'വനഭൂമിക്ക് പട്ടയം നല്‍കല്‍; സംയുക്ത പരിശോധന നവംബറില്‍ പൂര്‍ത്തിയാക്കണം'
കല്‍പ്പറ്റ: 1977 ജനുവരി ഒന്നിനു മുന്‍പ് വനഭൂമി കൈവശം വച്ചിരുന്നവര്‍ക്ക് പട്ടയം നല്‍കുന്നത് സംബന്ധിച്ച റവന്യൂ-ഫോറസ്റ്റ്-വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നവംബര്‍ 30ന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ എസ് സുഹാസ് നിര്‍ദേശം നല്‍കി.
കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന സംയുക്ത പരിശോധന സംബന്ധിച്ച യോഗത്തിലാണ് തീരുമാനം. സുല്‍ത്താന്‍ ബത്തേരി, വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ സംയുക്ത പരിശോധനയാണ് നടന്നുവരുന്നത്. വെത്തിരിയിലെ പരിശോധന പൂര്‍ത്തിയായിട്ടില്ല. ബത്തേരിയിലെയും മാനന്തവാടിയിലേയും സംയുക്ത പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
ഇത് വേഗത്തിലാക്കാന്‍ ഉദ്യേഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. 77ന് മുന്‍പ് കൈവശം വച്ചുവരുന്നതും പട്ടയ പ്രകാരം കൈവശം വയ്ക്കുന്നതമായ ഭൂമിക്ക് കൈവശരേഖ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സംയുക്ത പരിശോധന. പരിശോധനയും മറ്റ് നടപടിക്രമങ്ങളും വേഗത്തിലാക്കാന്‍ ഡി.എഫ്.ഒയെ കോഡിനേറ്ററായും രണ്ട് ഡെപ്യൂട്ടി കലക്ടര്‍മാരെ നോഡല്‍ ഓഫിസര്‍മാരായും നിയമിച്ചിട്ടുണ്ട്. റവന്യു, ഫോറസ്റ്റ്, സര്‍വേ, കൃഷി, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ജില്ലയില്‍ ബാക്കിയുള്ള അപേക്ഷകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സംയുക്ത പരിശോധനയും സമ്പൂര്‍ണ റിപ്പോര്‍ട്ടും ഡിസംബര്‍ 31ന് മുന്‍പ് റവന്യു മന്ത്രിക്ക് നല്‍കും. ബത്തേരി, മാനന്തവാടി താലൂക്കുകളിലെ സംയുക്ത പരിശോധനയുടെ ചുമതല ബത്തേരി സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ എല്‍.ആറിനും വൈത്തിരി താലൂക്കിലെ ചുമതല കല്‍പ്പറ്റ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ എല്‍.എക്കും നല്‍കിയിട്ടുണ്ട്. സംയുക്ത പരിശോധന സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എല്ലാ വകുപ്പുകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
യോഗത്തില്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍മാരായ വി.പി കതിര്‍ വടിവേലു, ചാമിക്കുട്ടി, ഡെപ്യൂട്ടി കലക്ടര്‍ സന്തോഷ് കുമാര്‍, ഫോറസ്റ്റ്, സര്‍വേ, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."