അത്താണി ഗ്രാമലയില്‍ ടാങ്കര്‍ ലോറി വീട്ടിലേക്ക് പാഞ്ഞുകയറി യുവതിക്കും മക്കള്‍ക്കും പരുക്ക്
വടക്കാഞ്ചേരി : അത്താണി ഗ്രാമലയില്‍ വെളപ്പായ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഓടി കയറി. വീടിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. വീടിനുള്ളില്‍ ഗാഢനിദ്രയിലായിരുന്ന യുവതിയ്ക്കും പിഞ്ചു കുട്ടികള്‍ക്കും പരുക്കേറ്റു.
ഗ്രാമല കാളനി വീട്ടില്‍ ബിനീഷിന്റെ ഭാര്യ ദിവ്യ (36), മക്കളായ നന്ദന (7) , നിവേദ് (2) നാണ് പരുക്കേറ്റത്. തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവ്യയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കുട്ടികളുടെ പരുക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. വടക്കാഞ്ചേരി ഭാഗത്ത് നിന്ന് തൃശൂരിലേക്ക് മണ്ണെണ്ണയുമായി പോവുകയായിരുന്ന ചോലക്കല്‍ ബ്രദേഴ്സിന്റെ ടാങ്കര്‍ ലോറിയാണ് അപകടം വിതച്ചത്.
അപകടം നടക്കുമ്പോള്‍ അത്താണി സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ഫോര്‍ജിങ് ലിമിറ്റഡിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന ബിനീഷ് ജോലി സ്ഥലത്തായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വീടിന്റെ മുന്‍വശം പൂര്‍ണ്ണമായും ദിവ്യയും കുട്ടികളും കിടന്നിരുന്ന കട്ടിലിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു.
ഓടി കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടന്നിരുന്ന ദിവ്യയേയും മക്കളേയും പുറത്തെടുത്തത്. അഗ്നിശമന സേനയും പൊലിസും സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."