പ്രത്യേക കാര്‍ഷിക മേഖലാ പദ്ധതി: പൂ വിളയിക്കാന്‍ വയനാടൊരുങ്ങുന്നു
കല്‍പ്പറ്റ: 1000 ഏക്കര്‍ പ്രദേശത്ത് പൂ കൃഷിയൊരുക്കാന്‍ ജില്ല ഒരുങ്ങുന്നു. പൂ കൃഷിക്കായി ജില്ലയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക കാര്‍ഷിക മേഖല രൂപപ്പെടുത്തുമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ രാമചന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ ആരംഭിക്കുന്ന പ്രത്യേക കാര്‍ഷികമേഖലാ പദ്ധതിയുടെ ജില്ലാ ആസൂത്രണ ഭവനില്‍ നടന്ന പ്രാരംഭ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ പൂ കൃഷിയുടെ സാധ്യതകള്‍ ആരായാനും പ്രാരംഭ ചര്‍ച്ചകള്‍ക്ക് തുടക്കമിടാനുമായാണ് ആസൂത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുതലവന്‍മാരുടെ ഉന്നതതല യോഗം വിളിച്ചത്. വയനാട്ടിലെ ചില ഭാഗങ്ങള്‍ പൂ കൃഷിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
വിളകള്‍ക്കു വേണ്ടി അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി ആ സ്ഥലങ്ങളെ ഉള്‍ക്കൊള്ളിച്ച് സര്‍ക്കാരിന്റെ നിലവിലുള്ള വിവിധ പദ്ധതികളുടെയും വിപണിയുടെയും ശേഖരണ സംവിധാനങ്ങളുടെയും സംയോജനം ഒരുക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. പ്രരംഭഘട്ടത്തില്‍ 1000 ഏക്കര്‍ സ്ഥലത്തെങ്കിലും പൂക്കൃഷി വ്യാപിപ്പിക്കുകയാണ് ഉദ്ദേശിക്കുന്നതെന്ന് ഉപാധ്യക്ഷന്‍ വി.കെ രാമചന്ദ്രന്‍ പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലുള്ള ബത്തേരി, നെന്മേനി, അമ്പലവയല്‍, നൂല്‍പ്പുഴ, മീനങ്ങാടി പഞ്ചായത്തുകളും പനമരം ബ്ലോക്കിലുള്ള മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളും, പ്രിയദര്‍ശിനി എസ്റ്റേറ്റിനെയും മേഖലയില്‍ ഉള്‍പ്പെടുത്തുന്നതുസംബന്ധിച്ചുള്ള ചര്‍ച്ചകളാണ് യോഗത്തില്‍ ചര്‍ച്ചയായത്.
ഏകദേശം 1000 ഏക്കര്‍ പ്രദേശത്തെങ്കിലും പ്രാരംഭഘട്ടത്തില്‍ കൃഷി ആരംഭിക്കാനാവണമെന്ന് യോഗം വിലയിരുത്തി. കര്‍ഷകര്‍ക്ക് കൂടുതല്‍ ലാഭം നല്‍കുന്നതും വയനാട്ടിലെ മഴക്കുറവിന്റെ പശ്ചാത്തലത്തില്‍ വളര്‍ത്താവുന്നതുമായ ഇനങ്ങള്‍ കണ്ടെത്തി ആവശ്യമായ വിത്തിനങ്ങള്‍ എത്തിക്കുന്നതിന് അമ്പലവയലിലെ റീജിയണല്‍ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷന്‍ റിസര്‍ച്ച് അസോസിയേറ്റ് ഡയറക്ടര്‍ എന്‍.കെ രാജേന്ദ്രനെ യോഗത്തില്‍ ചുമതലപ്പെടുത്തി.
മേഖലക്കാവശ്യമായ കൃഷി സ്ഥലം കണ്ടെത്തുക, കൃഷിക്കാരെ കണ്ടെത്തി കര്‍ഷകര്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കുക, പദ്ധതിയുടെ ഏകോപനം നടത്തുക തുടങ്ങിയ ചുമതല നിര്‍വഹിക്കാനായി പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫിസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കി സെപ്റ്റംബര്‍ 20ന് ആസൂത്രണ ബോര്‍ഡിന് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
തണുപ്പുള്ള ഉയര്‍ന്ന പ്രദേശം, സബ് ട്രോപ്പിക്കല്‍ കാലവാസ്ഥ, ഇടത്തരം, ചെറുകിട കര്‍ഷകരുടെ സാന്നിധ്യം, കേരളത്തിലെമ്പാടുമുള്ള പൂ വിപണി, ഉയര്‍ന്ന വരുമാനം എന്നിവയാണ് ജില്ലയില്‍ പൂക്കൃഷിക്ക് അനുയോജ്യമാക്കുന്ന ഘടകങ്ങളെന്ന് യോഗത്തില്‍ കൃഷി ശാസ്ത്രജ്ഞരും ഗവേഷകരും അഭിപ്രായപ്പെട്ടു.
കൃഷിക്കാവശ്യമായ ജലസേചനം, വിളഞ്ഞ പൂക്കളുടെ ശേഖരിക്കല്‍, വിപണി കണ്ടെത്തി വിറ്റഴിക്കല്‍ എന്നിവക്കായി പ്രായോഗികമായ സംവധാനം നടപ്പാക്കുമെന്ന് ആസൂത്രണ ബോര്‍ഡ് അംഗം ഡോ.ആര്‍ രാമകുമാര്‍ പറഞ്ഞു. ജെര്‍ബെറ, ഓര്‍ക്കിഡ്, മുല്ലപ്പൂ, ഹെലിക്കോണിയ തുടങ്ങിയുള്ള ഇനങ്ങള്‍ ഇവിടെ അനുയോജ്യമാണെന്ന് യോഗം വിലയിരുത്തി.
ഒക്ടോബര്‍, നവംബര്‍ മാസത്തോടെ കൃഷി ആരംഭിച്ച് വരുന്ന ഏപ്രിലില്‍ വിളയെടുക്കുന്ന വിധത്തില്‍ പ്രാരംഭ ഘട്ടം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഹൈടെക്ക് ഫ്‌ളോറി വില്ലേജുകള്‍ തന്നെ രൂപപ്പെടുത്തുന്നതും പദ്ധതിയുടെ ഭാഗമാണ്. യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് സുഹാസ് അധ്യക്ഷ്യനായി.
എ.ഡി.എം കെ.എം രാജു, പ്രിന്‍സിപ്പല്‍ അഗ്രക്കള്‍ച്ചര്‍ ഓഫിസര്‍ ഷാജന്‍ തോമസ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ എന്‍ സോമസുന്ദരലാല്‍, ബന്ധപ്പെട്ട വകുപ്പുമേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."