ഭൂചലനത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയത് മണിക്കൂറുകള്‍; മൂന്നു സഹോദരങ്ങളും ജീവിതത്തിലേക്ക്
റോം: ഭൂചലനത്തില്‍ കെട്ടിടം തകര്‍ന്നു അവശിഷ്ടങ്ങള്‍ക്ക് അടിയില്‍പ്പെട്ട ഏഴുമാസം പ്രായമുള്ള പാസ്‌കലും സഹോദരങ്ങളും അവിശ്വസീനയമായി ജീവിതത്തിലേക്ക് തിരിച്ചെത്തി.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് സുരക്ഷാസേന പുറത്തെടുത്ത പാസ്‌കലും സഹോദരന്‍മാരായ എട്ടു വയസുകാരന്‍ മറ്റിയാസും 11 വയസുകാരന്‍ സിറോയും പരസ്പരം കാണുന്നത് മണിക്കൂറുകളുടെ ഇടവേളക്കൊടുവിലാണ്. ഇറ്റലിയില്‍ കഴിഞ്ഞദിവസമുണ്ടായ ഭൂചലനത്തില്‍ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ മൂന്ന് സഹോദരങ്ങളെയുമാണ് വീണ്ടെടുത്തത്. ഭൂചലനമുണ്ടായി 16 മണിക്കൂറിനു ശേഷമാണ് കുട്ടികളെ രക്ഷപ്പെടുത്തുന്നത്. പ്രാദേശിക സമയം രാവിലെ ആദ്യത്തെ ആളെ പുറത്തെടുത്തുവെങ്കിലും മൂന്നാമനെ പുറത്തെത്തിക്കുന്നത് ഉച്ചക്ക് 2.12 ഓടെയാണ്.
ഇറ്റാലിയന്‍ ദ്വീപായ ഇസ്ചിയയിലാണ് സംഭവം. 7 മാസം പ്രായമുള്ള കുഞ്ഞും അവന്റെ എട്ടും പതിനൊന്നും വയസുള്ള രണ്ട് സഹോദരങ്ങളുമാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയത്. കുലുക്കം ആരംഭിച്ചയുടനെ തന്നെ അനുജന്‍മാരെ രണ്ടുപേരെയും കട്ടിലിനടിയില്‍ ഒളിപ്പിച്ച സിറോയാണ് കഥയിലെ നായകന്‍. കുട്ടികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ നേരിട്ട് ദേഹത്തു വീഴാതെ രക്ഷപെട്ടതും സിറോയുടെ ഈ മിടുക്കുകൊണ്ടായിരുന്നു. സുരക്ഷാസേന ആദ്യം രക്ഷപെടുത്തിയത് കുഞ്ഞു പാസ്‌കലിനെ തന്നെയായിരുന്നു. തുടര്‍ന്ന് ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മറ്റു രണ്ടു കുട്ടികളെയും രക്ഷപ്പെടുത്തി.
ഇറ്റലിയില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ട് സ്ത്രീകള്‍ മരിക്കുകയും 39 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പള്ളി തകര്‍ന്നാണ് ഒരു സ്ത്രീ മരിച്ചത്. ഹോട്ടലുകള്‍, വീടുകള്‍, ആശുപത്രികള്‍ തുടങ്ങി നിരവധി കെട്ടിടങ്ങള്‍ ഭൂചലനത്തില്‍ തകര്‍ന്നിട്ടുണ്ട്.
2,600 ആളുകള്‍ വീട് തകര്‍ന്നതിനെ തുടര്‍ന്ന് തെരുവിലായിരിക്കുകയാണ്. നേപ്പിള്‍സിന്റെ തീരപ്രദേശമാണ് ഇസ്ചിയ. 50,000 ആണ് ഇവിടുത്തെ ജനസംഖ്യ. ഇതിനു മുന്‍പ് 1883 ലാണ് പ്രദേശത്ത് ഭൂചലനമുണ്ടാകുന്നത്. അന്ന് 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ടായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."