' ഇത് രാജീവ് സർക്കാരല്ല മോദി സർക്കാർ'- രവിശങ്കർ പ്രസാദ്
ന്യൂഡൽഹി: ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത് മോദി സർക്കാറാണ് രാജീവ് ഗാന്ധി സർക്കാറല്ലെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കർ പ്രസാദ്. കോൺഗ്രസിന്റെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെപോലെ സമ്മർദത്തിന് വഴങ്ങി പിൻവാങ്ങുന്നയാളല്ല നരേന്ദ്രമോദിയെന്നും മുത്വലാഖ് വിഷയത്തിലെ സുപ്രിം കോടതി വിധി അദ്ദേഹത്തിന്റെ ഇച്ഛാശക്തിയുടെ വിജയമാണെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
മോദിയെ കുറിച്ച് ഞാൻ അഭിമാനം കൊള്ളുന്നു. അദ്ദേഹം മുത്വലാഖിന്റെ ഇരകൾക്കു പിന്നിൽ ഉറച്ചു നിന്നു. മാറ്റത്തിന്റെ പാതയിലായ പുതിയ ഇന്ത്യയുടെ സൂചനയാണ് വിധി. അതിന് നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വം ഉണ്ട് എന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്നും രവിശങ്കർ പ്രസാദ് പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസമാണ് മുത്വലാഖ് (മൂന്നു വിവാഹമോചനവും ഒന്നിച്ചുചൊല്ലൽ) അസാധുവാക്കി സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. ആറുമാസത്തേക്ക് മുത്വലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തുന്നത് വിലക്കിയ കോടതി, ആറുമാസത്തിനുള്ളിൽ പുതിയ നിയമനിർമാണം നടത്താൻ കേന്ദ്രസർക്കാരിനു നിർദേശം നൽകി.
ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാർ, ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, ആർ.എഫ് നരിമാൻ, യു.യു ലളിത്, എസ്. അബ്ദുൽ നസീർ എന്നിവരടങ്ങിയ സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്. മുത്വലാഖിന് മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ പരിരക്ഷയുണ്ടോയെന്ന കാര്യത്തിൽ അഞ്ചംഗ ബെഞ്ച് വ്യത്യസ്ത നിലപാടാണ് എടുത്തത്. മുത്വലാഖ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ബെഞ്ചിന്റെ തലവൻ ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറും അബ്ദുൽ നസീറും നിലപാടെടുത്തപ്പോൾ കുര്യൻ ജോസഫും നരിമാനും യു.യു ലളിതും ഭരണഘടനാവിരുദ്ധമാണെന്ന നിലപാടാണ് സ്വീകരിച്ചത്. മുത്വലാഖ് സംബന്ധിച്ചുള്ള രാഷ്ട്രീയ ഭിന്നതകൾ ഒഴിവാക്കി പുതിയ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതും ജെ.എസ് ഖെഹാറും അബ്ദുൽ നസീറുമാണ്. ആറു മാസത്തിനകം നിയമനിർമാണം ഉണ്ടായില്ലെങ്കിൽ നിരോധനം വീണ്ടും തുടരുമെന്നും കോടതി അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."