മുത്വലാഖ്: കോടതിവിധിയില്‍നിന്ന് സമുദായം പഠിക്കേണ്ടത്
മുത്വലാഖിന്റെ നിയമസാധുതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച വിധിന്യായത്തെ തുടര്‍ന്നുണ്ടായ സൂക്ഷ്മതയില്ലാത്ത മാധ്യമവാര്‍ത്തകളും രാഷ്ട്രീയ നീക്കുപോക്കുകളും സത്യത്തില്‍ കോടതി വ്യക്തമാക്കിയ കാര്യങ്ങളുടെ കാതലിനെ ഇല്ലാതാക്കിയതായാണു തോന്നുന്നത്. കോടതിയുടെ വിധിന്യായം ഏകകണ്ഠമല്ലാ എന്നതു കൊണ്ടു തന്നെ അതിനെ സൂക്ഷ്മതയോടെ നോക്കിക്കാണേണ്ടതാണ്. വിധി പുറപ്പെടുവിച്ച ബെഞ്ചിലെ അഞ്ചു ജഡ്ജുമാരെ വേര്‍തിരിച്ചു പറയാം: ചീഫ് ജസ്റ്റിസ് ഖെഹാര്‍, ജസ്റ്റിസ് നസീര്‍ എന്നിവര്‍ മുത്വലാഖ് ഭരണഘടനാപരമാണെന്നു കണ്ടെത്തിയപ്പോള്‍ ജസ്റ്റിസ് നരിമാന്‍, ജസ്റ്റിസ് ലളിത് എന്നിവര്‍ അത് ഭരണഘടനാവിരുദ്ധമാണെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് ഒറ്റയിരിപ്പിലുള്ള മുത്വലാഖ് നിയമവിരുദ്ധമാണെന്നും കണ്ടെത്തി. ഭരണഘടനാസാധുതയുടെ കാര്യത്തില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ഒറ്റയിരിപ്പിലുള്ള മുത്വലാഖ് നിയമവിരുദ്ധമാണെന്നു മാത്രമാണ് ഭൂരിപക്ഷം കണ്ടെത്തിയത്.
മുത്വലാഖിന്റെ ചരിത്രം
പ്രായോഗികതലത്തിലുള്ള മുത്വലാഖിന്റെ ചരിത്രം ആരംഭിക്കുന്നത് ഖലീഫ ഉമറിന്റെ കാലഘട്ടം മുതലാണ്. പ്രവാചകന്റെ കാലം മുതല്‍ ഉമറി (റ)ന്റെ കാലം വരെയും മൂന്നു ത്വലാഖും ഒന്നായായിരുന്നു പരിഗണിച്ചിരുന്നത്. ഒന്നും രണ്ടും ത്വലാഖുകള്‍ക്കു ശേഷവും അതു പിന്‍വലിക്കാമെന്ന നിയമപരമായ സാധുത നിലനില്‍ക്കെ ആളുകള്‍ ഒറ്റയടിക്ക് മൊഴിചൊല്ലുന്ന രീതി വ്യാപകമായി പിന്തുടരുന്നത് ഖലീഫാ ഉമറിന്റെ ശ്രദ്ധയില്‍പെട്ടു. ആളുകള്‍ അങ്ങനെ ധൃതിപ്പെട്ട് മൊഴി ചൊല്ലുന്നത് പതിവായപ്പോള്‍ മൂന്നു മൊഴിയും ഒന്നാണെന്ന തരത്തില്‍ നിയമനിര്‍മാണം നടത്തണമെന്ന് അദ്ദേഹം നിശ്ചയിച്ചു. സ്ത്രീ സമൂഹത്തിന്റെ താല്‍പര്യം സംരക്ഷിക്കാനും അത്തരം നടപടികളിലേക്കു നീങ്ങുന്ന പുരുഷന്മാരെ പാഠം പഠിപ്പിക്കാനുമായാണ് അദ്ദേഹം അത്തരമൊരു ആചോലനയിലേക്കു നീങ്ങിയത്. കാര്യമായ ആലോചനയും ശ്രദ്ധയും ആവശ്യമായ സൂക്ഷ്മമായൊരു വിഷയത്തില്‍ ധൃതിപ്പെട്ട് നടപടികള്‍ കൈക്കൊള്ളുന്നതിന്റെ അബദ്ധം അവരെ ബോധ്യപ്പെടുത്തുകയായുമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അങ്ങനെയാണ് അദ്ദേഹം മൂന്ന് ത്വലാഖും ഒന്നിച്ച് ചൊല്ലിയാല്‍ മൂന്നും സംഭവിക്കും എന്ന നിയമനിര്‍മാണത്തിലേക്ക് എത്തുന്നത്.
