ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് ഓണറേറിയം വര്‍ധിപ്പിച്ചു: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് 11 ജില്ലകളിലായി പ്രവര്‍ത്തിച്ചുവരുന്ന 285 ഏകാധ്യാപക വിദ്യാലയങ്ങളിലെ (എം.ജി.എല്‍.സി) അധ്യാപകര്‍ക്ക് ഓണറേറിയം 2017 ജൂണ്‍ മുതല്‍ 17,325 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. വര്‍ധിപ്പിച്ച ഓണറേറിയം നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതായും റോഷി അഗസ്റ്റിന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.
വിദ്യാഭ്യാസ വകുപ്പില്‍ അധ്യാപക നിയമനങ്ങള്‍ പി.എസ്.സി മുഖേനെയായതിനാല്‍ വിദ്യാവോളണ്ടിയര്‍മാരെ പി.എസ്.സിയുടെ അനുമതിയില്ലാതെ സ്‌കൂളുകളില്‍ നിയമിക്കാന്‍ സാധിക്കുകയില്ലെന്നും മന്ത്രി അറിയിച്ചു. നിലവിലുള്ളവരില്‍ പലരും അധ്യാപകരാവാന്‍ നിശ്ചിത യോഗ്യത നേടിയവരുമല്ല. നിലവിലുള്ള എം.ജി.എല്‍.സികള്‍ സ്‌കൂളുകളായി ഉയര്‍ത്തുകയാണെങ്കില്‍ വിദ്യാവോളണ്ടിയര്‍മാരുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് മറ്റ് തസ്തികകളില്‍ പുനര്‍ വിന്യാസത്തിന് പരിഗണിക്കപ്പെടേണ്ടിവരും. ഈ വിഷയത്തില്‍ വിശദമായ പരിശോധനയും നയപരമായ തീരുമാനവും ആവശ്യമാണ്. കൂടാതെ കുട്ടികള്‍ ഇല്ലാതാവുന്ന ഏകാധ്യാപക വിദ്യാലയങ്ങളിലെ വിദ്യാവോളണ്ടിയര്‍മാരെ മറ്റു തസ്തികകളില്‍ നിയമിക്കുന്ന വിഷയവും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിലേയ്ക്കായി ബന്ധപ്പെട്ട എ.ഇ.ഒ, ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍, ലോക്കല്‍ പഞ്ചായത്ത് മെമ്പര്‍ എന്നിവര്‍ അടങ്ങുന്ന മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ പ്രവര്‍ത്തനം വിലയിരുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിനും അത് സര്‍ക്കാരിനെ സമര്‍പ്പിക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."