പാണ്ടിക്കുളം മലിനമായി; നടപടിയെടുക്കാതെ അധികൃതര്‍
ചാരുംമൂട്: പാലമേല്‍ പഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര തെക്ക് വാര്‍ഡില്‍ അര ഏക്കര്‍ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന പുരാതനമായ പാണ്ടിക്കുളം അവഗണനയില്‍. ഈ കുളത്തില്‍ നിന്നാണ് സമീപപ്രദേശങ്ങളിലുള്ള അഞ്ഞൂറോളം കുടുംബങ്ങള്‍ക്കു പൈപ്പ് വഴി കുടിവെളളം വിതരണം നടത്തുന്നത്.
എന്നാല്‍ സമീപത്തുള്ള വൃക്ഷങ്ങളിലെ ഇലകള്‍ ഈ കുളത്തില്‍ വീണ് അഴുകി വെള്ളം മലിനമാകുകയാണ്.
ഇരുപത് വര്‍ഷം മുമ്പ് തൊഴിലുറപ്പ് പദ്ധതി ഇല്ലാതിരുന്ന കാലത്ത് പഞ്ചായത്തും നാട്ടുകാരും ചേര്‍ന്ന് പാണ്ടിക്കുളം വൃത്തിയാക്കിയിരുന്നു.
ഇവിടെ നിന്ന് വെള്ളം ഉപയോഗിക്കുന്നവര്‍ കുളത്തിന്റെ സ്ഥിതി കണ്ടാല്‍ ഒരു തുള്ളി വെള്ളംപോലും ഉപയോഗിക്കാന്‍ മടിക്കും. തൊഴിലുറപ്പ് തൊഴിലാളികളെ വെച്ചെങ്കിലും എത്രയും വേഗം മാലിന്യം നീക്കം ചെയ്ത് കുളം വൃത്തിയാക്കാന്‍ പഞ്ചായത്ത് തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പാലമേല്‍ ഗ്രാമ പഞ്ചായത്തില്‍ നിലവില്‍ 34 കുളങ്ങളും 38 തോടുകളും 432 കിണറുകളുമുള്ളതായാണ് രേഖകളില്‍ കാണുന്നത്.
ഇത് കൂടാതെ 19 വാര്‍ഡുകളിലായി 6600 സ്വകാര്യ കിണറുകളും നൂറോളം കുഴല്‍ കിണറുകളുമുണ്ട്. പാലമേല്‍ പഞ്ചായത്തിന്റെ ഹൃദയഭാഗത്തുകൂടി കല്ലട ഇറിഗേഷന്‍ കനാല്‍ കടന്നുപോകുന്നുണ്ട്.
ഇത്രയും ജലസ്രോതസുകളുള്ള ഒരു പഞ്ചായത്തും ജില്ലയില്‍ കാണാന്‍ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും വേനല്‍ക്കാലത്ത് ഇവിടെ ടാങ്കറുകളില്‍ കുടിവെള്ളം എത്തിച്ചു വിതരണം ചെയ്യേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
ഇതിനായി പഞ്ചായത്ത് ഓരോ വര്‍ഷവും ഖജനാവില്‍ നിന്നും വന്‍ തുകയാണ് ചെലവഴിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."