മകന്‍ വീട്ടില്‍ നിന്നിറക്കി വിട്ടു; സംരക്ഷണം തേടി അമ്മ വനിതാ കമ്മിഷനില്‍
ആലപ്പുഴ: വീട്ടില്‍നിന്നിറക്കി വിട്ട വിമുക്തഭടനായ മകന്റെ സംരക്ഷണം തേടി അമ്മ വനിതാ കമ്മിഷന്‍ അദാലത്തിലെത്തി. ഭര്‍ത്താവ് മരിച്ച് 40 ദിവസം കഴിയുന്നതിനകം മകന്‍ തന്നെ വീട്ടില്‍ നിന്നിറക്കി വിട്ടതായാണ് അമ്മയുടെ പരാതി. വീടും പുരയിടവും പരാതിക്കാരിയുടെ പേരിലാണ്. അമ്മയുടെ പേരിലുള്ള വീട്ടില്‍ താമസിക്കാന്‍ അനുവദിക്കാത്ത മകനെതിരെ നടപടി സ്വീകരിക്കാന്‍ വനിതാ കമ്മിഷന്‍ അംഗം അഡ്വ. എം.എസ്. താര പോലീസിന് നിര്‍ദ്ദേശം നല്‍കി.
വിരമിക്കല്‍ ആനുകൂല്യം നല്‍കാതെ അകാരണമായി പിരിച്ചുവിട്ടെന്ന സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപികയുടെ പരാതി സംബന്ധിച്ച് സ്‌കൂള്‍ അധികൃതരെ അദാലത്തില്‍ വിളിച്ചുവരുത്തി കമ്മീഷന്‍ വിശദീകരണം തേടി. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അടിയന്തരമായി ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ കമ്മീഷന് ഉറപ്പു നല്‍കി. കുടുംബക്ഷേത്രത്തില്‍ ആരാധനക്കെത്തുന്നത് ബന്ധുക്കളായ ചിലര്‍ തടയുന്നതായും കളിയാക്കുന്നതായുമുള്ള മാരാരിക്കുളം സ്വദേശിനിയുടെ പരാതിയില്‍ എതിര്‍കക്ഷികളെ അദാലത്തില്‍ വിളിപ്പിച്ച് കമ്മീഷന്‍ താക്കീത് ചെയ്തു.
ഭാര്യയില്‍ നിന്നകന്ന് കഴിയുന്ന ഭര്‍ത്താവ് കൂട്ടുകാരെക്കൊണ്ട് അസമയത്ത് ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്നതായുള്ള പരാതിയില്‍ ഫോണ്‍ നമ്പര്‍ ഉടമകളെ കണ്ടുപിടിക്കാന്‍ സൈബര്‍ സെല്‍ ഡിവൈ.എസ്.പി.യെ ചുമതലപ്പെടുത്തി. മകനെ അന്യായമായി കേസില്‍ കുടുക്കുന്നതായി കൂട്ടുകാരന്റെ അമ്മ നല്‍കിയ പരാതിയും കമ്മീഷന്‍ സ്വീകരിച്ചു. അയല്‍ക്കാര്‍ തമ്മില്‍ പറഞ്ഞു തീര്‍ക്കാവുന്ന നിസാര പ്രശ്‌നങ്ങള്‍പോലും അദാലത്തിലെത്തുന്നതായി കമ്മീഷന്‍ നിരീക്ഷിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ വനിതാ കമ്മിഷന്‍ ഡയറക്ടര്‍ പി.യു.
കുര്യാക്കോസ്, അഭിഭാഷകര്‍, വനിതാ പോലീസ്് ഉദ്യോഗസ്ഥര്‍, കൗണ്‍സിലിംഗ് വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു. ആകെ പരിഗണിച്ച 70 പരാതികളില്‍ 30 എണ്ണം പരിഹരിച്ചു. 23 പരാതികളില്‍ കക്ഷികള്‍ ഹാജരായില്ല. 12 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. അഞ്ചു പരാതികള്‍ അന്വേഷണത്തിനായി പോലീസിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."