ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കായി മൂന്ന് കോടി രൂപയുടെ മരുന്നുകള്‍; ഇനി എത്താനുള്ളത് കാല്‍ ലക്ഷത്തില്‍ താഴെ ഹാജിമാര്‍
മക്ക: ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരില്‍ ബഹു ഭൂരിഭാഗവും പുണ്യ ഭൂമിയില്‍ എത്തിച്ചേര്‍ന്നു. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയുള്ള കാല്‍ ലക്ഷത്തിനു താഴെ തീര്‍ത്ഥാടകര്‍ മാത്രമാണ് ഇനി പുണ്യ ഭൂമിയില്‍ എത്തിച്ചേരാനുള്ളത്. അടുത്ത ദിവസങ്ങളിലായി ഇവരും എത്തി ചേരും. ഞായറാഴ്ച വരെയുള്ളകണക്കുകള്‍ പ്രകാരം ഹജ്ജ് കമ്മിറ്റി വഴിയുള്ള 102111 തീര്‍ത്ഥാടകര്‍ പുണ്യ ഭൂമിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
125025 തീര്‍ത്ഥാടകരാണ് ഹജ്ജ് കമ്മിറ്റി മുഖേന എത്തുന്നത്. സ്വകാര്യ സര്‍വീസുകളിലെ നാല്പത്തിനായിരത്തോളം തീര്‍ത്ഥാടകര്‍ നേരത്തെ തന്നെ പുണ്യ ഭൂമിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
കേരളം, അഹമ്മദാബാദ്, ബാംഗളൂര്‍, ചെന്നൈ, ഗയ, ഹൈദരാബാദ്, ഇന്‍ഡോര്‍, എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ഇനി ബാക്കിയുള്ളത്. ഇന്ത്യയില്‍ നിന്നുള്ള അവസാന വിമാനം കേരളത്തില്‍ നിന്നുമാണ്. ഏഴായിരത്തിലധികം മലയാളി ഹാജിമാര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
ഇന്ത്യന്‍ ഹാജിമാരുടെ ചികിത്സക്കായി 376 ഇനം മരുന്നുകളുമായി മൂന്നു കോടി രൂപയുടെ മരുന്നുകളാണ് എത്തിച്ചിട്ടുള്ളത്. മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയാണിത്. പ്രമേഹ രോഗികള്‍ കൂടുതലുള്ളതിനാല്‍ ഇതിനുള്ള മരുന്നുകളും ഡോക്റ്റര്‍മാരും കൂടുതലായി ഉണ്ടെന്നു മെഡിക്കല്‍ ചീഫ് കോര്‍ഡിനേറ്റര്‍ ഡോ:ഗിയാസുദ്ധീന്‍ ഖാന്‍ പറഞ്ഞു. ഇസിജി , എക്‌സ്‌റേ , അത്യാധുനിക ലാബ്, സ്‌കാനിങ് തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന അത്യാധുനിക ആശുപത്രികളില്‍ സദാ സമയ പ്രവര്‍ത്തനവുമായി രംഗത്തുണ്ട്. ന്യൂറോളജി, ഗൈനക്കോളജി, സൈക്യാട്രി, പാത്തോളജി, തുടങ്ങി എല്ലാ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെയും സേവനം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. 14000 ഓളം തീര്‍ത്ഥാടകര്‍ക്ക് ഇതിനകം ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. സ്വകാര്യ ഗ്രൂപ്പുകളിലെത്തിയ നാല് തീര്‍ത്ഥാടകരുള്‍പ്പെടെ 35 ഇന്ത്യന്‍ ഹാജിമാര്‍ ഇതിനകം മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."