മുത്വലാഖില്‍ സമഗ്ര ചര്‍ച്ച അനിവാര്യം: മുസ്‌ലിംലീഗ്
മലപ്പുറം: മുത്വലാഖ് സംബന്ധിച്ച് നിയമ നിര്‍മാണം നടക്കുകയാണെങ്കില്‍ സമഗ്രമായ ചര്‍ച്ച അനിവാര്യമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കോടതി ഉത്തരവിനെ മറികടക്കാനും പിന്തുണയ്ക്കാനും രാജ്യത്ത് നിയമനിര്‍മാണം നടക്കാറുണ്ട്. ഇങ്ങനെയൊരു ഘട്ടം വന്നാല്‍ എല്ലാവരുമായി കൂടി ആലോചിക്കണം. കേന്ദ്രസര്‍ക്കാരിന്റെ പല നിലപാടുകളും വച്ച് നോക്കുമ്പോള്‍ ആശങ്കയുണ്ട്. കോടതി വിധി ദുരപയോഗം ചെയ്ത് രാഷ്ട്രീയ ആയുധമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ശ്രമിച്ചിട്ടുള്ളത്. മുസ്‌ലിം വിവാഹ മോചനവുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ തന്നെ മുസ്‌ലിം ലീഗ് മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിനൊപ്പമാണ്. വിധി കൂടുതല്‍ പഠിച്ച ശേഷം അവരുടെ കൂടെ നില്‍ക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.
ഏകപക്ഷീയമായി മുന്നോട്ടു പോകാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ മറ്റ് മുസ്‌ലിം സംഘടനകളുമായി യോജിച്ച് ഇക്കാര്യത്തില്‍ കടുത്ത നിലപാടിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
മുത്വലാഖ് വിധി ചരിത്രപരമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മുത്വലാഖ് വിഷയത്തില്‍ സുപിം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം കോടതിവിധിയോട് പ്രതികരിച്ചത്. വിധി മുസ്്‌ലിം സ്ത്രീകള്‍ക്ക് തുല്യത നല്‍കിയെന്നും സ്ത്രീ ശാക്തീകരണത്തിനുള്ള ശക്തമായ നീക്കമാണെന്നും മോദി അഭിപ്രായപ്പെട്ടു.
ഭൂരിപക്ഷ വിധിപ്രകാരം മുത്വലാഖ് നിയമവിരുദ്ധമാണെന്ന അന്തിമ വിധിയിലേക്ക് കോടതി എത്തിയത് സര്‍ക്കാരിന്റെ നിലപാടിനോടുള്ള പിന്തുണയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വിധിയില്‍ ആറുമാസത്തിനകം നിയമ നിര്‍മാണം നടത്താന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോടതി വിധി സ്വാഗതം ചെയ്യുന്നു: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മുത്വലാഖ് വിഷയത്തില്‍ സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്ത്രീകള്‍ക്ക് നീതി ലഭിച്ചുവെന്നും അവരെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു. കോടതി വിധിയെ കോണ്‍ഗ്രസ് നേതൃത്വവും സ്വാഗതം ചെയ്തു. സമൂഹത്തില്‍ സ്ത്രീകള്‍ നേരിട്ടിരുന്ന വിവേചനം വിധിയോടെ ഇല്ലാതാകുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
വിധി സാമൂഹിക സമത്വത്തിന് ഇടയാക്കും:
രവിശങ്കര്‍ പ്രസാദ്
ന്യൂഡല്‍ഹി: സാമൂഹിക സമത്വത്തിന് അനുയോജ്യമായ വിധിയാണ് മുത്വലാഖ് വിഷയത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. ഭരഘടനാപരമായ മൂല്യത്തെ വിധി ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1980കളില്‍ അന്നത്തെ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെങ്കില്‍ ഇന്നത്തെ സര്‍ക്കാര്‍ ധൈര്യപൂര്‍വമാണ് ഇടപെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിധിയെ രാഷ്ട്രീയവല്‍ക്കരിക്കരുത്:
മായാവതി
ലഖ്‌നൗ: മുത്വലാഖ് സംബന്ധിച്ച് സുപ്രിം കോടതി പുറപ്പെടുവിച്ച വിധി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന് ബി.എസ്.പി നേതാവ് മായാവതി. ഈ വിഷയത്തില്‍ എന്തെങ്കിലും നടപടി സ്വീകരിക്കണമെങ്കില്‍ അതിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണ്. ഇക്കാര്യത്തില്‍ ആര്‍.എസ്.എസിന്റെ ഇടുങ്ങിയ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്തരുതെന്നും അവര്‍ പറഞ്ഞു.
വ്യക്തിനിയമ ബോര്‍ഡ് യോഗം 10ന്
ന്യൂഡല്‍ഹി: മുത്വലാഖ് വിഷയത്തില്‍ സുപ്രിം കോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തില്‍ അഖിലേന്ത്യാ മുസ്്‌ലിം വ്യക്തി നിയമ ബോര്‍ഡ് എന്ത് നടപടി സ്വീകരിക്കണമെന്ന് സംബന്ധിച്ച് സെപ്തംബര്‍ 10ന് ഭോപ്പാലില്‍ യോഗം ചേരും.
സുപ്രിം കോടതി വിധി വന്ന ഉടനെയാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ബോര്‍ഡ് വ്യക്തമാക്കിയത്. വ്യക്തിനിയമ ബോര്‍ഡിന്റെ വര്‍കിങ് കമ്മിറ്റി യോഗം ചേര്‍ന്ന് വിധിയെക്കുറിച്ച് വ്യക്തമായ ചര്‍ച്ച നടത്തുമെന്ന് ബോര്‍ഡ് അംഗം സഫര്‍യാബ് ജീലാനി വ്യക്തമാക്കി. ഭോപ്പാലില്‍ ചേരുന്ന യോഗത്തില്‍ ബാബരി മസ്ജിദ് സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
നിയമനിര്‍മാണം മൗലികാവകാശങ്ങളുടെ ലംഘനം:
ജമാഅത്തെ ഇസ്‌ലാമി
കോഴിക്കോട്: മുത്വലാഖ് വിഷയത്തില്‍ നിയമനിര്‍മാണം നടത്തുന്നതും കോടതി ഇടപെടുന്നതും മൗലികാവകാശങ്ങളുടെ ലംഘനവും ഭരണഘടന ഉറപ്പു നല്‍കുന്ന ന്യൂനപക്ഷ പരിരക്ഷയ്ക്കു വിരുദ്ധവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരളാ അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പത്രകുറിപ്പില്‍ അറിയിച്ചു.
നിയമനിര്‍മാണം നടത്തുമ്പോള്‍ പണ്ഡിതന്‍മാരുടെയും പേഴ്‌സണല്‍ ലോ ബോര്‍ഡ് പോലുള്ള സംഘടനകളുടെയും അഭിപ്രായം പരിഗണിച്ചുകൊണ്ടായിരിക്കണം. മുത്വലാഖ് ഭരണഘടന വക വച്ചുതന്ന മുസ്‌ലിം പേഴ്‌സണല്‍ ലോയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."