ലഘുലേഖ വിതരണം: അറസ്റ്റിനെതിരെ പ്രതിഷേധം പുകയുന്നു
കൊച്ചി: പറവൂര്‍ വടക്കേകരയില്‍ മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖകള്‍ വിതരണം ചെയതെന്ന് ആരോപിച്ചു വിസ്ഡം ഗ്ലോബല്‍ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധം ശക്തമാകുന്നു. വരും ദിവസങ്ങളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടക്കും.
മത വിശ്വാസങ്ങള്‍ പ്രചരിപ്പിച്ചവരെ രാജദ്രോഹകുറ്റം ചുമത്തി ജയിലടച്ച കേരള പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ ജനാധിപത്യകൂട്ടായ്മ രൂപീകരിക്കുമെന്ന് കേരള ദലിത് മഹാസഭ പ്രസിഡന്റ് സി.എസ് മുരളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജയിലലടക്കപ്പെട്ട യുവാക്കള്‍ക്കെതിരെയുള്ള കേസുകള്‍ റദ്ദാക്കുവാനും വര്‍ധിച്ചുവരുന്ന ഫാസിസ്റ്റ് പ്രവണതയെ പ്രതിരോധിക്കുന്നതിനും കൂട്ടായ സംരംഭത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
ഒരാളുടെ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കാനുള്ള അവകാശം ഭരണഘടന നല്‍കുമ്പോള്‍ രാജദ്രോഹ കുറ്റം ചുമത്തി ഇത്തരക്കാരെ അറസ്റ്റ് ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഭൂഅധികാര സംരക്ഷണ സമിതി കണ്‍വീനര്‍ എം. ഗീതാനന്ദന്‍ പറഞ്ഞു. മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖകള്‍ വിതരണം ചെയതെന്ന് ആരോപിച്ചു പോലിസ് അറസ്റ്റ് ചെയ്ത വിസ്ഡം ഗ്ലോബല്‍ പ്രവര്‍ത്തകര്‍ക്കെതിരേയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു.
പശുവിന്റെ പേരിലും മറ്റും രാജ്യത്ത് ഇസ്‌ലാം വിശ്വാസികളെയും ദലിതരെയും ആക്രമിക്കുന്ന ആര്‍.എസ്.എസ് നയം കേരളത്തില്‍ നടപ്പാക്കാന്‍ സാധിക്കാത്തതിനാല്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ് അവര്‍ ചെയ്യുന്നത്.
കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കുക, എസ്.പി എ.വി. ജോര്‍ജിനെതിരേ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു ആര്‍.എസ്.എസ് ഭീകരതയ്‌ക്കെതിരേ നാളെ പഞ്ചായത്ത് തലത്തില്‍ ജനജാഗ്രത സംഗമങ്ങള്‍ നടത്തുമെന്നും പി. അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. എസ.്ഡി.പി.ഐ സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് പി.പി. മൊയ്തീന്‍കുഞ്ഞ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."