രാഷ്ട്രീയക്കാരുടെ വീടുകളില്‍ മോഷണം; യുവാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: രാഷ്ട്രീയ നേതാക്കളുടെ വീടുകള്‍ മാത്രം തളരഞ്ഞുപിടിച്ച് മോഷ്ടിക്കുന്ന യുവമോഷ്ടാവ് അറസ്റ്റില്‍. മോഷണമുതല്‍കൊണ്ട് വാങ്ങിച്ച കാറിലായിരുന്നു മോഷണത്തിനെത്തിയിരുന്നത്. വിരമിച്ച ബാങ്ക് മാനേജരുടെ മകനായ 27കാരനായ സിദ്ധാര്‍ഥ് മെല്‍ഹറോത്രയെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ നേതാക്കള്‍ കൂടുതല്‍ താമസിക്കുന്ന വസന്ത് കുഞ്ച് വിഹാറായിരുന്നു ഇയാളുടെ പ്രധാന മോഷണ കേന്ദ്രം. നല്ല രീതിയില്‍ വേഷം ധരിച്ചെത്തുന്ന ഇയാള്‍ രാഷ്ട്രീയ നേതാക്കളുടെയും അവരെ സഹായിക്കുന്ന സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരുടെയും വീടുകളില്‍ മാത്രമേ മോഷണം നടത്താറുണ്ടായിരുന്നുള്ളൂ എന്ന് പൊലിസ് പറയുന്നു.
കനയ്യ കുമാറിനെതിരേ ബി.ജെ.പി ആക്രമണം
കൊല്‍ക്കത്ത: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവായിരുന്ന കനയ്യ കുമാറിനെതിരേ വീണ്ടും ബി.ജെ.പി-ആര്‍.എസ്.എസ് ആക്രമണം. കനയ്യയെ ഇന്ത്യന്‍ തീവ്രവാദിയെന്നും ഐ.എസ് ഏജന്റെന്നും ആക്രോശിച്ചായിരുന്നു സംഘം ആക്രമിച്ചത്. സി.പി.ഐയുടെ വിദ്യാര്‍ഥി- യുവജന സംഘടനകള്‍ ബംഗാളില്‍ നടത്തിയ പരിപാടിക്കിടെയായിരുന്നു ആക്രമണം. മിഡ്‌നാപൂരിലെ റാലിക്കിടെ കനയ്യക്ക് നേരെ ആര്‍.എസ്.എസുകാര്‍ പാഞ്ഞടുക്കുകയും കനയ്യ രാജ്യദ്രോഹിയാണെന്നും പാക്കിസ്ഥാനിലേക്ക് പോകണമെന്നും മുദ്രാവാക്യം വിളിച്ച് ചീമുട്ട എറിയുകയും ചെയ്തു.
ഇതോടെ എ.ഐ.എസ്.എഫ്-എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. ഉടന്‍ തന്നെ പൊലിസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 19 ബി.ജെ.പി പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു.
അപകടത്തില്‍പ്പെട്ട യാത്രക്കാര്‍ക്ക് സൗജന്യ യാത്രയും നിഷേധിച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഉത്കല്‍ എക്‌സ്പ്രസ് പാളംതെറ്റി അപകടത്തില്‍പ്പെട്ട യാത്രക്കാരില്‍നിന്ന് തുടര്‍യാത്രയ്ക്ക് ഭീഷണിപ്പെടുത്തി പണം ഈടാക്കിയതായി പരാതി. പരുക്കേറ്റ എട്ടുപേര്‍ ഉള്‍പ്പെടെ 19 പേരാണ് സംസ്ഥാന സര്‍ക്കാരിന്റെ ബസില്‍ യാത്രചെയ്തിരുന്നത്. അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യയാത്ര ഒരുക്കുമെന്ന യു.പി സര്‍ക്കാരിന്റെ ഉറപ്പ് ലംഘിച്ചാണ് ഹരിദ്വാറിലേക്ക് പോയവരില്‍നിന്ന് പണം ഈടാക്കിയത്. രാത്രിയില്‍ വിജനമായ സ്ഥലത്ത് ബസ് നിര്‍ത്തിയ ഡ്രൈവര്‍ ടിക്കറ്റെടുക്കുകയോ പുറത്തുപോവുകയോ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് യാത്രക്കാര്‍ പറഞ്ഞത്.
ഒരാളില്‍നിന്ന് ടിക്കറ്റിന് 125 രൂപയാണ് ഈടാക്കിയത്. അപകടത്തില്‍പ്പെട്ട ട്രെയിനിലെ യാത്രക്കാര്‍ക്ക് സര്‍ക്കാരിന്റെ ബസുകളില്‍ സൗജന്യയാത്ര ഒരുക്കിയിരുന്നെന്നും ഇത് ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കുമെന്നും സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ മാനേജിങ് ഡയരക്ടര്‍ ഗുരുപ്രസാദ് പറഞ്ഞു.
ബ്ലൂവെയിലിനെതിരേ ബോധവല്‍ക്കരണം
ഗുഡ്ഗാവ്: ബ്ലൂ വെയില്‍ ഗെയിം കൗമാരക്കാരെ പിടിമുറുക്കുന്നത് തടയുന്നതിനായി കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്ന് ഹരിയാന സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും കൗണ്‍സിലിങ് നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്.
അഞ്ചു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ബ്ലൂവെയിലിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തുക. ഈ ഗെയിമില്‍ അംഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കുട്ടികള്‍ മരിക്കുന്നുണ്ടെന്ന വാര്‍ത്തയെതുടര്‍ന്നാണ് കമ്മിഷന്റെ നടപടി.
ഭീകരനെ സുരക്ഷാ സേന കൊലപ്പെടുത്തി
ശ്രീനഗര്‍: ഉത്തര കശ്മിരിലെ കുപ്്‌വാര ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഹഫുര്‍ദാ വനമേഖലയോടു ചേര്‍ന്നുള്ള ഹോങിനികോട്ടിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്.
പ്രദേശത്ത് ഭീകര സാന്നിധ്യം ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തെരച്ചില്‍ നടത്തിയത്. ഇതിനിടയില്‍ സുരക്ഷാ സേനക്കുനേരെ ആക്രമണമുണ്ടാവുകയും ശക്തമായ തിരിച്ചടിയിലാണ് ഒരു ഭീകരന്‍ കൊല്ലപ്പെട്ടതെന്നും സൈനിക വക്താവ് അറിയിച്ചു.
അധ്യാപിക
ആത്മഹത്യ ചെയ്തു
വെല്ലൂര്‍: നീറ്റ് പരീക്ഷയില്‍ മകള്‍ വിജയിക്കില്ലേയെന്ന ആശങ്കയെത്തുടര്‍ന്ന് മാതാവ് ആത്മഹത്യ ചെയ്തു. വെല്ലൂര്‍ അണ്ണാ നഗര്‍(വെസ്റ്റ്) സ്വദേശിനി എസ്. നിത്യലക്ഷ്മിയാണ് ആത്മഹത്യ ചെയ്തത്.
അധ്യാപികയായ ഇവര്‍ മകളുടെ പഠനത്തില്‍ ഉല്‍ക്കണ്ഠാകുലയായിരുന്നുവെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."