സംസ്ഥാനത്തെ മികച്ച യുവ കര്‍ഷകക്കുള്ള അവാര്‍ഡ് മലകയറി എത്തി
തൊടുപുഴ: ഇത്തവണ സംസ്ഥാനത്തെ മികച്ച യുവ കര്‍ഷകക്കുള്ള അവാര്‍ഡ് മലകയറി എത്തി. ഇടുക്കി വലിയതോവാള ഉള്ളാട്ട് മാത്യൂവിന്റെ ഭാര്യ മഞ്ചു (35)വിനാണ് അവാര്‍ഡ് ലഭിച്ചത്. കടുത്ത ജലക്ഷാമം നേരിടുന്ന അഞ്ചു മുക്കില്‍ കുടുംബ സ്വത്തായി ലഭിച്ച മൂന്നേക്കര്‍ സ്ഥലത്തും പാട്ടത്തിനെടുത്ത രണ്ടര ഏക്കര്‍ സ്ഥലത്തും എല്ലുമുറിയെ പണിയെടുത്താണ് മഞ്ചു തന്റെ മണ്ണില്‍ കനകം വിളയിച്ചത്. കുരുമുളക്, വാഴ, ചേന, മരച്ചീനി, തുടങ്ങിയ കാര്‍ഷിക വിളകളോടൊപ്പം മഴമറ നിര്‍മ്മിച്ച് അതില്‍ പയര്‍, പാവല്‍, പച്ചമുളക്, കോളിഫ്ളവര്‍, ബ്രോക്കോളി, മാലിമുളക്, ബജി മുളക്, ക്യാപ്സിക്കം, വഴുതന, കോവല്‍, കത്രിക്ക, പടവലം, തുടങ്ങിയ പച്ചക്കറി കൃഷികളും ഈ തൊടിയില്‍ സുലഭം. പശു, ആട്, കോഴി എന്നീ വളര്‍ത്തു മൃഗങ്ങളും രണ്ട് പടുതാ കുളങ്ങളിലായി രോഹു, ഗൗരാമി, ഗോള്‍ഡ് ഫിഷ്, സിലോപിയ തുടങ്ങിയ മത്സ്യങ്ങളുടെ കൃഷിയും മഞ്ചു നടത്തുന്നു.
പച്ചക്കറി വിളകള്‍ കച്ചവടക്കാര്‍ കൃഷി സ്ഥലത്ത് നിന്ന് നേരിട്ട് വാങ്ങിക്കൊണ്ടുപോകും. അതുകൊണ്ട് വില്പനക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല.
അവാര്‍ഡ് ലഭിച്ച വിവരം കൃഷിവകുപ്പില്‍ നിന്നാണ് അറിഞ്ഞതെന്ന് മഞ്ചു പറഞ്ഞു. മുന്‍പ് കുടിവെള്ളംപോലും കിട്ടാതിരുന്ന ഈ പ്രദേശത്ത് കുഴല്‍ കിണറും പടുതാ കുളവും നിര്‍മ്മിച്ചാണ് കൃഷിക്ക് ജലസേചന സ്വകര്യം ഒരുക്കിയിരിക്കുന്നത്. കൃഷി വകുപ്പിന്റെ ആല്മ അവാര്‍ഡ് മുന്‍പ് ഇവരെ തേടിയെത്തിയിട്ടുണ്ട്.
ജീവാമൃതം, പഞ്ചഗവ്യം തുടങ്ങിയ ജൈവ വളങ്ങള്‍ സ്വന്തമായി ഉത്പാദിപ്പിച്ച് കൃഷിക്ക് ഉപയോഗിക്കുന്നത് കൂടാതെ ആവശ്യക്കാര്‍ക്ക് വില്‍ക്കാറുമുണ്ട്. ഭര്‍ത്താവ് മാത്യുവും മക്കളായ അഞ്ചിത്, അഞ്ചു, ആല്ബിന് എന്നിവരും കൃഷിയില്‍ മഞ്ചുവിനെ സഹായിക്കുന്നുണ്ട്. ഇവരുടെ പിന്തുണയും പ്രോത്സാഹനവുമാണ് തന്റെ ബലമെന്ന് മഞ്ജു സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."