മതമൈത്രിയുടെ മലപ്പുറം മനസ്സ്
അള്ളാഹു അക്ബര്‍....അള്ളാഹു അക്ബര്‍..!!
മഗ്‌രിബ് ബാങ്ക് ഉയര്‍ന്നതോടെ ക്ഷേത്രപരിസരത്തിരുന്നവര്‍ നോമ്പു തുറന്നു.
അതില്‍ ഹിന്ദുക്കളും മുസ്‌ലിംകളും, ക്രിസ്ത്യാനികളുമുണ്ട്. മതമുള്ളവരും ഇല്ലാത്തവരുമുണ്ട്.
ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമപ്പുറം ഇഴപിരിയാത്ത സ്‌നേഹത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും തെളിനീരുകൊണ്ടുള്ള ഇഫ്താര്‍ വിരുന്ന്.
മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ ശ്രീലക്ഷ്മി നരസിംഹമൂര്‍ത്തി വിഷ്ണുക്ഷേത്രകമ്മിറ്റിയാണു പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ റമദാനില്‍ സര്‍വമതസാഹോദര്യത്തിന്റെ കാഹളമായി ഒരുമയുടെ നോമ്പുതുറ ഒരുക്കിയത്.
വളാഞ്ചേരി വൈക്കത്തൂര്‍ കോട്ടീരി പൊന്നാത്ത് പ്രഭാകരന്റെ വീട്ടിലുമുണ്ട് റമദാന്‍ വിശേഷം. റമദാനിലൊരുനാള്‍ മുസ്‌ലിംകള്‍ ഈ തറവാട്ടില്‍ നോമ്പുതുറക്കും. നമസ്‌കാരത്തിനായി മുസല്ലകള്‍ വിരിക്കുന്നത് ഈ വീടിന്റെ അകത്തളങ്ങളില്‍തന്നെ.
പെരുവള്ളൂര്‍ കെ.കെ. പടി സ്വദേശി ആച്ചപ്പറമ്പില്‍ മാഹിനലി മാസ്റ്ററുടെ വീട്ടിലെ സ്ഥിതിയും മറിച്ചല്ല. പെരുന്നാള്‍ദിനത്തില്‍ മാഹിനലി മാസ്റ്റര്‍ വിരുന്നൊരുക്കുന്നതു പരിസരത്തെ ഹൈന്ദവവീട്ടുകാര്‍ക്കു കൂടിയാണ്. അന്നേദിവസം ഹൈന്ദവവീടുകളില്‍ ഭക്ഷണമൊരുക്കാറില്ല. മാഹിനലി മാസ്റ്ററുടെ വീട്ടിലാണ് അവര്‍ക്കുള്ള ഉച്ചയൂണ്.
ജാതി,മത വേര്‍തിരിവില്ലാതെ ഒരു പായയിലിരുന്നു ഭക്ഷണം കഴിക്കുമ്പോള്‍, തലമുറകള്‍ കൈമാറിവന്ന മതമൈത്രിയുടെ നേര്‍ക്കാഴ്ചയാണ് ഇവിടങ്ങളിലെല്ലാം ദൃശ്യമാകുന്നത്.
സൗഹൃദത്തിന്റെ ഇത്തരം വേറിട്ടകാഴ്ചകള്‍ മലപ്പുറത്തിന്റെ സ്വന്തം അഹങ്കാരമാണ്.
പള്ളിയിലെ ആത്മീയച്ചടങ്ങുകള്‍ വര്‍ണാഭമാക്കാന്‍ ഹൈന്ദവചെറുപ്പക്കാരും ക്ഷേത്രവളപ്പില്‍ ഉത്സവം കെങ്കേമമാക്കാന്‍ മുസ്ലിംയുവാക്കളും ഉത്സാഹിക്കുന്ന നന്മ നിറഞ്ഞ നാടാണിത്.
ക്രിസ്തീയദേവാലയങ്ങളിലും മതമൈത്രിയുടെ ഇത്തരം കാഴ്ചകള്‍ കാണാം.
അതിരുകളില്ലാത്ത ഒരുമയുടെയും സ്‌നേഹത്തിന്റെയും ആതിഥേയത്വത്തിന്റെയും പ്രതീകമാണു മലപ്പുറം.
പശ്ചിമഘട്ടത്തില്‍നിന്നും സഹ്യപര്‍വ്വതനിരകളില്‍നിന്നും കടലുണ്ടിപുഴയും ചാലിയാറും ഭാരതപ്പുഴയും അറബിക്കടലിലേയ്ക്ക് ഒഴുകുന്നതു മലപ്പുറത്തിന്റെ മാറിലൂടെയാണ്.
