സര്‍ക്കാര്‍ അടച്ചിട്ടും മതില്‍ പണിയും: മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്ന് ആവര്‍ത്തിച്ച് ട്രംപ്
വാഷിങ്ടണ്‍: തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അടച്ചിടേണ്ടിവന്നാലും മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ ട്രംപിന്റെ വാഗ്്ദാനമായിരുന്നു മുസ്‌ലിം പ്രവേശന നിരോധവും മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ പണിയലും. ഇതില്‍ മുസ്‌ലിം വിലക്ക് നടപ്പാക്കി ട്രംപ് പുലിവാലു പിടിച്ചതിന്റെ പിന്നാലെയാണ് മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണവുമായി ട്രംപ് മുന്നോട്ടു നീങ്ങുന്നത്.
80 മിനുട്ട് നീണ്ട പ്രസംഗത്തിലാണ് ട്രംപ് നിലപാട് ആവര്‍ത്തിച്ചത്. മാധ്യമങ്ങളെയും ട്രംപ് വെറുതെവിട്ടില്ല. വലതുപക്ഷ ഗ്രൂപ്പുകള്‍ക്ക് അവര്‍ ഇടംനല്‍കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. വലതുപക്ഷ റാലിക്കിടെ യുവതി കാറിടിച്ചു കൊല്ലപ്പെട്ടതും ട്രംപ് പരാമര്‍ശിച്ചു. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മനോഹരമായ വലിയ മതിലാണ് പണിയുകയെന്ന് ട്രംപ് പറഞ്ഞു. ഇതിനുള്ള ഫണ്ട് വകയിരുത്തണമെന്ന് യു.എസ് കോണ്‍ഗ്രസിനോട് അദ്ദേഹം ആവശ്യപ്പെട്ടു. ട്രംപിന്റെ വിവാദപദ്ധതിയാണ് മെക്‌സിക്കന്‍ മതില്‍കെട്ടല്‍. മെക്‌സിക്കോയില്‍ നിന്ന് മയക്കുമരുന്നു കടത്തുകാരെ തടയുകയാണ് ഇതിലൂടെ ട്രംപ് ലക്ഷ്യം വയ്ക്കുന്നത്. മെക്‌സിക്കോയില്‍ നിന്ന് മനുഷ്യക്കടത്തും ഈയിടെ രൂക്ഷമായിട്ടുണ്ട്.
എന്നാല്‍ അതിര്‍ത്തിയില്‍ മതില്‍പണിയാനുള്ള ട്രംപിന്റെ നീക്കം വ്യാപകമായി പ്രതിഷേധത്തിന് ഇടയാക്കി. മതില്‍പണിയാന്‍ ആവശ്യമായ ഫണ്ടിനുള്ള ബില്‍ കോണ്‍ഗ്രസില്‍ പാസാക്കിയെടുക്കാന്‍ ഡെമോക്രാറ്റുകളുടെ സഹായം വേണം. ഡെമോക്രാറ്റുകളുടെ പിന്തുണ ലഭിച്ചില്ലെങ്കില്‍ മതില്‍ പണിയല്‍ നടക്കില്ല. നേരത്തെ മതില്‍ കെട്ടാനുള്ള തുക മെക്‌സിക്കോയുടെ കൈയില്‍ നിന്ന് വാങ്ങുമെന്ന് ട്രംപ് പറഞ്ഞിരുന്നുവെങ്കിലും അതുനടപ്പായില്ല. മതില്‍ പണിയുന്നതിന് അയല്‍രാജ്യമായ മെക്‌സിക്കോ അനുകൂലമല്ല. അമേരിക്കയുടെ സുരക്ഷ മുന്‍നിര്‍ത്തി മതില്‍പണിയാനുള്ള പണത്തിനു വേണ്ടി ശ്രമിക്കണമെന്ന് തന്റെ പ്രസംഗത്തില്‍ ട്രംപ് ഡെമോക്രാറ്റുകള്‍ക്ക് ആഹ്വാനം നല്‍കി. മതിലിനെ എതിര്‍ക്കുന്നത് ഭീഷണി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒക്‌ടോബര്‍ ഒന്നിനകം ബില്‍ പാസാക്കിയെടുക്കാനാണ് ട്രംപിന്റെ ശ്രമം. ബില്‍ പരാജയപ്പെട്ടാല്‍ സര്‍ക്കാര്‍ അടച്ചിട്ടും മതില്‍പണിയുമെന്ന ഭീഷണിയാണ് ട്രംപ് മുഴക്കിയത്. അത്യാവശ്യ സേവനങ്ങള്‍ക്കല്ലാതെ ഫണ്ട് പാസാക്കാനുള്ള അധികാരം കോണ്‍ഗ്രസിനില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."