മുന്‍ വിധിന്യായങ്ങള്‍
കോടതികള്‍ മുത്വലാഖുമായി ബന്ധപ്പെട്ടു നടത്തുന്ന ആദ്യ വിധിയല്ല ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മുത്വലാഖ് ഖുര്‍ആനിക തത്വങ്ങള്‍ക്കു വിരുദ്ധവും തന്മൂലം ശരീഅത്തു നിയമങ്ങളുടെ ലംഘനവുമാണെന്നു നേരത്തെയും കോടതികള്‍ കണ്ടെത്തിയിട്ടുണ്ട്.
2002ലെ ശ്രദ്ധേയമായ ശമീം ആറ കേസില്‍, ത്വലാഖിനു മതിയായ കാരണം വേണമെന്നും മൊഴിചൊല്ലുന്നതിനു മുന്‍പായി ഭാര്യയ്ക്കും ഭര്‍ത്താവിനുമിടയില്‍ അനുരഞ്ജനശ്രമങ്ങള്‍ നടക്കേണ്ടതുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്നു വന്ന മസ്‌റൂര്‍ അഹ്്മദ് കേസില്‍ ജസ്റ്റിസ് അഹ്്മദ് ദറാസ് ശമീം ആറ കേസിലെ വിധിന്യായം തന്നെയാണ് അവലംബിച്ചത്. കേവലം മൊഴിചൊല്ലല്‍ മാത്രം പോരെന്നും അനുരഞ്ജനശ്രമങ്ങള്‍ നടന്നതിനു മതിയായ കാരണം ബോധിപ്പിക്കുകയും വേണമെന്നും കോടതി അന്ന് വ്യക്തമാക്കുകയുണ്ടായി. അടുത്തിടെ 2016ല്‍ കേരള ഹൈക്കോടതിക്കു മുന്‍പാകെ വന്ന നസീര്‍-ശമീമാ കേസിലും ശമീം ആറ കേസിലെ വിധിയെ അവലംബിച്ച് കോടതി മുത്വലാഖിനെ നിരാകരിക്കുകയുണ്ടായി.
കഴിഞ്ഞ ദിവസം പുറത്തുവന്ന സുപ്രിംകോടതി വിധിക്കു മുന്‍പുണ്ടായ കോടതിവിധികളെല്ലാം മുത്വലാഖിനോട് മുഖംതിരിച്ചതായാണു വ്യക്തമാകുന്നത്. അതുകൊണ്ടു തന്നെ വിഷയത്തില്‍ ചൊവ്വാഴ്ച സുപ്രിംകോടതി പുതുതായൊന്നും പ്രസ്താവിച്ചിട്ടില്ല എന്നതാണു യാഥാര്‍ഥ്യം.
പൊതുതാല്‍പര്യ ഹരജി
1956ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ജസ്റ്റിസുമാരായ അനില്‍ ദവേ, എ.കെ ഗോയല്‍ എന്നിവരടങ്ങുന്ന സുപ്രിംകോടതിയുടെ രണ്ടംഗ ബെഞ്ച് 2015 ഒക്ടോബര്‍ 16ന് മുസ്‌ലിം സ്ത്രീകള്‍ അനുഭവിക്കുന്ന അനീതികളെ കുറിച്ചു പരാമര്‍ശിക്കുകയുണ്ടായി. അങ്ങനെയാണ് ഇപ്പോഴത്തെ മുത്വലാഖ് കേസ് ഉടലെടുക്കുന്നത്. വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളിലുള്ള മുസ്‌ലിം വ്യക്തിനിയമത്തെ അന്ന് കോടതി ചോദ്യംചെയ്തു രംഗത്തെത്തുകയുണ്ടായി. തുടര്‍ന്ന്, മുത്വലാഖ്, ബഹുഭാര്യാത്വം, നികാഹ് ഹലാല തുടങ്ങിയ നടപടികള്‍ സ്ത്രീകളുടെ അഭിമാനത്തെ ഹനിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ കോടതി തന്നെ സ്വമേധയാ പൊതുതാല്‍പര്യ ഹരജി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതോടൊപ്പം, വിവാഹമോചനത്തിന്റെ കാര്യത്തില്‍ മുസ്‌ലിം സ്ത്രീകള്‍ വിവേചനം നേരിടുണ്ടോയെന്നു പരിശോധിക്കാന്‍ ഒരു ബെഞ്ച് സ്ഥാപിക്കണമെന്ന് രണ്ടംഗ ബെഞ്ച് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുകയും ചെയ്തു.
