വ്യാജമദ്യ-ലഹരി വില്‍പനക്കെതിരേ നടപടികള്‍ ഊര്‍ജിതമാക്കും; കലക്ടര്‍
കല്‍പ്പറ്റ: ഓണക്കാലത്ത് വ്യാജ മദ്യ നിര്‍മാണവും വില്‍പ്പനയും നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ എസ്. സുഹാസ് നിര്‍ദേശം നല്‍കി. കലക്ടറേറ്റില്‍ നടന്ന ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളില്‍ ജനമൈത്രി എക്‌സൈസ് സംവിധാനം നടപ്പാക്കും. വ്യാജമദ്യം, ലഹരി വസ്തുക്കളുടെ വില്‍പ്പന എന്നിവ തടയുന്നതുനായി ജില്ലയിലുടനീളം എക്‌സൈസും പൊലിസും സംയുക്തമായി പരിശോധനകള്‍ നടത്തും.
ലഹരി പദാര്‍ത്ഥങ്ങള്‍ കണ്ടെത്താന്‍ പ്രത്യേകം പരിശീലനം ലഭിച്ച പൊലിസ് നായയെ ഉപയോഗപ്പെടുത്തുമെന്നും ആദിവാസി കോളനികളില്‍ ലഹരിക്കെതിരേ ബോധവല്‍കരണം നടത്താനായി 'ഓപ്പറേഷന്‍ കാവല്‍കൂട്ടം' എന്ന പേരില്‍ പ്രത്യേക വിഭാഗത്തെ പൊലിസ് സജ്ജമാക്കുമെന്നും വിദ്യാലയങ്ങളില്‍ ലഹരി വസ്തുക്കള്‍ വില്‍ക്കുന്നവരെ കണ്ടെത്താന്‍ ഓപ്പറേഷന്‍ ഗുരുകുലം സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ശക്തമാക്കുമെന്നും പൊലിസ് യോഗത്തില്‍ വ്യക്തമാക്കി.
അതോടൊപ്പം ജില്ലയുടെ അതിര്‍ത്തികളിലുള്‍പ്പെടെ രാത്രികാല പരിശോധനയും നടത്തും. ഇതിനായി പ്രത്യേക ടീമിനെ നിയമിച്ചിട്ടുണ്ട്. ജില്ലയില്‍ എക്‌സൈസ് വകുപ്പ് പരിശോധനക്കായി മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കര്‍ണാടക എക്‌സൈസുമായി ചേര്‍ന്ന് 5 ലിറ്റര്‍ ചാരായവും 75 ലിറ്റര്‍ വാഷും 140 കിലോ പുകയില ഉല്‍പന്നങ്ങളും ബോര്‍ഡര്‍ ചെക്കിങ്ങിനിടയില്‍ എക്‌സൈസ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തതായി അറിയിച്ചു.
ജൂണ്‍ 26 മുതല്‍ ഓഗസ്റ്റ് 20 വരെ ജില്ലയില്‍ 8 ജനകീയ കമ്മിറ്റികളും 56 ബോധവത്കരണ ക്ലാസുകളും 196 കോളനി സന്ദര്‍ശനങ്ങളും നടത്തിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എക്‌സൈസ് വകുപ്പ് ഇക്കാലയളവില്‍ 629 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവയില്‍ കോട്പ പ്രകാരം 466 കേസുകളും 124 അബ്കാരി കേസുകളും 39 മയക്കുമരുന്നു കേസുകളും ഉള്‍പ്പെടും. വിവിധ കേസുകളിലായി 104 അറസ്റ്റുകള്‍ നടത്തി.
62 അബ്കാരി കേസുകളിലും 42 മയക്കുമരുന്ന് കേസുകളിലുമാണ് അറസ്റ്റ്. കോട്പ പ്രകാരം 84,700 രൂപ പിഴ സ്വീകരിച്ചു. വ്യാജമദ്യത്തിന്റെ ഉത്പാദനവും വില്‍പ്പനയും കടത്തും സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും വിവരങ്ങള്‍ നല്‍കാമെന്ന് വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ജി. മുരളീധരന്‍ നായര്‍ അറിയിച്ചു.
പരാതികള്‍ ജില്ലാ കണ്‍ട്രോള്‍ റൂം, മീനങ്ങാടി 04936 248850, 246180 കല്‍പ്പറ്റ റേഞ്ച് ഓഫിസ് 04936 208230, 202219, മാനന്തവാടി 04935 244923, 240012, ബത്തേരി 04936 227227, 248190. ടോള്‍ ഫ്രീ നമ്പര്‍ 1800 425 2848 എന്നീ നമ്പറുകളില്‍ അറിയിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."