ചാരുമരം മുറിച്ച് മാറ്റിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് ശാരീരികാസ്വാസ്ഥ്യം; ഒരാള്‍ ആശുപത്രിയില്‍
കഴക്കൂട്ടം: കടപുഴകി റോഡില്‍ വീണ ചാരുമരം മുറിച്ച് മാറ്റിയ 3 ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് ശാരീരികാസ്വാസ്ഥ്വം. ശരീരം നീരു വന്ന് തടിച്ചതിനെ തുടര്‍ന്ന് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴക്കൂട്ടം ഫയര്‍ഫോഴ്‌സിലെ ഫയര്‍മാനായ ബി. സന്തോഷ് കുമാറിനെയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി മേനംകുളം പാടിക്കവിളാകം പിള്ളയമ്മച്ചന്‍ ക്ഷേത്രത്തിലെ കാവില്‍ നിന്ന ചാരുമരം കടപുഴകി റോഡിലേയ്ക്ക് വീണിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അവിടെ എത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മരത്തിന്റെ കുറച്ച് ഭാഗം മാറ്റി ഗതാഗത സൗകര്യം ഉണ്ടാക്കിയ ശേഷം ബാക്കി ഭാഗം ബുധനാഴ്ച രാവിലെ തന്നെ വെട്ടിമാറ്റിയിരുന്നു.
വൈകുന്നേരത്തോടു കൂടി ചെറിയ രീതിയില്‍ ശരീരം നീരു വന്ന് തടിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ മുഖത്തും ശരീരത്തിലും നീരും തടിപ്പു കൂടിയതിനാല്‍ സന്തോഷിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്തോഷിനോടൊപ്പമുണ്ടായിരുന്ന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ മധു, ഡ്രൈവര്‍ റജികുമാര്‍, ഷൈജു, ശ്യാംജി, ഹോംഗാര്‍ഡ് ബാലചന്ദ്രനാഥ് എന്നിവര്‍ക്കും ചെറിയ രീതിയില്‍ ശരിരത്തില്‍ തടിപ്പും നീരും ഉണ്ടായെങ്കിലും ഇവര്‍ പ്രാഥമിക ചികിത്സതേടി മടങ്ങിയെങ്കിലും അസ്വസ്ഥത തുടരുകയാണ്.
ചാരുമരം മുറിക്കുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന പൊടിയും കറയും ചില ആളുകളുടെ ശരീരത്തില്‍ ഉണ്ടാക്കുന്ന അലര്‍ജിയാണ് ഇതിനു കാരണമെന്ന് പറയപ്പെടുന്നു. ചാരുമരം കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുക ശ്വസിക്കുന്നതു പോലും ശരീരത്തിന് വളരെ ഹാനികരമാണെന്നും അന്വേഷണത്തില്‍ മനസ്സിലായതായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."