അടിയന്തര സന്ദര്‍ഭങ്ങളില്‍ ഗതാഗത തടസം മാറ്റാന്‍ 'ട്രാഫിറ്റൈസര്‍'
കൊച്ചി: അടിയന്തര സന്ദര്‍ഭങ്ങളില്‍ ഗതാഗതതടസം ഒഴിവാക്കാന്‍ ന്യൂതന സാങ്കേതിക വിദ്യയുമായി യുവ എന്‍ജിനീയര്‍മാര്‍. ആംബുലന്‍സുകള്‍ അടക്കമുള്ള അടിയന്തര യാത്രാ സംവിധാനങ്ങളില്‍ ട്രാഫിക് സിഗ്‌നലുകള്‍ തടസമാകുന്നതിന് പരിഹാരമായാണ് ട്രാഫിറ്റൈസര്‍ എന്ന പേരില്‍ സംവിധാനമൊരുക്കിയിരിക്കുന്നതെന്ന് രാജഗിരിയിലെ എം.ടെക് പൂര്‍വ വിദ്യാര്‍ഥികളായ എം. മുഹമ്മദ് ജാസിം, മുഹമ്മദ് സാദിഖ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരേ സമയം ഒന്നില്‍ കൂടുതല്‍ അടിയന്തര വാഹനങ്ങള്‍ ഒരേ സിഗ്‌നലില്‍ എത്തുമ്പോള്‍, ഏത് വാഹനത്തിനാണോ ആദ്യം മുന്‍ഗണന ലഭിക്കേണ്ടത് എന്നത് അടക്കമുള്ള ബുദ്ധിപരമായ തീരുമാനങ്ങള്‍ സ്വയം എടുക്കാനുള്ള കഴിവും ഈ ആപ്ലിക്കേഷനിലുണ്ട്.
വാഹനം സിഗ്‌നലില്‍ എത്തുമ്പോള്‍ പച്ച സിഗ്‌നല്‍ നല്‍കേണ്ട ദൂരം ഓരോ വശങ്ങളിലും വ്യത്യസ്തമായി ക്രമീകരിക്കാനും സമയാനുസൃതമായി മാറ്റാനും കഴിയും. മുന്‍ഗണനയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഒറേ സമയം ഒന്നിലധികം വാഹനങ്ങള്‍ വന്നാലും പ്രശ്‌നമുണ്ടാകില്ല.
ഏപ്രില്‍ 17 മുതല്‍ കാക്കനാട് ട്രാഫിക് ജങ്ഷന്‍ അടക്കം അഞ്ച് ജങ്ഷനില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് ആംബുലന്‍സുകള്‍ക്കാണ് ഈ സംവിധാനം ഉപയോഗിക്കാന്‍ നല്‍കിയിരിക്കുന്നത്. ഹസന്‍ അന്‍സാരി, അഭിനഭ് തോമസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."