മാവേലിയെ വരവേല്‍ക്കാന്‍ ഒരുങ്ങി തലസ്ഥാനം നാടും നഗരവും ഉത്സവ ലഹരിയില്‍
തിരുവനന്തപുരം: മാവേലിത്തമ്പുരാനെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് തലസ്ഥാനം. നാടും നഗരവും ഓണലഹരിയിലാണ്. അത്തം പിറക്കും മുന്‍പേ ഓണത്തെ വരവേല്‍ക്കാന്‍ വസ്ത്ര വ്യാപാരശാലകളും തയാറായി. നിരവധി ഓഫറുകളുമായി നഗരത്തിലെ കടകളും വ്യത്യസ്തമായ ഓണം സമ്മാനിക്കാനുള്ള തയാറെടുപ്പിലാണ്.
ഓണക്കാലമായതോടെ ജൂവലറികളിലും ഇലക്ട്രോണിക്‌സ് കടകളിലും തിരക്കനുഭവപ്പെട്ടു തുടങ്ങി. മാവേലി മന്നന്റെ ഓര്‍മപുതുക്കാന്‍ നാടൊരുങ്ങുമ്പോള്‍ ഇനിയുള്ള ദിവസം തലസ്ഥാനം ഉത്സവ ലഹരിയിലാകും. ഇത്തവണയും ഒണത്തിരക്ക് നഗരത്തില്‍ ഏറുമെന്നതില്‍ സംശയമില്ല. ഓണക്കാലത്തെ വ്യത്യസ്മാക്കുവാന്‍ നവമാധ്യമ ലോകവും ഒരുങ്ങിക്കഴിഞ്ഞു.
ഓണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അത്തപ്പൂക്കളം തന്നെയാണ്. വീടുകളിലും കലാലയങ്ങളിലും അത്തപ്പൂക്കളത്തിനുള്ള പൂക്കളും കമ്പോളങ്ങളില്‍ എത്തിത്തുടങ്ങി. മലയാളികളുടെ ഉത്സവമായ ഓണത്തില്‍ പങ്കു ചേരാനുള്ള തയാറെടുപ്പിലാണ് ഇതര സംസ്ഥാന കച്ചവടക്കാരും. ചാലയില്‍ ഇതരസംസ്ഥാനത്തു നിന്നുള്ള പൂക്കള്‍ വില്‍പ്പനക്കെത്തിയതോടെ നഗരം അക്ഷരാര്‍ത്ഥത്തില്‍ ആഘോഷത്തിലലിഞ്ഞുതുടങ്ങിയിരിക്കുകയാണ്.
ജില്ലയില്‍ സ്‌കൂളുകള്‍, കോളജുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഓണാഘോഷപരിപാടികള്‍ക്ക് തുടക്കമായി. ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഓണംവാരാഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തിരുവാതിരകളി മത്സരവും അത്തപ്പൂക്കള മത്സരവും നടത്തും. സെപ്റ്റംബര്‍ ഒന്നിന് വഴുതക്കാട് വിമന്‍സ് കോളജ് ഓഡിറ്റോറിയത്തിലാണ് അത്തപ്പൂക്കള മത്സരം. രണ്ടിന് വഴുതക്കാട് ഭാരത് ഭവനില്‍ തിരുവാതിരകളി മത്സരവും നടത്തും. വാരാഘോഷത്തിന്റെ ഭാഗമായി ഈ ദിവസങ്ങളില്‍ കവടിയാര്‍ മുതല്‍ മണക്കാട് വരെയുള്ള പ്രദേശത്തെ ഉത്സവമേഖലയായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സമാപന ദിവസത്തെ ഘോഷയാത്രയില്‍ നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ തലവന്‍മാര്‍ക്ക് പരമാവധി നാലുലക്ഷം രൂപവരെ ചെലവഴിക്കാന്‍ അനുമതി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. ഗ്രീന്‍ പ്രോട്ടോക്കോളുമായാണ് ഇത്തവണ നഗരസഭ ഓണമാഘോഷിക്കുന്നത്. സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഒമ്പത് വരെയുള്ള ഓണംവാരഘോഷം പൂര്‍ണമായും ഹരിതമയമായിരിക്കും. 30 വേദികളിലായാണ് പരിപാടികള്‍ നടക്കുക.
ഓണം-ബക്രീദ് മെട്രോ ഫെയര്‍ പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തതോടെ നഗരത്തിലെ ആഘോഷരാവുകള്‍ക്കും തുടക്കമായി. സെപ്തംബര്‍ 13 വരെയാണ് ഫെയര്‍. ഇതിനു പുറമെ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നഗരത്തില്‍ എക്‌സിബിഷനുകളും വിവിധ കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. വിവിധ ഓണവിപണികളുടെ ഉദ്ഘാടനവും ഓണച്ചന്തകളുടെ പ്രദര്‍ശനവും അത്തം പിറക്കുന്നതിനുമുമ്പേ ആരംഭിച്ചു കഴിഞ്ഞു.
കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുള്ള റോഡുകളുടെ ഇരുവശങ്ങളിലും വൈദ്യുത ദീപാലങ്കാരം അണിയിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ മന്ദിരങ്ങളും വൃക്ഷങ്ങളും പ്രകാശവൈവിധ്യങ്ങള്‍ കൊണ്ട് എല്ലാവരെയും ആകര്‍ഷിച്ചു തുടങ്ങി. ആഘോഷനാളുകളില്‍ സന്ദര്‍ശകരുടെ കാഴ്ച തടസപ്പെടാതിരിക്കാന്‍ വൈകുന്നേരങ്ങളില്‍ ഈ പാതയില്‍ ഗതാഗത നിയന്ത്രണവുമുണ്ടാകും. കനകക്കുന്ന് പ്രധാന കലാപരിപാടികളുടെ കിരീടമണിയും. സെന്‍ട്രല്‍ സ്‌റ്റേഡിയം, പൂജപ്പുര മൈതാനം തുടങ്ങി നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ കലാപരിപാടികള്‍ അരങ്ങേറും. സമാപനദിവസത്തെ ഘോഷയാത്രയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ഒരുക്കുന്ന നിശ്ചലദൃശ്യങ്ങളാണ് അണിനിരക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."