സ്വാശ്രയം: പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ വിഷയത്തിലും ബാലാവകാശ കമ്മിഷന്‍ വിവാദത്തിലും നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധമിരമ്പി. ഇരുവിഷയങ്ങളിലും മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരേ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. സ്വാശ്രയമെഡിക്കല്‍ പ്രവേശനത്തിലെ അനിശ്ചിതത്വം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് വി.ഡി സതീശന്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയിരുന്നു. ഇതിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ത്തന്നെ പ്രതിപക്ഷാംഗങ്ങള്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി ബഹളം വയ്ക്കുകയായിരുന്നു. ശൈലജ രാജിവയ്ക്കുക, ഇല്ലെങ്കില്‍ മന്ത്രിസഭയില്‍നിന്നു മുഖ്യമന്ത്രി പുറത്താക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു പ്രതിഷേധം.
ചോദ്യോത്തരവേളയില്‍ മന്ത്രി സംസാരിക്കാന്‍ എഴുന്നേറ്റപ്പോഴൊക്കെ പ്രതിപക്ഷാംഗങ്ങള്‍ എഴുന്നേറ്റു നിന്ന് മുദ്രാവാക്യം വിളിച്ചു.
അടിയന്തര പ്രമേയ നോട്ടിസിന് മറുപടി പറയാന്‍ ആരോഗ്യമന്ത്രി എഴുന്നേറ്റതോടെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ചേമ്പറിന് മുന്നിലെത്തി ബഹളം വച്ചത്.
പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും സംസാരിക്കാനുള്ള അവസരം നല്‍കുന്നതല്ലാതെ ആര് മറുപടി പറയണമെന്നോ എന്ത് പറയണമെന്നോ പറയാനുള്ള അധികാരം സഭാധ്യക്ഷന് ഇല്ലെന്നും അത് സര്‍ക്കാരിന്റെ അവകാശമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. സ്പീക്കര്‍ ലഘുവിശദീകരണത്തിനായി ആരോഗ്യമന്ത്രിയെ ക്ഷണിച്ചതോടെ പ്രതിപക്ഷ പ്രതിഷേധം ഉച്ചസ്ഥായിയിലായി.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ഓഗസ്റ്റ് 31നകം കോളജുകളിലെ അലോട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാകുമെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
മന്ത്രിയുടെ മറുപടിക്ക് ശേഷം വി.ഡി സതീശനെ സ്പീക്കര്‍ ക്ഷണിച്ചെങ്കിലും അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിക്കേണ്ടെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം.
പ്രതിഷേധം വകവയ്ക്കാതെ സഭാനടപടികള്‍ തുടരുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചതോടെ സഭ ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷാംഗങ്ങള്‍ പുറത്തിറങ്ങി. സഭാ കവാടത്തില്‍ സത്യഗ്രഹമിരിക്കുന്ന എല്‍ദോസ് കുന്നപ്പിള്ളി, റോജി എം ജോണ്‍, വി.പി സജീന്ദ്രന്‍, ടി.വി ഇബ്രാഹിം, എന്‍ ഷംസുദ്ദീന്‍ എന്നിവരോടൊപ്പമിരുന്നു പ്രതിഷേധം തുടര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."