കുന്നുകളും താഴ്‌വാരങ്ങളും ഇടതൂര്‍ന്നുനില്‍ക്കുന്ന തെങ്ങിന്‍തോപ്പുകളും പച്ചപ്പരവതാനിവിരിച്ചു കിടക്കുന്ന വയലേലകളും പുരാതനക്ഷേത്രങ്ങളും പള്ളികളും മനകളും ഇല്ലങ്ങളുമെല്ലാം ഇതിന്റെ പാരമ്പര്യത്തെയും മതസാംസ്‌കാരിക പൈതൃകത്തെയും വിളിച്ചറിയിക്കുന്നു.
1969 ജൂണ്‍ 16നാണ് 3550 ചതുരശ്ര കി.മി വിസ്തീര്‍ണ്ണമുള്ള ഈ ജില്ലയുടെ പിറവി.
എന്നാല്‍, അതിനുമുമ്പേ നിരവധി ചരിത്രസംഭവങ്ങള്‍ക്ക് ഈ മണ്ണ് സാക്ഷ്യംവഹിച്ചു.
ആദ്യകാലംമുതല്‍ ഏറനാട്, വള്ളുവനാട് എന്നിങ്ങനെയുള്ള പേരുകളില്‍ അറിയപ്പെട്ട മലപ്പുറത്തിനു കോളനിവിരുദ്ധപ്പോരാട്ടങ്ങളുടെ മഹിതചരിത്രമുണ്ട്. മതസൗഹാര്‍ദത്തിനും മതാതീതകൂട്ടായ്മയ്ക്കും കേളികേട്ട നാടാണു മലപ്പുറം. സമാധാനപ്രിയരാണ് ഇവിടത്തുകാര്‍.
സാമൂതിരിയുടെ രണ്ടാംതലസ്ഥാനമായിരുന്ന പൊന്നാനി അക്കാലത്തു പ്രധാനതുറമുഖമായിരുന്നു. റോം, ചൈന, അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ വ്യാപാരികള്‍ ഇതുവഴി ഏറെക്കാലം കച്ചവടം നടത്തിപ്പോന്നു.
മൈസൂര്‍രാജാക്കന്മാരുടെ വരവോടെ മലപ്പുറംമണ്ണു മറ്റൊരു ചരിത്രത്തിനു വഴിമാറി.
ടിപ്പുവിന്റെ പടയോട്ടം പ്രകൃത്യാ മലപ്പുറത്തെ മാറ്റിമറിച്ചു. ടിപ്പുവെട്ടിയ റോഡുകളും വരച്ച അതിരുകളും പില്‍ക്കാലത്തു മലപ്പുറത്തിന്റെ പ്രധാനവീഥികളും അതിരുകളുമായി. പിന്നീട്, ബ്രിട്ടീഷുകാരുടെ തേരോട്ടമായിരുന്നു.
പോരാട്ടങ്ങളുടെയും പ്രതിരോധങ്ങളുടെയും രോമാഞ്ചജനകമായ ചരിത്രമുണ്ടു മലപ്പുറത്തിന്.
കുഞ്ഞാലിമരയ്ക്കാന്മാരുടെ നേതൃത്വത്തില്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരേയും ആലിമുസ്‌ലിയാരുടെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേയും ഇവിടെ ചോരച്ചാലുകള്‍ ഒഴുകി.
പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതി മുതല്‍ 1921 വരെ ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാട്ടം തുടര്‍ന്ന തിരൂരങ്ങാടിയും പൂക്കോട്ടൂരും തിരൂരും മുട്ടിച്ചിറയും ചേറൂരും മലപ്പുറത്തിന്റെ ഹൃദയഭാഗങ്ങളാണ്.
ബ്രിട്ടീഷ് അധിനിവേശത്തിനെതിരേ ശക്തമായി പടപൊരുതിയ ഈ പോരാട്ടഭൂമിയിലാണു മോയിന്‍കുട്ടിവൈദ്യരുടെ ഇശലുകള്‍ പെയ്തിറങ്ങിയത്. സൈനുദ്ദീന്‍ മഖ്ദൂം തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ചരിത്രഗ്രന്ഥമെഴുതിത്തീര്‍ത്തത് തുഞ്ചത്താചാര്യന്റെ മണ്ണിനോടുചേര്‍ന്ന പൊന്നാനിയില്‍വച്ചാണ്.
