോ
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മനശാസ്ത്ര വിദഗ്ധനെതിരേ പോക്‌സോ ചുമത്തി കേസെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പ്രശസ്ത കൗണ്‍സിലറുമായ ഡോ. കെ ഗിരീഷിനെതിരെയാണ് കേസ്.
ഇയാളുടെ സ്വകാര്യ ക്ലിനിക്കില്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പരാതി കൈപ്പറ്റിയ ഫോര്‍ട്ട് പൊലിസ് തുടര്‍നടപടികള്‍ എടുത്തില്ലെന്നും പരാതിയുണ്ട്. ഇതു സംബന്ധിച്ച് കുട്ടിയുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി.
ഈ കഴിഞ്ഞ ഓഗസ്റ്റ് 14നായിരുന്നു സംഭവമെന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടിക്ക് പഠന വൈകല്യമുണ്ടെന്ന് പറഞ്ഞ് സ്‌കൂളിലെ കൗണ്‍സിലര്‍ നിര്‍ദേശിച്ച പ്രകാരമാണ് ഡോക്ടര്‍ ഗിരീഷിന്റെ സ്വകാര്യ ക്ലിനിക്കില്‍ എത്തുന്നത്. ആദ്യം മാതാപിതാക്കളോട് സംസാരിച്ച ശേഷം ഡോക്ടര്‍ കുട്ടിയെ തനിച്ച് അകത്തുവിളിച്ചു. തുടര്‍ന്ന് 20 മിനിറ്റുകള്‍ക്ക് ശേഷം പുറത്തിറങ്ങിയ മകനില്‍ അസ്വാഭാവികത കണ്ടതിനെ തുടര്‍ന്ന് ചോദിച്ചപ്പോഴാണ് കുട്ടി ദുരനുഭവം വെളിപ്പെടുത്തിയത്. ഇവര്‍ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കകയായിരുന്നു.
തൊട്ടടുത്ത ദിവസം ചൈല്‍ഡ്‌ലൈന്‍ തമ്പാനൂര്‍ പൊലിസിന് പരാതി കൈമാറി. പിന്നീട് സംഭവം നടന്നത് ഫോര്‍ട്ട് സ്റ്റേഷന്റെ പരിധിയിലായതിനാല്‍ കേസ് അങ്ങോട്ടേക്ക് മാറ്റി. എന്നാല്‍ ഫോര്‍ട്ട് സ്‌റ്റേഷനില്‍ മകന്റെ മൊഴിയെടുത്തില്ലെന്നും കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും ആരോപണമുണ്ട്. പോക്‌സോ ആക്ട് 7,8 വകുപ്പുപ്രകാരമാണ് കേസെടുത്തതെങ്കിലും സര്‍ക്കാര്‍ ഡോക്ടര്‍ എന്ന നിലയില്‍ ഒമ്പതാം വകുപ്പുകൂടി ചുമത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."