നെല്ലു കൊയ്തും വാഴനട്ടും മാതൃകയായി ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍
കരുനാഗപ്പള്ളി: ചിങ്ങപ്പുലരിയില്‍ അറ നിറക്കാന്‍ കുന്നോളം നെല്ല് കൊയ്ത് ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ വേറിട്ട മാതൃകയായി.
കൊറ്റം പള്ളിപേരൂര് മാധവന്‍പിള്ള സ്മാരക ഗ്രന്ഥശാലാ പ്രവര്‍ത്തകരാണ് കര്‍ഷക ദിനത്തില്‍ തരിശുഭൂമിയില്‍ വിളയിച്ച നൂറുമേനി കൊയ്തെടുത്തത്.ഗ്രന്ഥശാലാ പരിസരത്ത് അഞ്ചേക്കറോളം വരുന്ന തരിശു കിടന്ന സ്ഥലത്താണ് കരനെല്‍ കൃഷി ചെയ്തത്. നേരത്തേ അഞ്ചേക്കറോളം സ്ഥലത്ത് പച്ചക്കറി കൃഷിയും വിജയകരമായി നടത്തിയിരുന്നു.
ഈ ആത്മവിശ്വാസവുമായാണ് ഗ്രന്ഥശാലക്ക് സമീപത്തെഭൂമിയില് കരനെല്‍ കൃഷിക്ക് നേതൃത്വം നല്കാന് തീരുമാനിച്ചത്.പ്രവര്‍ത്തകരുടെ മനസ് നിറച്ച് മണ്ണില്‍ നിന്നും നൂറ് മേനി വിളവും ലഭിച്ചു.കൃഷി ഓഫിസര്‍ സുമാ റാണി, ബാബു കളീക്കല്‍, നാരായണന്‍കുട്ടി, രാമചന്ദ്രന്‍പിള്ള, ചന്ദ്രശേഖരപിള്ള, വനിതാവേദി പ്രവര്‍ത്തകരായ ഒ.ഗീത, സുജാത, ലൈബ്രേറിയന്‍ മഞ്ചു നേതൃത്വം നല്കി.
മികച്ച കര്ഷകന് കൂടിയായ ഗ്രന്ഥശാലാ സെക്രട്ടറി വിക്രമന് പിള്ള, പ്രസിഡന്റ് മഞ്ഞിപ്പുഴ വിശ്വനാഥപിള്ള എന്നിവര്‍ തന്നെയാണ് കൃഷിക്ക് നേരിട്ട് നേതൃത്വം നല്‍കുന്നത്. കൃഷി ഭൂമിയില്‍ നടന്ന കൊയ്ത്തുത്സവം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വിത്തെറിഞ്ഞ മണ്ണില്‍ നിന്നും മനം നിറഞ്ഞ് വിളവ് കിട്ടിയ സന്തോഷത്തിലാണ് ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."