അറഫ ദിനത്തില്‍ അണിയിക്കാനുള്ള കഅ്ബയുടെ കിസ്‌വ കൈമാറ്റം നടന്നു
മക്ക: അറഫ ദിനത്തില്‍ മക്കയിലെ കഅ്ബയില്‍ അണിയിക്കാനുള്ള പുതിയ കിസ്‌വ കൈമാറി. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറും സെന്‍ട്രല്‍ ഹജ് കമ്മിറ്റി ചെയര്‍മാനുമായ ഫൈസല്‍ രാജ രാജകുമാരനില്‍നിന്നു കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പു ചുമതലയുള്ള അല്‍ ശൈബി കുടുംബത്തിലെ കാരണവര്‍ ഡോ. സ്വാലിഹ് ബിന്‍ സൈനുല്‍ ആബിദീന്‍ അല്‍ അല്‍ ശൈബിയാണ് കിസ്‌വ ഏറ്റുവാങ്ങിയത്. എല്ലാ വര്‍ഷവും ദുല്‍ഹിജ്ജ ഒന്നിന് കൈമാറ്റം നടക്കുന്ന കിസ്‌വ അറഫ ദിനത്തിന്റെ അന്ന് രാവിലെയാണ് കഅ്ബയെ അണിയിക്കുക.
ജിദ്ദയിലെ ഓഫിസില്‍ വച്ച് നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി അമീര്‍ അബ്ദുള്ള ബിന്‍ ബന്ദര്‍ രാജകുമാരന്‍, ഇരു ഹറം കാര്യവകുപ്പ് മേധാവിയും മക്ക ഇമാമുമായ ഡോ: ശൈഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസ്, ഡെപ്യൂട്ടി ഇമാം ഡോ: മുഹമ്മദ് ബിന്‍ നാസര്‍ അല്‍ഖുസൈം, കിസ്‌വ നിര്‍മ്മാണ ഫാക്റ്ററി മേധാവി ഡോ: മുഹമ്മദ് ബാജൂദ, മക്ക പ്രവിശ്യ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കിസ്‌വ കൈമാറ്റം നടന്നത്.
കഅ്ബയുടെ ഉള്‍ഭാഗത്തെ ചുമരുകള്‍ മൂടുന്ന പച്ചപ്പട്ടിന്റെയും പുറംവശത്തെ ചുമരുകള്‍ക്ക് ആവരണം തീര്‍ക്കുന്ന കറുത്ത പട്ടിന്റെയും കിസ്‌വ നിര്‍മാണം ഒരുവര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്.
ഏറ്റുവാങ്ങിയ പുതിയ കിസ്‌വ ദുല്‍ഹജ്ജ് ഒമ്പതിന് അറഫാസംഗമ ദിവസം കഅ്ബ അങ്കണത്തില്‍ ആള്‍ത്തിരക്കില്ലാത്ത അവസരത്തില്‍ കഅ്ബയെ പുതപ്പിക്കും. പഴയ കിസ്‌വ മാറ്റി പുതിയത് അണിയിക്കുന്ന പ്രവൃത്തി വൈകിട്ട് അസര്‍ നമസ്‌കാരത്തോടെയാണ് അവസാനിക്കുക. അഴിച്ചെടുക്കുന്ന പഴയ കിസ്‌വ ഇതോടെ മ്യൂസിയത്തിലേക്ക് മാറ്റും.
ഖുര്‍ആന്‍ സൂക്തങ്ങള്‍ ആലേഖനം ചെയ്യുന്ന കൈവേല, നെയ്ത്ത്, ഛായംപൂശല്‍, വിശുദ്ധ വാക്യങ്ങളുടെ പ്രിന്റിങ്, കൈകൊണ്ടും യന്ത്രംകൊണ്ടുമുള്ള തുന്നല്‍പണികള്‍, ഓരോ മീറ്ററില്‍ നിര്‍മിച്ചെടുത്ത കഷ്ണങ്ങള്‍ ചേര്‍ത്തുവെച്ചുള്ള കിസ്‌വ സംയോജനം എന്നീ ഘട്ടങ്ങളിലൂടെയാണ് കിസ്‌വ നിര്‍മാണം 14 മീറ്റര്‍ നീളം വരുന്ന കിസ്‌വയുടെ മേല്‍ഭാഗത്തുള്ള പട്ടക്ക് 47 മീറ്റര്‍ നീളവും 95 സെ.മീ വീതിയുമുണ്ട്.
16 കഷ്ണങ്ങളിലായി തുന്നിച്ചേര്‍ത്ത ഈ മേല്‍പട്ട ഖുര്‍ആന്‍ കാലിഗ്രാഫിയാല്‍ അലംകൃതമാണ്. കഅ്ബയുടെ നാല് ചുവരുകളും വാതിലും ഓരോ ഭാഗം മൂടുന്ന വിധം 5 കഷ്ണങ്ങളായാണ് കിസ്‌വ അണിയിച്ചെടുക്കുന്നത്. ശുദ്ധമായ പട്ട്, സ്വര്‍ണം, വെള്ളി എന്നീ നൂലുകള്‍കൊണ്ട് നിര്‍മിതമായ കിസ്‌വക്ക് 2.2 കോടിയിലേറെ റിയാലാണ് നിര്‍മ്മാണ ചിലവ്. നിലവില്‍ വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച കിസ്‌വ ഹറം കാര്യ വകുപ്പ് നേരത്തെ ഉയര്‍ത്തികെട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."