അംഗീകാരമില്ലാത്ത 3570 സ്‌കൂളുകള്‍ക്ക് സര്‍ക്കാരിന്റെ ലാസ്റ്റ് ബെല്‍
കോഴിക്കോട്: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കെതിരേ വിദ്യാഭ്യാസ വകുപ്പ് നടപടി ശക്തമാക്കി. ഈ മാസം തന്നെ സ്ഥാപനങ്ങള്‍ പൂട്ടണമെന്ന ഉത്തരവ് പല സ്ഥാപനമേധാവികള്‍ക്കും ലഭിച്ചു.
കോഴിക്കോട്, കാസര്‍കോട്, കോട്ടയം, തൃശൂര്‍ ജില്ലകളിലെ മിക്ക സ്ഥാപനങ്ങള്‍ക്കും അടച്ചുപൂട്ടാനുള്ള ഉത്തരവു വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ലഭിച്ചിട്ടുണ്ട്. പ്രധാന അധ്യാപകര്‍ക്കും മാനേജര്‍മാര്‍ക്കുമാണ് ഉത്തരവ് ലഭിക്കുന്നത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സി.ബി.എസ്.സി, ഐ.സി.എസ്.സി സിലബസില്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ എന്‍.ഒ.സി. ആവശ്യമാണന്ന നിയമം മുന്‍നിര്‍ത്തിയാണ് ഈ നടപടി. സംസ്ഥാനത്ത് നാലര ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്നതെന്നാണ് അനൗദ്യോഗിക കണക്ക്. 17850 അധ്യാപകരും ഈ മേഖലയില്‍ ജോലി ചെയ്യുന്നു. ഇവയില്‍ മിക്ക സ്ഥാപനങ്ങളും വര്‍ഷങ്ങളോളമായി പ്രവര്‍ത്തിച്ചുവരുന്നവയുമാണ്. അംഗീകാരമുള്ള സ്ഥാപനങ്ങളൂടെ കൂടെയാണ് ചിലത് പ്രവര്‍ത്തിക്കുന്നത്. നല്ല നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങളാണ് ഇതില്‍ പലതും.
വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കി പഠനം ആരംഭിച്ചയുടനെ അടച്ചുപൂട്ടാന്‍ഉത്തരവിട്ടത് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഒരുപോലെ പ്രയാസപ്പെടുത്തുന്നു. കാലയളവ് പോലും പറയാതെ എത്രയും വേഗം അടച്ചുപൂട്ടണമെന്നാണ് ഉത്തരവിലുള്ളത്. വിദ്യാര്‍ഥികളെ മറ്റു സ്ഥാപനങ്ങളിലേക്കു മാറ്റാനോ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നേടിയെടുക്കാനോ ഉള്ള കാലതാമസം പോലും നല്‍കാതെയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ 60 സ്ഥാപനങ്ങള്‍ക്ക് ഇതിനകം ഉത്തരവ് ലഭിച്ചുകഴിഞ്ഞു.
ഇതില്‍ 40 സ്ഥാപനങ്ങള്‍ സ്റ്റേ വാങ്ങിയിട്ടുണ്ട്. ഇവയില്‍ പല സ്ഥാപനങ്ങളും മികച്ച അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക നിലവാരമുള്ളവയുമാണ്. ഈ സ്ഥാപനങ്ങള്‍ സര്‍ക്കാറില്‍ അംഗീകാരത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നവയുമാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നില്ല. ഇതു കാരണമാണ് പലതിനും മികച്ച സ്ഥാപനങ്ങളായിട്ടുപോലും അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കേണ്ടിവരുന്നത്.
സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവിനെതിരേ പ്രക്ഷോഭം നടത്താനുള്ള ഒരുക്കത്തിലാണ് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി. വര്‍ഷങ്ങളായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മുഴുവന്‍ മാനദണ്ഡങ്ങളും പാലിച്ച് നടത്തുന്ന സ്ഥാപനങ്ങള്‍ അടച്ച് പൂട്ടണമെന്ന് സര്‍ക്കാര്‍ പെട്ടെന്ന് നിര്‍ദേശം നല്‍കിയത് അംഗീകരിക്കാനാവില്ലെന്നും മലയോര കുടിയേറ്റ മേഖലയില്‍ കിലോമീറ്ററുകള്‍ താണ്ടി കുട്ടികള്‍ സ്‌കൂളില്‍ പോവേണ്ട സാഹചര്യങ്ങളിലാണ് പല സ്ഥാപനങ്ങളും ആരംഭിച്ചതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
നല്ല നിലവാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്നും മറ്റു സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി അംഗീകാരം വാങ്ങാന്‍ സമയം നല്‍കണമെന്നും സമിതി ആവശ്യമുന്നയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."