ജപ്തി നടപടിയുടെ പേരില്‍ വൃദ്ധദമ്പതികളെ വീട്ടില്‍ നിന്ന് വലിച്ചിറക്കി
കൊച്ചി: 1000 ചതുരശ്രയടിയില്‍ താഴെ കിടപ്പാടമുള്ളവരുടെ വീടും ഭൂമിയും ജപ്തി ചെയ്യില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഒന്നര ലക്ഷം രൂപ വായ്പാ കുടിശികയുടെ പേരില്‍ വീട് ജപ്തി ചെയ്ത് വൃദ്ധ ദമ്പതികളെ വഴിയാധാരമാക്കി. ജനരോഷം ശക്തമായതോടെ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും പ്രശ്‌നത്തില്‍ ഇടപെട്ടു. മനുഷ്യാവകാശ കമ്മിഷനും രംഗത്തെത്തി. തൃപ്പൂണിത്തുറ പേട്ട ജവഹര്‍ റോഡിലെ കോരങ്ങത്ത് വീട്ടില്‍ രാമന്‍ (75), വിലാസിനി (70) എന്നിവരുടെ കിടപ്പാടമാണ് സി.പി.എം ഭരണത്തിലുള്ള തൃപ്പൂണിത്തുറ ഹൗസിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ജപ്തി ചെയ്തത്. രോഗികളായ ദമ്പതികളെ ബലമായി വീടിന് പുറത്താക്കിയായിരുന്നു ജപ്തി നടപടി.
ഹൗസിങ് സൊസൈറ്റിയില്‍ നിന്ന് ഇവര്‍ ഏഴുവര്‍ഷം മുന്‍പ് ഒന്നര ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ആകെയുണ്ടായിരുന്ന രണ്ടുസെന്റ് സ്ഥലം ഈടുവച്ചായിരുന്നു വായ്പയെടുത്തത്. എന്നാല്‍, അസുഖബാധിതരായതിനെ തുടര്‍ന്ന് വായ്പാ തിരിച്ചടവ് മുടങ്ങി. വായ്പാ തുക പലിശയും കൂട്ടുപലിശയും സഹിതം രണ്ടേമുക്കാല്‍ ലക്ഷം രൂപയായതോടെയാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്. ഈട് നല്‍ടിയ രണ്ടുസെന്റ് പുരയിടവും അതിലെ വീടും ജപ്തി ചെയ്ത സഹകരണ ബാങ്ക് ഇത് ലേലത്തിന് വെക്കുകയും ചെയ്തു.
വസ്തു ലേലത്തില്‍ പിടിച്ചയാള്‍ മരട് പൊലിസിന്റെ സഹായത്തോടെ വൃദ്ധ ദമ്പതികളെയടക്കം വലിച്ചിഴച്ച് പുറത്താക്കുകയായിരുന്നു. ദമ്പതികളെ കൂടാതെ അസുഖബാധിതനായ മകന്‍ ദിനേശ്, ഭാര്യ മായ, മക്കളായ മാനസി, നന്മ എന്നിവരും ഈ വീട്ടിലായിരുന്നു താമസം. സ്‌കൂള്‍ വിദ്യാര്‍ഥികളായ പേരക്കുട്ടികള്‍ക്ക് യൂനിഫോം മാറാന്‍പോലും അവസരം നല്‍കാതെയാണത്രെ പുറത്താക്കിയത്. ജപ്തിയെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ദമ്പതികളെ തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ നിയമസഭാ പ്രഖ്യാപനത്തിന് പിന്നാലെ നടന്ന നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയായിരുന്നു. ജനരോഷം ശക്തമായതോടെ ദമ്പതികള്‍ക്ക് ഈ വീട്ടില്‍തന്നെ തല്‍ക്കാലം താമസമൊരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. പ്രശ്‌നം പഠിച്ച് പരിഹാര നടപടിയെടുക്കാനും ഇവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കാനും ജില്ലാ ഭരണകൂടത്തോടും നിര്‍ദേശം നല്‍കി. പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. അതിനിടെ, പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകര്‍ സഹകരണ ബാങ്ക് ഭരണ സമിതിയുടെ നടപടിക്കെതിരേ രംഗത്തിറങ്ങി. ജപ്തിചെയ്ത വീടിന്റെ പൂട്ട് ഇവര്‍ തകര്‍ക്കുകയും ചെയ്തു. വൃദ്ധയെും വിദ്യാര്‍ഥികളെയുമടക്കം നിര്‍ദയം പുറത്താക്കിയുള്ള ജപ്തി വളരെ ക്രൂരമാണെന്ന് മനുഷ്യവകാശ കമ്മിഷനും പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ദമ്പതികളെ രാത്രിയോടെ വീട്ടിലെത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."