പിന്നീട് വാട്ട്‌സ്ആപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ വഴി മുത്വലാഖിനു വിധേയരായ അഞ്ചു സ്ത്രീകള്‍ സമര്‍പ്പിച്ച വ്യത്യസ്ത റിട്ട് ഹരജികളും കോടതിക്കു മുന്‍പാകെ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
ലിംഗനീതി
ലിംഗനീതിയുടെ പേരുപറഞ്ഞാണ് മുത്വലാഖ് വിഷയത്തില്‍ സുപ്രിംകോടതി സ്വമേധയാ കേസെടുത്തതെങ്കിലും കഴിഞ്ഞ ദിവസം പുറത്തുവന്ന വിധിയില്‍ അത്തരമൊരു പരാമര്‍ശം തന്നെയുണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. കോടതി സ്വമേധയാ കേസെടുത്ത കാരണത്തില്‍നിന്നുള്ള പൂര്‍ണമായ വ്യതിചലനമാണിത്.
മുത്വലാഖിനു പിന്നിലെ രാഷ്ട്രീയം
മുത്വലാഖ് ഖുര്‍ആനിന്റെ ഉള്‍സാരങ്ങള്‍ക്കു വിരുദ്ധമാണെന്നതു നിസ്തര്‍ക്കമാണല്ലോ. ഇത്തരമൊരു സാഹചര്യത്തില്‍ സമുദായനേതാക്കന്മാര്‍, പ്രത്യേകിച്ചും ഉത്തരേന്ത്യയിലെ നേതൃത്വം ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് ഈയൊരു പ്രവണത നിരുത്സാഹപ്പെടുത്താന്‍ മുന്നോട്ടുവരേണ്ടിയിരുന്നു. ഗൂഢതാല്‍പര്യങ്ങള്‍ക്കു വേണ്ടി വിഷയം മുതലെടുക്കപ്പെടുന്നത് ഇല്ലാതാക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തപ്പെടേണ്ടതായിരുന്നു. അതിനു പകരം അവര്‍ വിഷയത്തെ സുപ്രിംകോടതിയില്‍ പ്രതിരോധിക്കാനാണു ശ്രമിച്ചത്. അതോടെ, മുസ്‌ലിം സ്ത്രീകളുടെ വിഷയം പറഞ്ഞ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുതലെടുപ്പു നടത്താന്‍ അവസരമുണ്ടായി. മുസ്‌ലിം സ്ത്രീകള്‍ വലിയൊരു വോട്ടുബാങ്കായതിനാല്‍ അവര്‍ ആ കാര്‍ഡ് നന്നായി ഉപയോഗിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സമുദായനേതൃത്വം അവസരത്തിനൊത്ത് ഉയര്‍ന്നില്ലെങ്കില്‍, സമാനമായ അവസ്ഥ ബാബരി കേസിലും ആവര്‍ത്തിക്കുമെന്നാണ് ഇപ്പോള്‍ ഉണര്‍ത്താനുള്ളത്.
വിധിയിലെ ശ്രദ്ധേയ ഭാഗം
പുതിയ വിധിയിലെ ശ്രദ്ധേയമായ കാര്യം മുത്വലാഖിന്റെ നിരോധനം തന്നെയാണ്. എന്നിരുന്നാലും, ഒരു നിയമവിദ്യാര്‍ഥിയെന്ന നിലക്ക് മൂന്നു വിധിന്യായങ്ങളെയും വായിച്ചു വേണം കോടതിവിധിയുടെ അന്തഃസന്ത ഉള്‍ക്കൊള്ളാന്‍. മുസ്‌ലിം വ്യക്തിനിയമത്തെ ഭരണഘടനയുടെ 14-ാം അനുച്ഛേദവുമായി കോടതി മാറ്റുരച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്.
ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ വിധിയിലെ ഒരു ഭാഗം ഇങ്ങനെയാണ്: 1937ലെ ശരീഅത്ത് ആക്ട് ത്വലാഖിനെ നിയന്ത്രിക്കുന്ന ഒരു നിയമമല്ല എന്ന വിഷയത്തില്‍ ചീഫ് ജസ്റ്റിസിനോട് ഞാന്‍ പൂര്‍ണാര്‍ഥത്തില്‍ യോജിക്കുന്നു. എന്നാല്‍ 1937ലെ ആക്ട് ത്വലാഖിനെ നിയന്ത്രിക്കുന്നതാണെന്ന ജസ്റ്റിസ് നരിമാന്റെ നിലപാടിനോട് ബഹുമാനപൂര്‍വം വിയോജിക്കുകയും ചെയ്യുന്നു. ഇതേകാര്യം 14-ാം അനുച്ഛേദത്തിനു വിധേയമായി പരിശോധിക്കപ്പെടാവുന്നതുമാണ്.''
അതുകൊണ്ടു തന്നെ, വ്യക്തിനിയമങ്ങളുടെ കാര്യത്തില്‍ ഇടപെടേണ്ടെന്ന മുന്‍കാല കീഴ്‌വഴക്കം തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നതാണ് ഭൂരിപക്ഷ നിലപാട്. 1937ലെ ശരീഅത്ത് ആക്ടിലെ രണ്ടാം വകുപ്പ് അനുസരിച്ച് മുത്വലാഖിന് ഒരു നിയമമാണെന്നും അതുകൊണ്ടു തന്നെ പ്രസ്തുത നിയമം യുക്തിഹീനമാണോ അല്ലയോ എന്നാണു തുടര്‍ന്ന് അദ്ദേഹം പരിശോധിച്ചത്. ജസ്റ്റിസുമാരായ ഖെഹാര്‍, നസീര്‍, കുര്യന്‍ ജോസഫ് എന്നിവര്‍, 1937ലെ നിയമം മുസ്‌ലിം സമുദായത്തില്‍ നിലനിന്നിരുന്ന ആചാരാനുഷ്ഠാനങ്ങളെ നിയന്ത്രിക്കാനുള്ളതാണെന്നും അതുകൊണ്ടു തന്നെ മുത്വലാഖിനു നിയമപദവി നല്‍കാന്‍ അതിനെ ഉപയോഗിക്കേണ്ടതില്ലെന്നുമാണ് നിലപാടെടുത്തത് എന്ന കാര്യം ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ്.
അവരുടെ നിലപാട് വ്യക്തിനിയമങ്ങളുടെ ഭരണഘടനാസാധുതയിലേക്കു പോകേണ്ടതില്ല എന്നാണ്. 1937ലെ ശരീഅത്ത് ആക്ടിലെ രണ്ടാം വകുപ്പിന്റെ പരിധിയില്‍ വരുന്നതാണ് മുത്വലാഖ് എന്ന ജസ്റ്റിസ് നരിമാന്റെ വാദം ന്യൂനപക്ഷമാണ്. മുത്വലാഖ് ഭരണഘടനാവിരുദ്ധമാണോ എന്ന കാര്യം ഭൂരിപക്ഷവിധിയുടെ അടിസ്ഥാനത്തില്‍ ഇനിയും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. വിധിന്യായത്തിന്റെ സൂക്ഷ്മ പരിശോധനയില്‍ ജസ്റ്റിസ് നരിമാന്റെ വാദം ന്യൂനപക്ഷമാണെന്നു മനസിലാക്കാനാകും. ഇത്തരമൊരു സാഹചര്യത്തില്‍ ജസ്റ്റിസ് നരിമാന്റെ നിരീക്ഷണങ്ങള്‍ കൂടുതല്‍ വിചിന്തനം ചെയ്യേണ്ടതാണ്.
മുത്വലാഖ് വിഷയത്തില്‍ ഇടപെടുന്നത് വ്യക്തിനിയമത്തില്‍ ഇടപെടുന്നതിനു തുല്യമാണെന്നാണ് സുപ്രിംകോടതി വിധിന്യായത്തെ എളുപ്പത്തില്‍ ചുരിക്കിപ്പറയാനാകുക. വ്യക്തിനിയമങ്ങള്‍ക്ക് ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിന്റെ സംരക്ഷണം ലഭ്യവുമാണ്. ഈ വിധിന്യായം ശരിയാംവിധം മനസില്ലാക്കിയിട്ടില്ലെങ്കില്‍ ശബരിമലയിലെ സ്ത്രീപ്രവേശനം പോലെയുള്ള മറ്റു നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള കേസുകളിലും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നത് ഉറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."