പീലിങ് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്ന്
തുറവൂര്‍: പീലിങ് തൊഴിലാളികള്‍ക്ക് കൂലി വര്‍ധനവും ഓണം ബോണസും വര്‍ധിപ്പിച്ച് നല്‍കണമെന്നാവശ്യം ശക്തമായി ഉയര്‍ന്നു വന്നിരിക്കുന്നു. ചേര്‍ത്തല താലൂക്കില്‍ തകര്‍ന്നടിഞ്ഞ കയര്‍ കാര്‍ഷിക മേഖലകള്‍ക്കിടയില്‍ ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത് സമുദ്രോല്‍പ്പന്ന മേഖലയാണ്. ഇതും മറ്റു സംസ്ഥാനങ്ങളിലേക്ക് ചേക്കേറി കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് പീലിങ് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്ന ആവശ്യം ശക്തമായിക്കൊണ്ടിരിക്കുന്നത്.
തണുത്ത അന്തരീക്ഷത്തില്‍ പരിമിതമായ സാഹചര്യങ്ങളില്‍ സ്ത്രീകളാണ് പീലിംഗ് ഷെഡുകളില്‍ ജോലി ചെയ്യുന്നത്. വിദേശത്തേക്ക് അയയ്ക്കുന്ന ചെമ്മീന്‍ ഇവരാണ് തയ്യാറാക്കുന്നത്. ഇവരുടെ ജീവിത പ്രാരാബ്്ധങ്ങള്‍ക്ക് പരിഹാരം കാണണമെന്നാണ് സ്ത്രീ തൊഴിലാളികളുടെ ആവശ്യം.
ഈ തൊഴില്‍ ചെയ്തുവരുന്ന ധാരാളം പേരാണ് നിത്യരോഗികളായി മാറിയിരിക്കുന്നത്. രാജ്യത്തിന് ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടിത്തരുന്ന വ്യവസായമാണ് മത്സ്യസംസ്‌ക്കരണ മേഖല. ചെമ്മീന്‍ പീലിങ് മേഖലയില്‍ 25000 തൊഴിലാളികളാണ് ചേര്‍ത്തല താലൂക്കില്‍ ജോലി ചെയ്യുന്നത്.
തൊഴിലാളികളെ ചൂഷണത്തിന് ഇരയാക്കുന്ന ഒന്നാണ് ടോക്കണ്‍ സമ്പ്രദായം. ഒരു ബെയ്‌സണ്‍ (പാത്രം) ചെമ്മീന്‍ തോട് പൊളിച്ച് നല്‍കുന്നതിന് ഒരു ടോക്കണ്‍ എന്ന നിലയ്ക്കാണ് തൊഴിലാളികള്‍ക്ക് കൂലി നല്‍കി വരുന്നത്. ബെയ്‌സനില്‍ മൂന്ന് കിലോ ചെമ്മീന്‍വരെയുണ്ടാകും. തോട് പൊളിച്ചുമാറ്റുന്ന ചെമ്മീന് (മീറ്റ് ) വലുപ്പമനുസരിച്ച് (കൗണ്ട് ) 400 മുതല്‍ 1,000 രൂപ വരെയാണ് മാര്‍ക്കറ്റില്‍ വില.
ഒരു ടോക്കണ്‍ ചെമ്മീന്‍ പൊളിക്കുന്നതിന് കൂലി 25 രൂപയാക്കണം, ഡ്രസ് അലവന്‍സ് നല്‍കണം, ബോണസ് ഇനത്തില്‍ പീലിങ് ഷെഡ് നടത്തിപ്പുകാരുടെ വിഹിതം ഉറപ്പാക്കണം, ഇ.എസ്.ഐ.ആനുകൂല്യം ലഭ്യമാക്കണം, പി.എഫ് ആനുകൂല്യം നടപ്പാക്കണം, ഒരു ടോക്കണ്‍ എന്നത് ഒരു കിലോഗ്രാമായി നിജപ്പെടുത്തണം.
തൊഴില്‍ സ്ഥലങ്ങളിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണം, റേഷന്‍കാര്‍ഡ് ബി.പി.എല്‍ ലിസ്റ്റിലാക്കണം എന്നീ ആവശ്യങ്ങളാണ് തൊഴിലാളികള്‍ അധികൃതരുടെ മുമ്പാകെ ഉന്നയിച്ചിരിക്കുന്നത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നാണ് പീലിങ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."