ഓണം-ബക്രീദ് മേളകളില്‍ ജനത്തിരക്ക്
കോഴിക്കോട്: നഗരത്തില്‍ ഓണം-ബക്രീദ് മേളകള്‍ പൊടിപൊടിക്കുന്നു. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച സപ്ലൈകോ മേളയില്‍ രാവിലെ മുതല്‍ തന്നെ വിവിധ ഉല്‍പന്നങ്ങള്‍ വാങ്ങാനെത്തിയവരുടെ നീണ്ട നിരയാണ്. റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് സബ്‌സിഡി നിരക്കില്‍ നിശ്ചിത അളവില്‍ ഇവിടെ നിന്ന് സാധനങ്ങള്‍ ലഭിക്കും. ഹോര്‍ട്ടി കോര്‍പിന്റെ പച്ചക്കറി സ്റ്റാളും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്.
സോപ്പ്, സോപ്പുപൊടി, കറിപ്പൊടികള്‍, കാപ്പിപ്പൊടി തുടങ്ങി വിവിധയിനം നിത്യോപയോഗ സാധനങ്ങളും വിലക്കിഴിവില്‍ ലഭിക്കും. ഇവയ്ക്ക് അഞ്ചു മുതല്‍ 10 ശതമാനം വരെയാണ് വിലക്കിഴിവ്. കൂടാതെ ഇരുപതു ശതമാനം ഡിസ്‌കൗണ്ടോടെ കയര്‍ ഉല്‍പന്നങ്ങളും മേളയില്‍ ലഭ്യമാണ്. മേളയോടനുബന്ധിച്ച് സമ്മാന മഴയും സംഘടിപ്പിച്ചിട്ടുണ്ട്.
രാവിലെ ഒന്‍പതു മുതല്‍ രാത്രി എട്ടുവരെ 14 ദിവസം നീണ്ടുനില്‍ക്കുന്ന ജില്ലാ മേള സെപ്റ്റംബര്‍ മൂന്നിന് സമാപിക്കും. കൈത്തറി വസ്ത്രങ്ങളും വൈവിധ്യമാര്‍ന്ന കയര്‍ ഉല്‍പന്നങ്ങളും കരകൗശല വസ്തുക്കളും ന്യായവിലയ്ക്ക് ലഭ്യമാകുന്ന ഓണം കൈത്തറിമേളയും ആരംഭിച്ചിട്ടുണ്ട്. ഈ മാസം 12ന് തുടങ്ങിയ ഓണം കൈത്തറിമേള സെപ്റ്റംബര്‍ മൂന്നു വരെ മാനാഞ്ചിറ റീജ്യനല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി വളപ്പിലാണ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."