വിദ്യാര്‍ഥികളിലെ പുകയില ഉപയോഗം പഠനശേഷി കുറയ്ക്കുമെന്നു കണ്ടെത്തല്‍
കൊച്ചി: വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തില്‍ പുകയില ഉപയോഗം പഠനശേഷി കുറയ്ക്കുന്നതായി കണ്ടെത്തി. ശക്തിയേറിയ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗത്തിലേക്ക് നയിക്കുന്ന ആരംഭകാല ലഹരിയാണ് പുകയിലയെന്നും പഠനം തെളിയിക്കുന്നു. ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് (നിംഹാന്‍സ്) നടത്തിയ പഠനം ഇന്ത്യന്‍ ജേണല്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജീവിതത്തില്‍ ഒരിക്കലെങ്കിലും പുകവലിക്കുകയോ പുകയില ഉപയോഗിക്കുകയോ ചെയ്തവരില്‍ 76.3 ശതമാനം പേര്‍ ഒരു വിഷയത്തിലെങ്കിലും പരാജയപ്പെട്ടപ്പോള്‍, പുകയില ഉപയോഗിക്കാത്തവരില്‍ ഇത് 57 ശതമാനം പേര്‍ മാത്രമായിരുന്നു. പരാജയപ്പെട്ട് പഠനത്തില്‍ ഒരു വര്‍ഷം നഷ്ടപ്പെട്ടത് പുകയില ഉപയോഗിക്കാത്തവരില്‍ 9.1 ശതമാനമായിരുന്നെങ്കില്‍ പുകയില ഉപയോക്താക്കളില്‍ ഇത് 24.7 ആണ്. പുകയില ഉപഭോക്താക്കളില്‍ മദ്യവും മറ്റ് ലഹരിപദാര്‍ഥങ്ങളും ഉപയോഗിക്കുന്നവരുടെ നിരക്ക് വളരെ കൂടുതലാണെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. പുകയില ഉപഭോക്താക്കളില്‍ മദ്യം ഉപയോഗിക്കുന്നവര്‍ 67.8 ശതമാനവും പുകയില ഉപയോഗിക്കാത്തവരില്‍ ഇത് 11 ശതമാനവുമാണ്.
ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്ന കാര്യത്തിലാകട്ടെ, ഇത് പുകയില ഉപഭോക്താക്കളില്‍ 33 ശതമാനവും ഉപയോഗിക്കാത്തവരില്‍ 6.1 ശതമാനവുമാണ്. അതേസമയം, ദക്ഷിണേന്ത്യയിലും കണ്ണൂര്‍ ജില്ലയിലും നടത്തിയ മുന്‍ പഠനങ്ങളെ അപേക്ഷിച്ച് കൗമാരക്കാരായ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളില്‍ പുകയില ഉപയോഗത്തിന്റെ തോത് കുറയുന്ന പ്രവണത പഠനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പഠനവിധേയരായ വിദ്യാര്‍ഥികള്‍ പുകയില ഉപയോഗം ആരംഭിക്കുന്ന ശരാശരി പ്രായം 14 ആണെന്നും 61.7 ശതമാനം പേര്‍ക്ക് അപകടകരമായ തോതില്‍ പുകവലി ശീലം ഉണ്ടെന്നും കണ്ടെത്തി.
പല തരത്തിലുള്ള സ്വാധീനങ്ങളില്‍ പെടുന്ന കൗമാരപ്രായക്കാരില്‍ പുകയില ഉപയോഗത്തിന്റെയും മറ്റ് മാനസിക-സാമൂഹിക ഘടകങ്ങളുടെയും വ്യാപനം വിലയിരുത്താനാണ് പഠനം നടത്തിയതെന്ന് ഗവേഷകനും പഠന പ്രബന്ധത്തിന്റെ മുഖ്യ രചയിതാവുമായ ഡോ. ടി.എസ്.ജയസൂര്യ പറഞ്ഞു.
നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (കേരള), സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് എന്നിവയുമായി സഹകരിച്ചായിരുന്നു പഠനം. എറണാകുളം ജില്ലയിലെ 7500-ല്‍പരം ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളിലാണ് പഠനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."