മരണം പതിയിരിക്കുന്ന ചൂണ്ടല്‍ കേച്ചേരി സംസ്ഥാനപാത
കുന്നംകുളം: ചൂണ്ടല്‍ കേച്ചേരി സംസ്ഥാനപാതയില്‍ മരണങ്ങള്‍ പതിയിരിക്കുന്നു. റോഡിന്റെ അറ്റകുറ്റ പണികള്‍ ഏറ്റെടുക്കുന്ന കരാറുകാരുടെ അനാസ്ഥയും പ്രവര്‍ത്തി പരിശോധിക്കുന്ന ഉദ്യോഗസ്ഥരുടെ പണക്കൊതിയുമാണ് അപകടങ്ങളുടെ പ്രധാന കാരണമെന്നിരിക്കെ ഇതിനെതിരെ രംഗത്തിറങ്ങാന്‍ ഇതുവരെ ആരും തയ്യാറാകുന്നില്ല. വലിയ ദുരന്തങ്ങള്‍ക്ക് ശേഷം കണ്ണീരോടെ എത്തുന്ന ഉദ്യോഗസ്ഥ സംഘം പരിശോധന ചടങ്ങുകള്‍ നടത്തി നീണ്ട പേജില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുക എന്നതിനപ്പുറത്ത് പ്രത്യേകിച്ചൊന്നും ഇതുവരെ നടന്നില്ല. ഈ വര്‍ഷം കേച്ചേരി ചൂണ്ടല്‍ റോഡില്‍ മൂന്ന് പേരുടെ ജീവന്‍ നഷ്ടപെട്ടു.
അപകടത്തില്‍ സാരമായി പരിക്കേറ്റവര്‍ 50 ലേറെ. നിസ്സാര പരിക്കുകളും ഭാഗ്യം കൊണ്ട് രക്ഷപെടുന്നവരും അതിലേറെ. അപകടങ്ങള്‍ക്ക് കാരണമെന്ത് എന്ന് ആരും കാര്യമായി പരിശോധിക്കുന്നില്ല. അപകടങ്ങളില്‍ പെടുന്നതാകട്ടെ കൂടുതലും ഇരുചക്രവാഹനങ്ങളും. വ്യാഴാഴ്ച രാവിലെ വിമാനതാവളത്തിലേക്ക് പോവുകയായിരുന്ന കാര്‍ റോഡിലെ കുഴിയില്‍ ചാടി വയലിലേക്കിറങ്ങിയെങ്കിലും ആര്‍ക്കും കാര്യമായി പരിക്കേറ്റില്ല. ചൊവ്വാഴ്ച ഇതേ സ്ഥലത്ത് ഓമനി വാനും ബല്ലും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ദിവസവും മൂന്ന് മുതല്‍ അഞ്ച് വരേയുള്ള അപകടങ്ങള്‍ ഇവിടെ സാധാരണമാണ്. മരണമോ കൂടുതല്‍ പേര്‍ക്ക് പരിക്കോ ഉണ്ടങ്കില്‍ മാത്രമേ അത് പുറം ലോകം അറിയാറുള്ളൂ. ഓരോ അപകടവും മേഖലയില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതകുരുക്കും സൃഷ്ടിക്കുന്നു. റോഡിലെ കുഴിയടക്കാനും അറ്റകുറ്റപണികള്‍ക്കും പ്രതിവര്‍ഷം പണം ചിലവിടുന്നുണ്ടെങ്കിലും സാധാരണ ഭാഷയില്‍ പറഞ്ഞാല്‍ തുപ്പലം തൊട്ട് കല്ലൊട്ടിക്കുന്ന രീതിയിലാണ് നിര്‍മ്മാണം. റോഡില്‍ മെറ്റലിട്ട് അതിനു മുകളില്‍ കടലാസ്സൊട്ടിച്ചാണ് പ്രവര്‍ത്തി നടത്തുന്നത്. ഇത് പരിശോധിച്ച് ഫയലൊപ്പിടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രതിവര്‍ഷം ചൂണ്ടല്‍ കേച്ചേരി റോഡില്‍ നടക്കുന്ന അപകടങ്ങളിലും വില്ലന്‍ റോഡ് തന്നെയാണ്. വശങ്ങളില്‍ പുല്ല് പിടിച്ച് റോഡിലേക്കിറങ്ങി റോഡ് കാണാതാകുന്നതും റോഡിലെ ചതി കുഴികളുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. അപകടങ്ങളില്‍ മരിക്കുന്നവരേക്കാള്‍ ദുരന്തം അനുഭവിക്കുന്നത് പരിക്കേറ്റ ജീവിക്കുന്നവരാണ്. നിരന്തരം അപകടങ്ങള്‍ ഉണ്ടാവുകയും ഇതിന്റെ പേരില്‍ മണിക്കൂറുകളോളം ഗതാഗതകുരുക്കില്‍ പെടുന്ന ഉദ്യോഗസ്ഥരുണ്ടായിട്ടും ഇതിന് പരിഹാരമുണ്ടാക്കാനാകുന്നില്ലെന്നതാണ് സങ്കടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."