കാവ്യഭാവനയിലൂടെ മലയാളിയുടെ മനംകവര്‍ന്ന വള്ളത്തോള്‍ നാരായണമേനോന്‍, ഇടശ്ശേരി, നാരായണീയത്തിന്റെ കര്‍ത്താവ് മേല്‍പ്പത്തൂര്‍, ജ്ഞാനപ്പാന രചിച്ച പൂന്താനം, എം.ഗോവിന്ദന്‍, ഉറൂബ്, എം.ടി. ഇവരെല്ലാം മലപ്പുറത്തിന്റെ സുകൃതങ്ങളാണ്.
വെള്ളപ്പട്ടാളത്തിനെതിരേ പോരാടിയ പണ്ഡിതവര്യനും എഴുത്തുകാരനുമായ വെളിയങ്കോട് ഉമര്‍ഖാസി, മമ്പുറം സയ്യിദ് അലവി തങ്ങള്‍, സയ്യിദ് ഫസല്‍ പൂക്കോയതങ്ങള്‍, ആലിമുസ്‌ലിയാര്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, എം.പി നാരായണമേനോന്‍, കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍, പാണക്കാട് ഹുസൈന്‍ ആറ്റക്കോയതങ്ങള്‍, കെ. മാധവന്‍നായര്‍, ഇ. മൊയ്തുമൗലവി തുടങ്ങി ഈനാടിന്റെ ധീരപുരുഷന്മാരുടെ നിര നീളുന്നു.
ആര്യവൈദ്യത്തിന്റെ പെരുമ ലോകത്തിന്റെ നെറുകയിലെത്തിച്ച ഡോ. പി.എസ്. വാര്യര്‍ തുടങ്ങി ഒട്ടനവധി മഹത്‌വ്യക്തികളുടെ നാടാണ് മലപ്പുറം.
തിരുനാവായ നാവാമുകുന്ദക്ഷേത്രം, പൊന്നാനി മഖ്ദൂംപള്ളി, മമ്പുറം മഖാം, അങ്ങാടിപ്പുറം തളിക്ഷേത്രം, തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളി, കളിയാട്ടക്കാവ് ഭഗവതിക്ഷേത്രം, മലപ്പുറം സി.എസ്.ഐ. കത്തീഡ്രല്‍ പള്ളി, കൊടിഞ്ഞി പള്ളി, കൊണ്ടോട്ടി പഴയങ്ങാടി പള്ളി, കാടാമ്പുഴ ഭഗവതിക്ഷേത്രം, തുടങ്ങി ഒട്ടേറെ ആരാധനാലയങ്ങള്‍ മതസൗഹാര്‍ദത്തിന്റെയും വിശുദ്ധിയുടെയും ചിഹ്നങ്ങളായി ഈ മണ്ണില്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.
പ്രകൃതിരമണീയതകൊണ്ടും സാംസ്‌കാരികകേന്ദ്രങ്ങള്‍കൊണ്ടും അനുഗ്രഹീതമാണു മലപ്പുറം. കോട്ടക്കുന്ന്, കടലുണ്ടിക്കടവ്, തിരൂര്‍ കൂട്ടായി അഴിമുഖങ്ങള്‍, ചെരിപ്പടി മല, നിലമ്പൂരിലെ കനോലിപ്ലോട്ട്, നെടുങ്കയം, ആഢ്യന്‍പാറ വെള്ളച്ചാട്ടം, കൊടിഞ്ഞിയിലെ ഇരട്ടപ്പെരുമ, കൊടികുത്തിമല, അറബിക്കടല്‍ തുടങ്ങിയവ ഈ നാട്ടിലേക്കു സഞ്ചാരികളെ മാടിവിളിക്കുന്നു. പൂന്താനം ഇല്ലവും തുഞ്ചന്‍ മഠവും കൊണ്ടോട്ടി മോയിന്‍കുട്ടിവൈദ്യര്‍ സ്മാരകവും കേരളത്തിലെ ഇന്‍ഡോ പേര്‍ഷ്യന്‍ വാസ്തുശില്‍പത്തിന്റെ പ്രതീകമായ കൊണ്ടോട്ടി ഖുബ്ബയുമെല്ലാം നാടിന്റെ സാംസ്‌കാരികത്തനിമ നിലനിര്‍ത്തുന്നു. ആയുര്‍വൈദ്യത്തിന്റെ അവസാനത്തെ വാക്കായ കോട്ടക്കല്‍ മാരകരോഗികള്‍ക്കുപോലും ആശ്രയസ്ഥാനമാണ്.
