പത്തുലക്ഷം വിലവരുന്ന ഹാഷിഷും വിദേശ കറന്‍സിയുമായി രണ്ടുപേര്‍ പിടിയില്‍
തൃശൂര്‍: പത്ത് ലക്ഷം രൂപ വില വരുന്ന ഹാഷിഷും വിദേശ കറന്‍സിയുമായി രണ്ട് പേരെ മെഡിക്കല്‍ കോളജ് പൊലിസ് അറസ്റ്റു ചെയ്തു. ഫോര്‍ട്ട് കൊച്ചി സി.പി തോട് സ്വദേശി ഷൈജു(33), കൂരികുഴി വിട്ടില്‍ അപ്പു എന്ന മെഹറൂഫ്(25) എന്നിവരാണ് പിടിയിലായത്.
220 ഗ്രാം ഹാഷിഷാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഈ സംഘത്തിലെ മൂന്ന് പേരെ മുന്‍പ് പൊലിസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഗോവയില്‍ നിന്നുമാണ് ഇപ്പോള്‍ രണ്ടുപേരെ പിടികൂടിയത്.
ലോഡ്ജുകളില്‍ താമസിച്ച് വിദ്യാര്‍ഥികള്‍ക്കും മറ്റും മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന കാറളം വെളുത്തേടത്ത് പറമ്പില്‍ വീട്ടില്‍ ഷലീല്‍(28), വടക്കാഞ്ചേരി അകമല വാടാനപറമ്പില് വീട്ടില്‍ ഷമീര്‍(27), കുണ്ടന്നൂര്‍ ആറ്റത്ര മുല്ലക്കല്‍ വീട്ടില്‍ വൈശാഖ് (29) എന്നിവര്‍ ആണ് നേരത്തെ 130 ഗ്രാം ഹാഷിഷുമായി അറസ്റ്റിലായിരുന്നത്. ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ നിന്ന് ഷലീല്‍ ആണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്.
പേരാമംഗലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.സന്തോഷിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ രണ്ടുപേരെ അറസ്റ്റു ചെയ്തിരിക്കുന്നത്. എ.എസ്.ഐ രാജന്, എസ്.സി.പി.ഒ ടെബി ജോര്‍ജ്, സി.പി.ഒമാരായ ശ്രീജിത്ത്, ശ്രീകാന്ത്, ശശിധരന്, ഡീജോ, നീധീഷ്, ശ്യംലാല്‍, ശെല്‍വരാജ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
ഇവര്‍ വിദേശികളെ കേന്ദ്രീകരിച്ചാണ് മയക്ക് മരുന്നു വിതരണം ചെയ്യുന്നത്. കൊച്ചിയില്‍ ഈയിടെ പിടികൂടിയ മയക്കു മരുന്ന മാഫിയ സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് സംശയിക്കുന്നു.
ഏതാനും വിദേശ കറന്‍സിയും ഇവരില്‍ നിന്ന് പടിച്ചെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."