എം.എല്‍.എ വാക്കു പാലിച്ചു; ശ്രീക്കുട്ടിക്ക് ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം
ആലുവ: എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ ശ്രീക്കുട്ടിക്ക് വീടൊരുക്കി അന്‍വര്‍ സാദത്ത്. എം.എല്‍.എ യുടെ അക്ഷരതീരം സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച ടാലന്റ് മീറ്റില്‍ അവാര്‍ഡ് ഏറ്റുവാങ്ങിയ എസ്.എന്‍.ഡി.പി സ്‌കൂളിലെ ശ്രീക്കുട്ടിക്കും അമ്മയായ സജിനിക്കും സ്വന്തമായി ഒരു സുരക്ഷിത ഭവനം നല്‍കും എന്ന് എം.എല്‍.എ വാക്ക് നല്‍കിയിരുന്നു. നല്‍കിയ വാഗ്ദാനം പാലിച്ചു കൊണ്ട് അമ്മക്കിളിക്കൂട് പദ്ധതിയിലെ പന്ത്രണ്ടാമത്തെ ഭവനം ഇവര്‍ക്ക് നല്‍കും.
ഈ ഭവനത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം നെടുമ്പാശ്ശേരി പഞ്ചായത്ത് പതിനാലാം വാര്‍ഡ് തുരുത്തിശ്ശേരിയില്‍ ഇന്ന് രാവിലെ 9 മണിക്ക് ഭവനം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന കറുകുറ്റി അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററിന്റെ എം.ഡി ശ്രീ.സുധീഷ് നിര്‍വഹിക്കും. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ്് ശ്രീമതി മിനി എല്‍ദോ, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ എന്നിവരും പങ്കെടുക്കും. കൂടാതെ അമ്മക്കിളിക്കൂട് പദ്ധതിയിലെ പതിമൂന്നാമത്തെ വീടിന്റെ തറക്കല്ലിടല്‍ കര്‍മം എടത്തല പഞ്ചായത്ത് പതിനേഴാം വാര്‍ഡ് ഓണോടിമൂലയില്‍ നാളെ രാവിലെ 8.30ന് ഈ ഭവനത്തിന്റെ സ്‌പോണ്‍സര്‍ ഇടപ്പള്ളി അല്‍ഷിഫ ഹോസ്പിറ്റലിന്റെ എം.ഡി ഡോ. ഷാജഹാന്‍ നിര്‍വഹിക്കും.
അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഈ ഭവനം ആത്തിക്ക, പാത്തു എന്നീ വികലാംഗരായ അവിവാഹിതകളായ സഹോദരിമാര്‍ക്ക് വേണ്ടിയാണ് നിര്‍മിക്കുന്നത്. 510 ചതുരശ്ര അടിയിലാണ് ഈ രണ്ടു ഭവനങ്ങളും നിര്‍മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."