ഹൈന്ദവവിശ്വാസിയുടെ ചികിത്സയ്ക്കുവേണ്ടി പിരിവെടുക്കുന്ന മുസ്‌ലിംപള്ളികളാണു മലപ്പുറത്ത്. വിവാഹവും മരണവും ഉടപ്പിറപ്പിന്റെ സന്തോഷവും ദുഃഖവുമാണെന്നു തിരിച്ചറിയുന്നവര്‍. തലമുറകളായി കൈമാറിവരുന്ന സൗഹാര്‍ദത്തിന്റെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കൈത്തിരിയാണു മലപ്പുറത്തിന്റെ വെളിച്ചം.
മതസൗഹാര്‍ദത്തിലും സാഹോദര്യത്തിലും ഇത്രയൊക്കെ സവിശേഷതകള്‍ നിലനില്‍ക്കുന്ന മലപ്പുറത്തെ മോശമായി ചിത്രീകരിക്കാന്‍ അന്നുമിന്നും ഗൂഢശ്രമം നടന്നുവരുന്നു എന്നതു യാഥാര്‍ഥ്യമാണ്. ജില്ലാ രൂപീകരണവേളയില്‍ തന്നെ 'കുട്ടിപ്പാക്കിസ്താന്‍' ആയിട്ടാണു ജില്ലയെ വിശേഷിപ്പിച്ചത്. മലബാര്‍ കലാപത്തില്‍ പങ്കെടുത്ത പല ചരിത്രപുരുഷന്മാരെയും വര്‍ഗീയകോമരങ്ങളും ഭീകരവാദികളുമാക്കി മാറ്റി. സിനിമകളില്‍വരെ മലപ്പുറത്തെ ബോംബ് നിര്‍മാണകേന്ദ്രമായി ചിത്രീകരിക്കാന്‍ തുടങ്ങിയിട്ടു കാലമേറെയായി.
മലപ്പുറത്തോടുള്ള വിരോധം ഇവിടെ ജീവിക്കുന്ന മനുഷ്യര്‍ക്കുനേരേ അപവാദം പ്രചരിപ്പിച്ചാണു പലരും അരിശം തീര്‍ത്തത്. മനുഷ്യരെ പന്നിക്കുഞ്ഞുങ്ങളോടു ചിലര്‍ ഉപമിച്ചത് ഈ വര്‍ത്തമാന കാലത്താണ്. മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണു പരീക്ഷകള്‍ വിജയിക്കുന്നതെന്നു പറഞ്ഞതു നാടിന്റെ മുഖ്യമന്ത്രിസ്ഥാനം അലങ്കരിച്ച വ്യക്തിയാണ്.
സാമുദായികമായി മലപ്പുറത്തിന്റെ മനസിനെ വേര്‍തിരിച്ചു ഹിന്ദു,മുസ്‌ലിം ധ്രുവീകരണത്തിനുള്ള കോപ്പുകൂട്ടുകയാണ് അണിയറയില്‍ ചില ഛിദ്രശക്തികള്‍. ജില്ലയില്‍ അനേകം സിനിമാ തിയറ്ററുകള്‍ കത്തിയമര്‍ന്നതും വര്‍ഷങ്ങള്‍ക്കു മുമ്പ് താനൂര്‍ ശോഭായാത്രയ്ക്കിടെ ബോംബ് കണ്ടെടുത്തതും കൂമങ്കപുഴയില്‍ പൈപ്പ് ബോംബുകള്‍ എത്തിയതും ആനുകാലിക സംഭവവികാസങ്ങളുമെല്ലാം ഉദാഹരണങ്ങള്‍ മാത്രം.
ബാബരിമസ്ജിദ് തകര്‍ത്തപ്പോഴും അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ വാതിലിനു തീവച്ചപ്പോഴും കൊടിഞ്ഞിയില്‍ ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയപ്പോഴും നിലമ്പൂര്‍ പൂക്കോട്ടുംപാടം ശിവക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍ തകര്‍ത്തപ്പോഴുമെല്ലാം മലപ്പുറത്തു കണ്ടത് ഇതേ ഐക്യം തന്നെ. നാട് ഒരുപിടി ചാരമാകാവുന്ന ഇത്തരം തീപ്പൊരികളെ ഏറെ പക്വതയോടെ ഊതിക്കെടുത്തിയ ഏകമനസ്സാണു മലപ്പുറത്തിന്റേത്.
മലപ്പുറത്തിന്റെ മണ്ണില്‍ ഓരോരുത്തര്‍ക്കും അവരുടെ വിശ്വാസങ്ങളുണ്ട്. ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. അതിനു സാമുദായിക വേര്‍തിരിവോ, അതിര്‍വരമ്പുകളോ ഇല്ലെന്നതാണു യാഥാര്‍ഥ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."