രാഹുല്‍ ഈശ്വറിനെതിരേ ഹാദിയയുടെ പിതാവ് പരാതി നല്‍കി
കോട്ടയം: ഇസ്‌ലാംമതം സ്വീകരിച്ച് ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പമയച്ച ഡോ. ഹാദിയയുടെ പിതാവ് ഹിന്ദുത്വ പ്രചാരകന്‍ രാഹുല്‍ ഈശ്വറിനെതിരേ പൊലിസില്‍ പരാതി നല്‍കി.
രാഹുല്‍ ഈശ്വര്‍ വീട്ടിലെത്തി പകര്‍ത്തിയ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ട് വിശ്വാസവഞ്ചന കാട്ടിയെന്ന് ചൂണ്ടിക്കാണിച്ചാണ് വൈക്കം പൊലിസ് സ്റ്റേഷനില്‍ പിതാവ് അശോകന്‍ പരാതി നല്‍കിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം.
ഇന്നലെ രാവിലെ വൈക്കം പൊലിസ് സ്‌റ്റേഷനില്‍ നേരിട്ടെത്തിയാണ് അശോകന്‍ പരാതി നല്‍കിയത്. പരാതിയില്‍ പറയുന്ന പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇങ്ങനെ: 'ശബരിമല തന്ത്രി കുടുംബാംഗമാണെന്നും ഹൈന്ദവ സാമൂഹ്യപ്രവര്‍ത്തകനാണെന്നും പറഞ്ഞ രാഹുല്‍, താന്‍ സംസാരിച്ച് കുട്ടിയുടെ മനസ്സിന് മാറ്റംവരുത്താന്‍ സാധിക്കുമെന്നും പറഞ്ഞാണ് പൊലിസ് ഒരുക്കിയ അതീവ സുരക്ഷയില്‍ കഴിയുന്ന ഹാദിയയുടെ വീട്ടിലെത്തിയത്. മൂന്നുതവണ രാഹുല്‍ വീട്ടില്‍ വന്നിരുന്നു. ഹാദിയ കേസിലെ ഹൈക്കോടതി വിധിയുണ്ടായി രണ്ടാഴ്ചയ്ക്കുശേഷമാണ് ആദ്യം രാഹുലെത്തുന്നത്. ഹാദിയയുമായി സംസാരിച്ചെന്നും അല്‍പ്പം മാറ്റമുണ്ടെന്നും പറഞ്ഞ ഇയാള്‍ ഒന്നരമാസത്തിനുശേഷം വീണ്ടുമെത്തി. അപ്പോഴും എല്ലാം ശരിയാവുമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. ഇതിനുശേഷം കഴിഞ്ഞ 17ന് വീണ്ടുമെത്തി ഹാദിയയോടൊപ്പം മുറിക്കുള്ളിലിരുന്ന് മുക്കാല്‍ മണിക്കൂറോളം സംസാരിച്ചു. സംസാരത്തിനിടയില്‍ മുറിയിലേക്ക് താന്‍ കടന്നുചെല്ലുമ്പോള്‍ മകളുമായി സെല്‍ഫിയെടുക്കുന്നതു കണ്ടു. ഇത് താന്‍ വിലക്കിയതിനെത്തുടര്‍ന്ന് തന്റെ സ്വകാര്യ ആവശ്യത്തിനാണെന്നും പറഞ്ഞ് തന്നെക്കൂടി വിളിച്ചിരുത്തി ചിത്രമെടുക്കുകയായിരുന്നു. പുറത്തുവിടില്ലെന്ന ഉറപ്പില്‍ തങ്ങളുടെ സംഭാഷണങ്ങളെല്ലാം വിഡിയോയില്‍ പകര്‍ത്തി. വീട്ടില്‍നിന്ന് പോയശേഷം ഈ ചിത്രങ്ങളും വീഡിയോയും മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രചാരണത്തിനു നല്‍കുകയായിരുന്നു'. പരാതിയില്‍ പറയുന്നു. രാഹുല്‍ തന്നെയും കുടുംബത്തെയും തെറ്റിദ്ധരിപ്പിച്ച് വിശ്വാസവഞ്ചന നടത്തുകയും ഹൈക്കോടതിയുടെയും സുപ്രിംകോടതിയുടെയും വിധിയെ ലംഘിക്കുകയും ചെയ്തിരിക്കുകയാണെന്നും അശോകന്‍ പറഞ്ഞു. നിയമോപദേശം തേടി പ്രാഥമികാന്വേഷണത്തിനുശേഷം കേസെടുക്കുമെന്ന് പൊലിസ് അറിയിച്ചു. അതേസമയം പരാതിക്ക് കാരണമായി ഉന്നയിച്ച സെല്‍ഫിയില്‍ അശോകന്‍ പൂര്‍ണസമ്മതത്തോടെ ചിരിച്ച് നില്‍ക്കുന്നത് കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."