എല്‍.ഡി.എഫിന് ഭരണപക്ഷത്തും പ്രതിപക്ഷത്തും രണ്ടു നയങ്ങള്‍: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ഇടതുപക്ഷത്തിന് പ്രതിപക്ഷത്തും ഭരണപക്ഷത്തും ഇരിക്കുമ്പോള്‍ വ്യത്യസ്ഥ നയങ്ങളാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പഞ്ചായത്ത് അസോസിയേഷന് ഹാളില്‍ നടന്ന എന്‍.ജി.ഒ അസോസിയേഷന് നോര്‍ത്ത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുമെന്ന് പ്രകടന പത്രികയിലുണ്ടായിരുന്നു. അധികാരത്തില്‍ എത്തിയ ശേഷം പങ്കാളിത്ത പെന്ഷന് വേണ്ടെന്ന തീരുമാനം ഇപ്പോള്‍ ഇടതുമുന്നണിക്കില്ല. യു.ഡി.എഫ് സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷനില്‍ ചേരുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഈ ആനുകൂല്യങ്ങളെല്ലാം വേണ്ടെന്നു വച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ ഉദ്ഘാടനം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ എത്തിയ ശേഷം തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ജീവനക്കാരെയെല്ലാം സംസ്ഥാന വ്യാപകമായി അന്യായമായി സ്ഥലംമാറ്റി. ഇത് എല്ലാ മേഖലയിലും അസ്വസ്ഥതയുണ്ടാക്കി. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്തേ സര്‍ക്കാരുകള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയൂ. അവരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനോടപ്പം അംഗീകരിക്കാന്‍ പറ്റാത്ത കാര്യങ്ങളുടെ കാരണം അവരെ ബോധ്യപ്പെടുത്തണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ.പി സുനില്‍ അധ്യക്ഷനായി. എം.എല്‍.എമാരായ കെ മുരളീധരന്, കെ.എസ് ശബരിനാഥന്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍ക്കര സനല്‍, എന്‍.ജി.ഒ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എന്‍ രവികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."