വെയ്ന്‍ റൂണി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു
ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട് നായകന്‍ വെയ്ന്‍ റൂണി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ഇംഗ്ലണ്ട് ടീമിലേക്ക് കോച്ച് ഗെരത് സൗത്ത്‌ഗെയ്റ്റ് റൂണിയെ തിരികെ വിളിച്ചതിന് പിന്നാലെയാണ് താരം അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. 31 കാരനായ റൂണി 119 മത്സരങ്ങളിലായി ഇംഗ്ലണ്ട് ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. 53 ഗോളുകള്‍ നേടിയ റൂണിയാണ് ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയിട്ടുള്ള താരം. നേരത്തെ 2018ലെ റഷ്യന്‍ ലോകകപ്പിന് ശേഷമേ വിരമിക്കലുണ്ടാകൂ എന്നായിരുന്നു റൂണി പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോഴാണ് വിരമിക്കാന്‍ പറ്റിയ സമയമെന്ന് ദേശീയ ടീം ജേഴ്‌സിയഴിക്കാന്‍ തീരുമനിച്ചതിനെ തുടര്‍ന്ന് താരം വ്യക്തമാക്കി.
മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് ഈ സീസണില്‍ തന്റെ ആദ്യ ക്ലബായ എവര്‍ട്ടനില്‍ തിരിച്ചെത്തിയ റൂണി ആദ്യ രണ്ട് മത്സരങ്ങളിലും ഗോള്‍ നേടി തന്റെ മികവിന് ഒട്ടും കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിച്ചിരുന്നു. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ പോരാട്ടത്തില്‍ എവര്‍ട്ടന് സമനില സമ്മാനിച്ച ഗോള്‍ നേടിയ റൂണി പ്രീമിയര്‍ ലീഗിലെ തന്റെ ഗോള്‍ നേട്ടം 200ലും എത്തിച്ചു.
കുടുംബത്തോടും എവര്‍ട്ടന്‍ കോച്ച് റൊണാള്‍ കോമാനോടും ചര്‍ച്ച ചെയ്ത ശേഷമാണ് വിരമിക്കല്‍ തീരുമാനം എടുത്തത്. ദേശീയ ടീം വിടാനുള്ള തീരുമാനം കഠിനമാണെന്നും ഇംഗ്ലണ്ടിനായി കളിക്കുന്നത് എക്കാലത്തും തനിക്ക് പ്രത്യേകതകള്‍ നിറഞ്ഞതാണെന്നും റൂണി പറഞ്ഞു.
നായകനായും കളിക്കാരനായും ഇംഗ്ലണ്ടിനായി കളത്തിലിറങ്ങിയതില്‍ അഭിമാനിക്കുന്നതായും ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദി പറയുന്നതായും ഇനി എവര്‍ട്ടനായി കളിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധയെന്നും റൂണി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."