മയക്കുമരുന്ന് വില്‍പന; ഉപയോഗശൂന്യമായ വാഹനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കും
കൊച്ചി: മയക്കുമരുന്നിന്റെ വില്‍പന തടയാനായി പൊതുനിരത്തുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഉപയോഗശൂന്യമായ വാഹനങ്ങളെ കേന്ദ്രീകരിച്ചുള്ള പരിശോധന കര്‍ശനമാക്കും.
അനധികൃത മയക്കുമരുന്ന് വില്‍പനയും വിപണനവും തടയുന്നതിനായി കൊച്ചി നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കോര്‍പറേഷന്റെ ജനകീയകമ്മിറ്റി യോഗത്തിലാണ് തീരുമാനം. പൊതുനിരത്തുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഉപയോഗശൂന്യമായ വാഹനങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന സജീവമാണെന്ന നഗരസഭാ കൗണ്‍സിലര്‍മാരുടെ അഭിപ്രായത്തെ തുടര്‍ന്നാണിത്.
പ്രത്യക്ഷത്തില്‍ കണ്ടെത്താത്ത വിധം രഹസ്യമായാണ് മയക്കുമരുന്നിന്റെ വിപണനവും വിതരണവും പുതിയ തലമുറ കൈകാര്യം ചെയ്യുന്നത്. അതിനാല്‍ ജനകീയ പങ്കാളിത്തത്തോടു കൂടി മാത്രമേ മയക്കുമരുന്നിന്റെ ഉപയോഗം തടയാനാവൂ എന്ന് യോഗത്തില്‍ അധ്യക്ഷനായ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ.ബി സാബു പറഞ്ഞു.
മദ്യത്തിനും മയക്കുമരുന്നിനുമെതിരേ വ്യാപകമായ പരിപാടികള്‍ വിമുക്തി പദ്ധതിയുടെ കീഴില്‍ കൂടുതല്‍ കാര്യക്ഷമമായി ആസൂത്രണം ചെയ്യാനും യോഗം തീരുമാനിച്ചു. നഗരസഭാ പരിധിയില്‍ മാര്‍ച്ച് മാസം മുതല്‍ 118 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എറണാകുളം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ ബെന്നി ഫ്രാന്‍സിസ് യോഗത്തില്‍ അറിയിച്ചു.
കോര്‍പറേഷന്‍ സെക്രട്ടറി എ.എസ് അനുജ, ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. വി.കെ മിനിമോള്‍, നഗരാസൂത്രണ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യു, കൗണ്‍സിലര്‍മാരായ വി.പി ചന്ദ്രന്‍, സീനത്ത് റഷീദ്, ഷീബ ലാല്‍, ജിമിനി, ജോണ്‍സണ്‍ മാഷ്, കെ.ജെ ബേസില്‍, ജയന്തി പ്രേമനാഥ്, ബിന്ദു ലെവിന്‍, സുനിത അഷ്‌റഫ്, ഗീത പ്രഭാകരന്‍, പി.ഡി മാര്‍ട്ടിന്‍, ടി.കെ ഷംസുദ്ധീന്‍, കെ.കെ കുഞ്ഞച്ചന്‍, കെ.ആര്‍ പ്രേംകുമാര്‍ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.എ ജിറാര്‍, സി.ജി രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."