ഇടുക്കി മെഡിക്കല്‍ കോളജ് വീണ്ടും പ്രതീക്ഷയുടെ ചിറകുമുളയ്ക്കുന്നു
തൊടുപുഴ: മെഡിക്കല്‍ കോളജ് ഇടുക്കിയ്ക്ക് നഷ്ടമാകുമെന്ന അവസ്ഥ നിലനില്‍ക്കെ വീണ്ടും പ്രതീക്ഷയുടെ ചിറക് മുളയ്ക്കുന്നു. മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് നിര്‍മാണം ആരംഭിക്കാന്‍ തീരുമാനമായി. അക്കാദമിക് ബ്ലോക്ക് നിര്‍മാണ ഉദ്ഘാടനം 17ന് രണ്ടുമണിക്ക് മെഡിക്കല്‍ കോളജ് ക്യാംപസില്‍ ചേരുന്ന പൊതു സമ്മേളനത്തില്‍ അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി നിര്‍വഹിക്കും. റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
എം.എം മണി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എമാരായ പി.ജെ ജോസഫ്, ഇ.എസ് ബിജിമോള്‍, എസ് രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ: എം റംലാ ബീവി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പ്രിന്‍സിപ്പല്‍ ഡോ പി.പി. മോഹനന്‍ പങ്കെടുക്കും.
മൂന്ന് നിലകളിലായി 43,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ വിപുലമായ സൗകര്യത്തോടുകൂടിയ അക്കാദമിക് വിഭാഗമാണ് നിര്‍മിക്കുന്നത്. പത്തുമാസം കൊണ്ട് അക്കാദമിക് ബ്ലാക്കിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. 10.5 കോടിരൂപ ചിലവിലാണ് കെട്ടിട നിര്‍മ്മാണം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. സെപ്തംബര്‍ പകുതിയോടെ മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണവും ആരംഭിക്കും.
ഇതിന്റെ ഡിസൈനില്‍ ഉണ്ടായിരുന്ന കുറവുകള്‍ പരിഹരിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക സര്‍വ്വകലാശാലയുടെ അനുമതി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ലഭിക്കും. യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി അടിസ്ഥാന സൗകര്യങ്ങളൊരുക്കി അടുത്ത അധ്യയനവര്‍ഷം മുതല്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
നിര്‍മാണം ആരംഭിക്കുന്ന അക്കാദമിക് ബ്ലോക്കിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ പതോളജിവിഭാഗം ആണ് പ്രവര്‍ത്തിക്കുന്നത്. പ്രിന്‍സിപ്പലിന്റെയും വിവിധ വകുപ്പ്തലവന്മാരുടേയും ഓഫീസുകള്‍, പ്രൊഫസര്‍മാരുടെ ഓഫീസുകള്‍, സെന്‍ട്രലൈസ്ഡ്‌ലാബ്, മ്യൂസിയം, ഡെമോറൂം, വിവിധവിഷയങ്ങള്‍ വേര്‍തിരിച്ചുള്ള ലൈബ്രറി എന്നിവ ഉണ്ടാകും.
ഒന്നാം നിലയില്‍ മൈക്രോ ബയോളജി വിഭാഗത്തിനാണ് നീക്കിവച്ചിരിക്കുന്നത്. ഇവിടെയും മ്യൂസിയം, ലാബ്, ഡെമോറൂം, ലക്ച്ചര്‍ഹാള്‍, സെമിനാര്‍ഹാള്‍, പ്രഫസേഴ്‌സ്‌റൂം, ലൈബ്രറി തുടങ്ങിയവ പ്രവര്‍ത്തിക്കും. ഫോറന്‍സിക് ആന്‍ഡ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ സൗകര്യങ്ങളാണ് രണ്ടാമത്തെ നിലയില്‍ തയ്യാറാക്കുക.
അക്കാദമിക് ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടുകൂടി ഇന്ത്യന്‍മെഡിക്കല്‍ കൗണ്‍സില്‍ആവശ്യപ്പെട്ട 37 ഇനങ്ങളിലുള്ള അടിസ്ഥാനസൗകര്യങ്ങളില്‍ പകുതിയിലധികവും പരിഹരിക്കാന്‍കഴിയും. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഐ.എം.സിയുടെ മുഴുവന്‍ മാനദണ്ഡങ്ങളും പാലിച്ച് അംഗീകാരം പുനഃസ്ഥാപിച്ച് ഇടുക്കിമെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാരിന്റെ നീക്കം .
കഴിഞ്ഞ 11 മാസക്കാലമായി ടെന്‍ഡര്‍ അംഗീകരിക്കാതെ മരവിപ്പിച്ച നടപടി സര്‍ക്കാര്‍ പുനഃപരിശോധിക്കുകയും ടെന്‍ഡര്‍ അംഗീകരിച്ച് ഉത്തരവിറക്കുകയും ചെയ്തതോടെയാണ് അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണം ഇപ്പോള്‍ ആരംഭിക്കാന്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."