യമനില്‍ ഹോട്ടലിനു നേരെ വ്യോമാക്രമണം: 60 മരണം
സന്‍ആ: യമനിലെ സന്‍ആയില്‍ നടന്ന വ്യോമാക്രമണങ്ങളില്‍ 60 പേര് കൊല്ലപ്പെട്ടു. യമന്‍ തലസ്ഥാനമായ ഹോട്ടലിനു നേരെയാണ് ആക്രമണം. ബുധനാഴ്ച സന്‍ആയില്‍ 25 ലേറെ വ്യോമാക്രമണങ്ങള്‍ നടന്നിരുന്നു. സഊദിയുടെ നേതൃത്വത്തിലുള്ള ദശരാഷ്ട്ര സഖ്യസേനയാണ് യമനില്‍ ആക്രമണം നടത്തുന്നത്.
ഖാ അല്‍ ഖ്വയ്ദി ജില്ലയിലെ അര്‍ഹാബ് ടൗണിലാണ് സാധാരണക്കാര്‍ കൊല്ലപ്പെട്ട ആക്രമണം. ആക്രമണം നടക്കുമ്പോള്‍ ഹോട്ടലില്‍ നൂറിലേറെ പേരുണ്ടായിരുന്നു. ഇതുവരെ 35 മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
അതേസമയം ഹോട്ടലിലുണ്ടായിരുന്നവരെല്ലാം വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് സംഭവസ്ഥലത്തു നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ഉംറ ആശുപത്രി മേധാവി ഫഹദ് മര്‍ഹബ് പറഞ്ഞു.
ഹൂതികളുടെ നേതൃത്വത്തിലുള്ള അല്‍മസീറ ടെലിവിഷന്‍ ചാനലും ആക്രമണം നടത്തിയത് സഊദി സഖ്യസേനയാണെന്ന് ആരോപിച്ചു. 41 പേര് മരിച്ചെന്നും മരണസംഖ്യ കൂടിയേക്കുമെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തോട് സഊദി സഖ്യത്തിന്റെ വക്താവ് പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."